എന്‍.സി.ഇ.ആര്‍.ടി വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുന്നു
ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം അമിതമായതിനാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും സമയം ഇല്ലാത്തതിനാല്‍ സിലബസ് പകുതിയായി കുറയ്ക്കാനാണ് തീരുമാനം.
സിലബസ് പകുതിയാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അടുത്ത അധ്യയനവര്‍ഷം തന്നെ തുടങ്ങുമെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
നിലവില്‍ വലിയ പുസ്തകക്കെട്ടുകളും ചുമന്നാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്കു പോവുന്നത്. ഇപ്പോഴത്തെ സിലബസിലുള്ള എല്ലാ പാഠഭാഗങ്ങളും വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കണമെന്നില്ല. ഇക്കാരണത്താല്‍ ധാര്‍മിക, ശാരീരിക ക്ഷമതാ പരിശീലനത്തിനും മറ്റു നൈപുണ്യവികസനത്തിനും വിദ്യാര്‍ഥികള്‍ക്കു സമയം ലഭിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസ്‌റ്റൊറേഷന്‍ ഓഫ് നാഷനല്‍ വാല്യൂസിന്റെ (എഫ്.ആര്‍.എന്‍.വി) പത്താം സ്ഥാപകദിനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മലയാളിയായ മെട്രോ മാന്‍ ഇ. ശ്രീധരന്‍ ആണ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്.
സ്‌കൂള്‍ പാഠ്യപദ്ധതി ലഘൂകരിക്കുന്നതിനായി എന്‍.സി.ഇ.ആര്‍.ടി കഴിഞ്ഞവര്‍ഷം പൊതുജനാഭിപ്രായം തേടിയിരുന്നു. പുസ്തകപഠനത്തില്‍ മാത്രം ഊന്നല്‍നല്‍കാതെ മറ്റുപ്രവര്‍ത്തനങ്ങളിലും കുട്ടികളുടെ ഇടപെടല്‍ ഉറപ്പുവരുത്തുന്ന വിധത്തില്‍ മൂന്നുവര്‍ഷം കൊണ്ട് സമ്പൂര്‍ണ പരിഷ്‌കരണമായിരുന്നു ലക്ഷ്യം.
ഇതുപ്രകാരം മാനവവിഭവശേഷി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്. പാഠ്യപദ്ധതി, പുസ്തകം, വൊക്കേഷനല്‍ എജ്യുക്കേഷന്‍, ആരോഗ്യ വിദ്യാഭ്യാസം, പഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ വിവിധ ക്ലാസുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യവും സൈറ്റില്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് 37,000 നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാരിനു ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."