പ്രവാസികളെ പൗരന്മാരെ പോലെ ചേര്‍ത്തു പിടിക്കുകയാണ് ബഹ്‌റൈന്‍
മനാമ: കൊവിഡ് വൈറസ് ഭീതിക്കിടെ സ്വന്തം രാജ്യത്തെ സര്‍ക്കാരില്‍ നിന്ന് അവഗണന കൂടി നേരിടേണ്ടി വരുന്ന പ്രവാസികള്‍ക്ക് ആശ്വാസവും കരുതലും നല്‍കുകയാണ് ഇവിടെ ബഹ്‌റൈന്‍ എന്ന കൊച്ചു അറബ് രാഷ്ട്രം.
കോവിഡ് കാലത്ത് രാജ്യം പ്രഖ്യാപിച്ച സൗജന്യങ്ങളിലും ഇളവുകളിലുമെല്ലാം ബഹ്‌റൈന്‍ സ്വന്തം പൗരന്മാരെ പോലെ തന്നെയാണ് പ്രവാസികളെയും പരിഗണിക്കുന്നത്.
ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് രാജ്യത്തെ പബ്ലിക് ഹെല്‍ത് സെന്ററുകളില്‍ വിദേശികള്‍ക്ക് ഈടാക്കിയിരുന്ന 7 ദിനാര്‍ ഫീസ് (ഏകദേശം 1400ഇന്ത്യന്‍ രൂപ) സൗജന്യമാക്കിയ പ്രഖ്യാപനം.
ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹയാണ് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമെല്ലാം വിദേശികളില്‍ നിന്ന് ഫീസ് ഇടാക്കുന്നത് നിര്‍ത്തലാക്കിയതും പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ഇത് കൂടാതെ രോഗ പ്രതിരോധത്തിലും രാജ്യം സ്വദേശി-വിദേശി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യ പരിശോധനയും ചികിത്സയും നേരത്തെ തന്നെ നല്‍കി വരുന്നുണ്ട്. രോഗ ലക്ഷണങ്ങളുളളവര്‍ ടോള്‍ ഫ്രീ നമ്പറായ 444-ല്‍ ബന്ധപ്പട്ടാല്‍ ഉടനടി സേവനം ലഭിക്കും. ഇത് ഇംഗ്ലീഷ്, അറബി ഭാഷകള്‍ക്കു പുറമെ പ്രവാസികള്‍ക്കായി ഹിന്ദിയിലും ലഭ്യമാണ്.
ചികിത്സാ-പ്രതിരോധ മേഖലയില്‍ മാത്രമല്ല, രാജ്യത്തെ വൈദ്യുതി-വെള്ളം എന്നിവയും മുനിസിപ്പല്‍ ടാക്സും ഈ മാസം മുതല്‍ മൂന്നു മാസത്തേക്ക് പൂര്‍ണ്ണമായും ബഹ്‌റൈന്‍ ഇതിനകം സൗജന്യമാക്കിയിട്ടുണ്ട്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതര രാഷ്ട്രങ്ങള്‍ക്കു മാതൃകയാവുന്ന വിധമാണ് ബഹ്‌റൈന്റെ പ്രവര്‍ത്തനങ്ങള്‍. ഇവിടെയും സ്വദേശി വിദേശി വ്യത്യാസമൊന്നുമില്ല.
വൈറസ് ബാധയുണ്ടെന്ന് കണ്ടാലുടന്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരെയും ടെസ്റ്റ് ചെയ്യുകയും പ്രത്യേകമായി സജ്ജീകരിച്ച ഐസോലേഷനില്‍ ആക്കുകയുമാണ് ബഹ്റൈന്‍ ചെയ്യുന്നത്. വിദേശ തൊഴിലാളികളുടെ കാര്യത്തിലും ഇതില്‍ മാറ്റമില്ല. സല്‍മാബാദ്, ഹിദ്ദ്, മനാമ എന്നിവിടങ്ങളില്‍ പോസിറ്റീവ് കേസുകള്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം മുഴുവന്‍ ഐസോലേറ്റ് ചെയ്ത് എല്ലാവരെയും ടെസ്റ്റിന് വിധേയമാക്കി.
തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ റാന്‍ഡം ടെസ്റ്റും ചെയ്യുന്നുണ്ട്. ഇതില്‍ പോസറ്റീവായി കണ്ടെത്തിയാല്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടവരെ മുഴുവന്‍ ഐസോലേറ്റ് ചെയ്യുന്നുമുണ്ട്. ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ സെന്ററിനെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയാണ് ഐസോലേഷനും ചികിത്സക്കുമുളള വിപുലമായ സൗകര്യമൊരുക്കിയിരിക്കുന്നത്. കൂടാതെ നിരീക്ഷണത്തിലുള്ളവരുടെ സഞ്ചാരപാത എളുപ്പം മനസ്സിലാക്കാനുപകരിക്കുന്നവിധം 'ബി അവെയര്‍' എന്ന മൊബൈല്‍ ആപ്പും 'ഇലക്ട്രോണിക് കൈവള'യും സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും ഏറെ അനുഗ്രഹമായിട്ടുണ്ട്.
ഇത്തരം നടപടികളുടെ ഫലമായി കോവിഡ് ടെസ്റ്റിന്റെയും രോഗവിമുക്തി നേടിയവരുടെയും എണ്ണത്തിന്റെ കാര്യത്തിലിപ്പോള്‍ ബഹ്റൈന്‍ അന്താരാഷ്ടതലത്തില്‍ ഏറെ മുന്നിലാണ്. സ്വന്തം നാടിനെക്കാള്‍ വലിയ കരുതലും സ്‌നേഹവുമാണ് തങ്ങള്‍ക്ക് ബഹ്‌റൈനില്‍ ലഭിക്കുന്നതെന്ന് ബഹ്‌റൈനിലെ പ്രവാസികളും ശരിവെക്കുന്നു.
ഈ സാഹചര്യത്തിലും സ്വന്തം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നേരെ കണ്ണടക്കുന്നവര്‍ ഈ രാജ്യം തങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹവും കരുതലും കണ്ടറിയണമെന്നാണ് ഒരു സംഘം പ്രവാസികള്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."