യു.ഡി.എഫ് ബന്ധം: ആര്.എസ്.പി നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം
തിരുവനന്തപുരം: യു.ഡി.എഫിന്റെ ഭാഗമായി തുടരുന്നതു സംബന്ധിച്ച് ആര്.എസ്.പി യോഗത്തില്‍ പ്രമുഖ നേതാക്കള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം. ഇന്നലെ നടന്ന ആര്.എസ്.പി തിരുവനന്തപുരം ജില്ലാ നേതൃയോഗമാണ് ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡനും സംസ്ഥാന സെക്രട്ടറി എ.എ അസീസും തമ്മിലുള്ള തുറന്ന പോരിനു വേദിയായത്.
എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫിലേക്കുള്ള മാറ്റം ഇത്ര തിടുക്കത്തില്‍ വേണ്ടായിരുന്നെന്നാണ് തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നതെന്ന് യോഗത്തില്‍ പ്രസംഗിച്ച ചന്ദ്രചൂഡന് പറഞ്ഞു. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ലെന്ന് എല്ലാവരും ഓര്‍ക്കണം. പണ്ട് കോണ്‍ഗ്രസിന് കുറച്ചുകൂടി കെട്ടുറപ്പുണ്ടായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് കെ.പി.സി.സി പ്രസിഡന്റിന്റെ സംസാരം കേട്ടാല്‍ അദ്ദേഹം പ്രതിപക്ഷനേതാവാണെന്നു തോന്നുമായിരുന്നു. ആദര്ശശുദ്ധിയൊക്കെ നല്ലതാണ്. എന്നാല്‍ അത് അനവസരത്തില്‍ കാണിക്കുന്നത് ശരിയല്ല. ഈ മുന്നണിയില്‍ എത്രകാലം തുടരുമെന്നു പറയാനാവില്ല.
ഇടതുമുന്നണി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമാണ്. ഒരു മുന്നണിയും കൂട്ടുകെട്ടും സ്ഥിരമല്ല. അതു മാറിക്കൊണ്ടിരിക്കും. എന്നാല്‍ പാര്‍ട്ടി ഉടനെയൊന്നും മുന്നണി മാറില്ലെന്നും ചന്ദ്രചൂഡന് പറഞ്ഞു.
തുടര്‍ന്നു സംസാരിച്ച എ.എ അസീസ് ചന്ദ്രചൂഡന്റെ അഭിപ്രായങ്ങളെ രൂക്ഷമായ ഭാഷയിലാണ് എതിര്‍ത്തത്. എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കു മാറാനുള്ള തീരുമാനം തെറ്റായിരുന്നെന്നു പറയാനാവില്ലെന്ന് അസീസ് പറഞ്ഞു. അങ്ങനെ ആരും വിളിച്ചുകൂവേണ്ടതില്ല. എല്‍.ഡി.എഫ് ഭരണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നത്. തൊഴിലാളിവിരുദ്ധ സമീപനങ്ങളുടെ സൂചനകള്‍ തുടക്കത്തില്‍ തന്നെയുണ്ട്. മുന്നണി മാറാനുള്ള ആലോചന ഇപ്പോള്‍ പാര്‍ട്ടിയിലില്ല. അങ്ങനെ മാറുമെന്ന് ആരും ധരിക്കേണ്ടതില്ലെന്നും അസീസ് പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത മറ്റു നേതാക്കളുടെ സംസാരത്തിലും പ്രതിഫലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."