സബര്‍ബന്‍ ട്രെയിന്‍ പദ്ധതിക്ക് ചിറകുമുളയ്ക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള സബര്‍ബന്‍ ട്രെയിന്‍ പദ്ധതിക്കു ചിറകുമുളയ്ക്കുന്നു. സംസ്ഥാന വിഹിതമായ തുക കണ്ടെത്താന്‍ സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ സമീപിച്ചു. കാനറാബാങ്ക് പദ്ധതിയില്‍ പണം മുടക്കാന്‍ തയാറാണെന്നും സര്‍ക്കാരുമായി കൂടുതല്‍ കൂടിയാലോചനയ്ക്കു ശേഷം തീരുമാനിക്കുമെന്നും ബാങ്കേഴ്‌സ് കമ്മിറ്റിക്കു ശേഷം കാനറാബാങ്ക് പ്രതിനിധി പറഞ്ഞു. പദ്ധതിയുടെ 51 ശതമാനം ഷെയര്‍ സംസ്ഥാന സര്‍ക്കാരിനാണ്. ബാക്കിയുള്ളവ റെയില്‍വേക്കും. സര്‍ക്കാരിനു ചെലവാകുന്ന തുക കണ്ടെത്താനാണു ബാങ്കുകളെ സമീപിച്ചത്. കാനറാബാങ്കില്‍ നിന്നു ലഭിക്കുന്ന തുകയ്ക്കനുസരിച്ചായിരിക്കും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തുക. എട്ടിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടാകും.
കഴിഞ്ഞ റെയില്‍ ബജറ്റിലാണ് തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയത്. ആകെ 3063.97 കോടി രൂപയാണു നിര്‍മാണ ചെലവ് വരുന്നത്. ഗതാഗതവകുപ്പിനു കീഴില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം എന്ന കമ്പനിക്ക് രൂപംനല്‍കിയിട്ടുണ്ട്. തിരുവനനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125.56 കിലോമീറ്ററാണ് ദൂരം. പുതിയ പാതയോ കൂടുതല്‍ സ്ഥലം ഏറ്റെടുക്കലോ ഈ പദ്ധതിക്കു വേണ്ടിവരില്ല. നിലവിലുള്ള പാതയുടെ ശേഷി കൂട്ടുകയും സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണം.
പുതിയ സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഒരേ ദിശയില്‍ ഓടുന്ന തീവണ്ടികളുടെ അകലം ഒരു കിലോമീറ്ററായി ചുരുങ്ങും. ഇപ്പോള്‍ അത് 10 കിലോമീറ്ററാണ്. പുതിയ സിഗ്നലിങ്ങ് സിസ്റ്റം (ഓട്ടോമാറ്റിക് ബ്‌ളോക് സിഗ്നലിങ് വിത്ത് ട്രെയിന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് വാണിങ് സിസ്റ്റം) നടപ്പിലാക്കുന്നതോടെ ഒരു ദിശയില്‍ 150 തീവണ്ടികള്‍ വരെ ഓടിക്കാന്‍ കഴിയും. ഇപ്പോള്‍ അത് 70 സര്‍വിസുകളാണ്.
മുംബൈ റെയില്‍ വികാസ് കോര്‍പറേഷനാണ് പദ്ധതിക്ക് വിശദമായ പഠനറിപ്പോര്‍ട്ട് തയാറാക്കിയത്. തിരുവനന്തപുരത്തിനും ചെങ്ങന്നൂരിനും ഇടയ്ക്ക് 27 സ്‌റ്റേഷനുകളുണ്ടാകും. ഇവിടെത്തെ പ്ലാറ്റ്‌ഫോമിന്റെ ഉയരം ക്രമീകരിക്കണം. കൂടാതെ 67 പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കണം. രണ്ടു സ്‌റ്റേഷനുകള്‍ തമ്മിലുള്ള അകലം ശരാശരി 4.65 കിലോമീറ്ററാക്കും. അതായത് 5-10 മിനിട്ടിനിടയില്‍ ഒരു സബര്‍ബന്‍ ട്രെയിന്‍ ഓടിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."