പ്രണയം നിരസിച്ചു: പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു
ഹൈദരാബാദ്: വിവാഹ അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് പട്ടാപ്പകല്‍ റോഡില്‍ കഴുത്തറുത്തു കൊന്നു. ഹൈദരൈബാദിലെ അദിലാബാദ് ജില്ലയിലെ ബൈന്‍സാ പ്രദേശത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 17കാരിയായ സന്ധ്യയെയാണ് മുകേഷെന്ന 22കാരന്‍ പെണ്‍കുട്ടിയുടെ വീടിനുമുന്നില്‍ മൃഗീയമായി കൊലക്കത്തിക്ക് ഇരയാക്കിയത്. ഇരുവരും അയല്‍വാസികളാണ്. കോളജ് വിദ്യാര്‍ഥിയാണ് മുകേഷ്. ഒന്നര വര്‍ഷമായി ഇയാള്‍ സന്ധ്യയുടെ പിറകെ പ്രണയാഭ്യര്‍ഥനയുമായി നടക്കുന്നുണ്ടത്രെ. തന്നെ ശല്യം ചെയ്യുന്നുവെന്ന പരാതി പെണ്‍കുട്ടി പൊലിസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു. ഇരുവരെയും പൊലിസ് വിളിപ്പിക്കുകയും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന ഉറപ്പില്‍ വിട്ടയക്കുകയുമായിരുന്നു. എന്നാല്‍ സന്ധ്യയ്ക്കു വരുന്ന വിവാഹാലോചനകളെല്ലാം മുകേഷ് മുടക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വരുകയായിരുന്ന സന്ധ്യയെ ഇയാള്‍ തടഞ്ഞ് നിര്‍ത്തുകയും തന്നെ വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ആവശ്യം നിരാകരിച്ച പെണ്‍കൂട്ടിയെ ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സമീപ വാസികള്‍ ഓടിയെത്തിയെങ്കിലും മുകേഷ് കടന്നു കളഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുകേഷിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയിലും സമാന രീതിയില്‍ യുവതിയെ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."