മാനസിക വെല്ലുവിളിക്ക് ആശ്വാസമായി ഇന്ദ്രജാലം
തിരുവനന്തപുരം: ഇന്ദ്രജാല പരിശീലനം നേടിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ സാമൂഹിക- മാനസിക നിലവാരത്തില്‍ ഗണ്യമായ പുരോഗതിയെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് ഡെവലപ്മെന്റര്‍ സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇന്ദ്രജാല പരിശീലനം നേടിയ 23 കുട്ടികളുടെ സൈക്കോ മോട്ടോര്‍ തലങ്ങളില്‍ മാറ്റം കൊണ്ടുവരുവാന്‍ സാധിച്ചതായി കണ്ടെത്തിയത്. ഇന്ദ്രജാലത്തിന്റെ ചടുലഭാവങ്ങള്‍ സമര്‍ഥമായി കുട്ടികള്‍ അവതരിപ്പിക്കുമ്പോള്‍ കാണികളില്‍ നിന്ന് ലഭിക്കുന്ന കരഘോഷങ്ങള്‍ കുട്ടികളുടെ മാനസിക നിലയില്‍ സുദൃഢമായ മാറ്റങ്ങള്‍ വരുത്തിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് സി.ഡി.സിയില്‍ നടന്ന ചടങ്ങില്‍ റിപ്പോര്‍ട്ട് മന്ത്രി കെ.കെ ശൈലജ സി.ഡി.സി ഡയരക്ടര്‍ ഡോ.ബാബു ജോര്‍ജിന് കൈമാറി. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും സ്വന്തം നിലയില്‍ കുടുംബത്തിന് താങ്ങാകാനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് വളര്‍ന്നുവരാനും ഇന്ദ്രജാല പഠനത്തിലൂടെ ഇവര്‍ക്കായെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
മാജിക് അക്കാദമി എക്സിക്യുട്ടിവ് ഡയരക്ടര്‍ ഗോപിനാഥ് മുതുകാട്, സാമൂഹിക സുരക്ഷാ മിഷന് എക്സിക്യുട്ടീവ് ഡയരക്ടര്‍ മുഹമ്മദ് അഷീല്‍, മാജിക് അക്കാദമി ഡയരക്ടര്‍ ചന്ദ്രസേനന് മിതൃമ്മല, ജോയിന്റ് ഡി.എം.ഇ അജയകുമാര്എന്നിവര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."