59 റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് കേസ്; 903 വില്ലേജുകളില്‍ റീ സര്‍വേ പൂര്‍ത്തിയായെന്നും മന്ത്രി
തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 59 റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത 12 റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
12 ഉദ്യോഗസ്ഥര്‍ക്കും ചാര്‍ജ് മെമ്മോയും നല്‍കി. ഇവര്‍ക്കെതിരേ അച്ചടക്ക നടപടി പുരോഗമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. റവന്യൂ ഓഫിസുകളെ ജനസൗഹൃദമാക്കി വേഗത്തിലും ആധുനിക രീതിയിലുമുള്ള അന്തരീക്ഷം ഉറപ്പാക്കാന്‍ സ്മാര്‍ട്ട് റവന്യൂ ഓഫിസ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
ഇതനുസരിച്ച് വില്ലേജ് ഓഫിസുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഏത് സമയത്തും എവിടെ വച്ചും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ആകെയുള്ള 1664 വില്ലേജുകളില്‍ 903 വില്ലേജുകളുടെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി റിക്കാഡുകള്‍ റവന്യൂ ഭരണത്തിന് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശേഷിക്കുന്ന വില്ലേജുകളുടെ റീസര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വകുപ്പിന്റെ മാനവ ശേഷി അപര്യാപ്തമായ സാഹചര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള ഏജന്‍സികള്‍ മുഖേന നിര്‍വഹിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്.
റവന്യൂ ഭരണത്തിന് കൈമാറിയ വില്ലേജുകളിലെ ഭൂമി സംബന്ധമായ പരാതികളിന്മേല്‍ നടപടി സ്വീകരിക്കേണ്ട ചുമതല തഹസില്‍ദാര്‍ക്കും വിസ്തീര്‍ണ വ്യത്യാസം അതിര്‍ത്തിമാറ്റം എന്നിവ പരിശോധിക്കാന്‍ സര്‍വേ സൂപ്രണ്ടുമാര്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ 63 ശതമാനം കൃഷി ഭവന്‍ പ്രദേശങ്ങളില്‍ നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങളുടെ ഡാറ്റാ ബാങ്ക് പ്രസിദ്ധപ്പെടുത്തി.
ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ണമാക്കാന്‍ സാധിക്കും. ഡാറ്റാ ബാങ്ക് സംബന്ധിച്ച് വന്ന പരാതികള്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."