ഇന്ന് ലോക സമുദ്ര ദിനം: ലോകത്തിലെ ഏറ്റവും മലിനമായ കടലോരങ്ങളുടെ പട്ടികയില്‍ കേരളവും
പൊന്നാനി: ഇന്ന് ലോക സമുദ്രദിനം. ലോകത്തിലെ ഏറ്റവും മലിനമായ കടലോരങ്ങളുടെ പട്ടികയില്‍ കേരളവും. പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളും കടലിലേക്കു വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ജര്‍മനിയിലെ ആല്‍ഫ്രഡ് വെഗ്‌നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് കേരളവും ഉള്‍പ്പെട്ടത്. മുംബൈ ജുഹു ബീച്ചും ആന്‍ഡമാനുമാണ് മറ്റ് രണ്ട് മോശമായ കടലോരങ്ങള്‍. ലോകത്തെ 1,257 കടലോരങ്ങളിലായിരുന്നു പഠനം.
കടലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് കടല്‍ പക്ഷികള്‍ ഭീഷണി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 90 ശതമാനം കടല്‍പക്ഷികളുടെയും വയറ്റില്‍ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുന്നുവെന്നാണ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ കണ്ടെത്തല്‍. ഇത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകുമെന്ന മുന്നറിയിപ്പാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ സെന്‍ട്രല്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഗവേഷകര്‍ നല്‍കുന്നത്. മനുഷ്യവാസ മേഖലകളില്‍ നിന്ന് കടലിലേക്ക് ഒഴുകിയെത്തുന്ന ബാഗുകളുടെ അവശിഷ്ടങ്ങള്‍, കുപ്പിയുടെ അടപ്പുകള്‍, വയറുകള്‍, കൃത്രിമ നാരുകള്‍കൊണ്ട് നിര്‍മിച്ച വസ്ത്രങ്ങള്‍ തുടങ്ങിയ പ്ലാസ്റ്റിക് രൂപങ്ങളാണ് കടല്‍ പക്ഷികള്‍ ഭക്ഷണമാക്കുന്നത്. പലപ്പോഴും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ തിളങ്ങുന്ന നിറങ്ങള്‍ കണ്ട് ഭക്ഷണമെന്ന് തെറ്റിദ്ധരിച്ചാണത്രേ കടല്‍ പക്ഷികള്‍ ഇവ അകത്താക്കുന്നത്.പ്ലാസ്റ്റിക് വയറ്റിലെത്തുന്നതോടെ ഇവയുടെ ശരീരഭാരം ഗണ്യമായി കുറയുമെന്നും അമിതമായാല്‍ മരണത്തിന് പോലും കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.ഇന്ത്യന്‍ മഹാസമുദ്രം ഉള്‍പ്പെടെയുള്ള സമുദ്രങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിലും മെഡിറ്ററേനിയന്‍ കടലിലും ആസ്‌ത്രേലിയന്‍ തീരത്തുമായി ആറ് വര്‍ഷം നീണ്ട പര്യവേക്ഷണങ്ങളിലൂടെ കടലിലേക്ക് മനുഷ്യര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ എണ്ണം 5.25 ലക്ഷം കോടിയാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇവയുടെ മൊത്തം ഭാരം 2.69 ലക്ഷം ടണ്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."