കോഴിക്കോട്ടും പൊലിസിന്റെ വാഹനപൂജ; വിവാദവും
കോഴിക്കോട്: തൃശൂര്‍ പൊലിസിന് പിന്നാലെ കോഴിക്കോട്ടെ പൊലിസും വാഹനപൂജ നടത്തി വിവാദത്തിലായി. കോഴിക്കോട് സിറ്റി പൊലിസാണ് കഴിഞ്ഞ ദിവസം വിവാദമായ പൂജ നടത്തിയത്. ആഭ്യന്തര വകുപ്പ് പുതുതായി അനുവദിച്ച പൊലിസ് വാഹനം നഗരത്തിലെ ക്ഷേത്രത്തില്‍ എത്തിച്ച് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു. തൃശൂരില്‍ പൊലിസ് വാഹനം പൂജിച്ചതിന്റെ ചിത്രം വാട്‌സ്ആപ്പില്‍ പ്രചരിച്ചതിനു തൊട്ടുപിന്നാലെയാണ് കോഴിക്കോട്ടെ പൂജയും പുറത്തുവന്നത്. ഡി.ജി.പിയുടെ ഉത്തരവിനെ തുടര്‍ന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ എസ്.കാളിരാജ് മഹേഷ് കുമാര്‍ അഡ്മിനിസ്‌ട്രേഷന്‍ അസി.കമ്മിഷണര്‍ കെ.സുദര്‍ശനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അസി.കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
കോഴിക്കോട് സിറ്റി പൊലിസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് പുതുതായി അഞ്ചു എ.സി വാഹനങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇതില്‍ കെ.എല്‍ 01 സി.എഫ് 2529 നമ്പറിലുളള കോഴിക്കോട് കണ്‍ട്രോള്‍ റൂമിന് ലഭിച്ച വാഹനമാണ് തൊട്ടടുത്ത ദിവസം ഡ്രൈവര്‍ തളി ക്ഷേത്രത്തില്‍ എത്തിച്ച് പൂജിച്ചത്. ഉടന്‍ തന്നെ ക്ഷേത്രപൂജാരി വാഹനം പൂജിക്കുന്നതുള്‍പ്പെടെയുള്ള ഫോട്ടോകള്‍ കണ്‍ട്രോള്‍ റൂമിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കാനും തുടങ്ങി. ആചാരാനുഷ്ഠാനങ്ങള്‍ പൊലിസില്‍ പ്രത്യക്ഷത്തില്‍ പാടില്ലെന്നിരിക്കെ യൂനിഫോമില്‍ ഔദ്യോഗിക വാഹനം പൂജക്കായി കൊണ്ടുപോയതാണ് വിവാദമായത്. തുടര്‍ന്നാണ് ഡി.ജി.പി കമ്മിഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അതേസമയം റിപ്പോര്‍ട്ടില്‍ പൊലിസുകാരന് വീഴ്ച പറ്റിയതായി പരാമര്‍ശിക്കുന്നില്ലെന്നാണ് സൂചന. ഇതിനിടെ കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍മാരുടെ ജോലി സമയം 12 മണിക്കൂറായിരുന്നത് 24 മണിക്കൂറാക്കി നിര്‍ദേശം വന്നത് അനൗദ്യോഗികമായുള്ള ശിക്ഷയുടെ ഭാഗമാണെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."