സാര്‍ക് കൊവിഡ് ഫണ്ട്: പാകിസ്താന്റെ തണുപ്പന്‍ നിലപാടിനെ വിമര്‍ശിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിനായുള്ള സാര്‍ക് രാജ്യങ്ങളുടെ ഫണ്ടിലേക്ക് പാകിസ്താന്റെ വിഹിതം വൈകിയതിനെ വിമര്‍ശിച്ച് ഇന്ത്യ. കൊവിഡിനെതിരായ പോരാട്ടത്തെ സാര്‍ക് അംഗരാജ്യങ്ങള്‍ ഓരോന്നും എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്നറിയാന്‍ അവരുടെ പെരുമാറ്റം നോക്കിയാല്‍ മതിയെന്നാണ് ഇന്ത്യ പാകിസ്താനെ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശിച്ചത്. കൊവിഡ് അടിയന്തിര ഫണ്ടിലേക്ക് 30 ലക്ഷം യു.എസ് ഡോളര്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം പാകിസ്താന് അറിയിച്ചിരുന്നു. ബുധനാഴ്ച സാര്‍ക് രാജ്യങ്ങളിലെ വാണിജ്യ ഉദ്യോഗസ്ഥരുടെ വിഡിയോ കോണ്‍ഫറന്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയായതിനാല്‍ പാകിസ്താന് ബഹിഷ്കരിച്ചിരുന്നു. കൊവിഡിനെ നേരിടാനായി അംഗരാജ്യങ്ങള്‍ ഒരു അടിയന്തിര ഫണ്ട് സ്വരൂപിക്കേണ്ട ആവശ്യകത പ്രധാനമന്ത്രി മോദിയാണ് മാര്‍ച്ച് 15ന് മുന്നോട്ടുവച്ചത്. ഇന്ത്യ ഒരു കോടി ഡോളര്‍ ഇതിലേക്ക് ആദ്യമേ സംഭാവനയായി നല്‍കുകയും ചെയ്തു. നേപ്പാളും അഫ്ഗാനിസ്ഥാനും 10 ലക്ഷം ഡോളര്‍ വീതം, മാലദ്വീപ് രണ്ടു ലക്ഷം, ഭൂട്ടാന് ഒരു ലക്ഷം, ബംഗ്ലാദേശ് 15 ലക്ഷം, ശ്രീലങ്ക 50 ലക്ഷം യു.എസ് ഡോളര്‍ എന്നിങ്ങനെയാണ് ഫണ്ടിലേക്ക് തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. സാര്‍ക് രാജ്യങ്ങളെല്ലാം കൊവിഡിന്റെ പിടിയിലാണ്. ഇവിടെയും പാകിസ്താന് രാഷ്ട്രീയം കളിക്കുന്നതിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."