സ്വാശ്രയ എന്‍ജി. അധ്യാപകര്‍ക്കായ് മൊബൈല്‍ ട്രെയിനിങ് പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളിലെ അക്കാദമിക നിലവാരം താഴുന്നുവെന്ന വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്കായി മൊബൈല്‍ ട്രെയിനിങ്ങിനു പദ്ധതിയൊരുങ്ങുന്നു. സ്വാശ്രയ എന്‍ജിനിയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ എന്‍ജിനിയറിങ് അധ്യാപകര്‍ക്കും പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.
വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ വിദഗ്ധരെ ക്ലാസുകളെടുക്കാനായി എല്ലാ സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളിലുമെത്തിക്കും. ഇതിനായി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രത്യേക വാഹനസൗകര്യവും മറ്റു ചെലവുകളും ലഭ്യമാക്കും. അക്കാദമിക മികവ്, അധ്യയന രീതികള്‍, വിദ്യാര്‍ഥികളെ വിലയിരുത്തുന്ന രീതി എന്നിവ സംബന്ധിച്ചു വിശദമായ ക്ലാസുകള്‍ അധ്യാപകര്‍ക്കായി നടത്തും. മൊബൈല്‍ ട്രെയിനിങ്ങിനോടു സര്‍ക്കാരും കേരള സാങ്കേതിക സര്‍വകലാശാലയും അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കുമെന്നാണു മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രതീക്ഷ.
മൊബൈല്‍ ട്രെയിനിങ് എങ്ങനെ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാം എന്നതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം ടി.കെ.എം എന്‍ജിനിയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പി.ഒ.ജെ ലബ്ബ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടി രണ്ടു മാസത്തിനകം ട്രെയിനിങ് നടപടികള്‍ ആരംഭിക്കും.
അധ്യയനനിലവാരം ഉയര്‍ത്താനുള്ള സ്വാശ്രയ കോളജുകളുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുവാനാണു സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം. സ്വാശ്രയ കോളജുകളിലെ അധ്യാപകര്‍ക്കായി സാങ്കേതിക സര്‍വകലാശാല നേരത്തെ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ അറിയപ്പെടുന്ന വിദഗ്ധരുടെ ക്ലാസുകളാണു സാങ്കേതിക സര്‍വകലാശാല സംഘടിപ്പിച്ചിരുന്നതെങ്കിലും ഭൂരിഭാഗം കോളജുകളും ഇതിനോട് സഹകരിക്കാന്‍ തയാറായില്ല.
സെമസ്റ്റര്‍ പേപ്പറുകളുടെ ഭാരവുമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരുടേയും പാതിവഴിയില്‍ പടിയിറങ്ങുന്നവരുടേയും എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് അടുത്തകാലത്തായി സ്വാശ്രയ മേഖലയിലുണ്ടായിട്ടുള്ളത്. അക്കാദമിക നിലവാരം പുലര്‍ത്താത്ത കോളജുകളെ നിരീക്ഷിക്കാനും അഫിലിയേഷന്‍ റദ്ദാക്കാനുമുള്ള നടപടികളെക്കുറിച്ച് സാങ്കേതിക സര്‍വകലാശാല ഗൗരവമായി ആലോചിക്കുന്നതിനിടയിലാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."