ഓഫിസ് മാറ്റം തടഞ്ഞ് സി.പി.എം; പേരൂര്‍ക്കട കെ.എസ്.ഇ.ബി ഓഫിസ് ദുരിതത്തില്‍
പേരൂര്‍ക്കട: കെ.എസ്.ഇ.ബിയുടെ പേരൂര്‍ക്കട സെക്ഷന്‍ ഓഫിസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് എ.ഇ ശ്രമം നടത്തിയത് സി.പി.എം പ്രാദേശിക നേതൃത്വം ഇടപെട്ട് തടഞ്ഞു. ഫലമോ, ഇപ്പോള്‍ മഴക്കാലത്ത് എ.ഇ ജോലിചെയ്യുന്നത് മഴവെള്ളവും ചവിട്ടിക്കൊണ്ട്.
സഹപ്രവര്‍ത്തകര്‍ക്കും ഇതുതന്നെയാണ് അവസ്ഥ. ഒരു ഓഫിസിനെയും അവിടത്തെ ജീവനക്കാരെയും എങ്ങനെ ദ്രോഹിക്കാമെന്നതിന് ഉത്തമ ഉദാഹരണമായിരിക്കുകയാണ് സി.പി.എം പ്രാദേശിക നേതൃത്വം. പേരൂര്‍ക്കട കെ.എസ്.ഇ.ബി ഓഫിസ് ഇരിക്കുന്നത് അടുപ്പുകൂട്ടാന്‍ പാറ ക്വാറി ഭാഗത്താണ്. ഇവിടെനിന്നുള്ള ഊറ്റുവെള്ളം നിരന്തരം ഇറങ്ങുന്നതിനാല്‍ ഓഫിസ് ചുമരുകള്‍ക്കിടയിലൂടെ ഊറ്റുവെള്ളം ഇറങ്ങി ഓഫിസിനകത്തേക്കു വീഴുന്നു. ഇതുകൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ പണിയുമായി ബന്ധപ്പെട്ട് താമസിക്കുന്നത് ഓഫിസിനു സമീപമാണ്. പാറകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ പലപ്പോഴും ഇവര്‍ സൈ്വര്യസഞ്ചാരം നടത്തുന്നത് ഓഫിസ് പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ പോലും ഇതിനുള്ളിലൂടെയാണ്.
കണ്‍സ്യൂമേഴ്‌സിന് മഴ നയാതെ ഒന്നു കയറി നില്‍ക്കാന്‍ പോലും ഇവിടെ സൗകര്യമില്ല. ബില്ലടയ്ക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ റോഡുതന്നെ ശരണം. ഈ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പേരൂര്‍ക്കട സെക്ഷന്‍ എ.ഇ ബിന്ദു ഇടപെടുകയും ഓഫിസ് ഇവിടെനിന്ന് 300 ഓളം മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനമാകുകയും ചെയ്തിരുന്നു. നിലവില്‍ ഓഫിസ് ഇരിക്കുന്നത് തുരുത്തുമ്മൂല വാര്‍ഡിലാണ്. 300 മീറ്റര്‍ മാറ്റിയാലും അതേ വാര്‍ഡ് പരിധിയില്‍ത്തന്നെ ഓഫിസ് വരും. പിന്നെന്തിനാണ് മറ്റൊരു വാര്‍ഡിലേക്ക് ഓഫിസ് മാറ്റാന്‍ പോകുന്നുവെന്ന് പറഞ്ഞ് സി.പി.എം സമരം നടത്തിയെന്നതിന് ഉത്തരമില്ല. പേരൂര്‍ക്കട വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു സമരം. ഓഫിസിലെത്താന്‍ ഒരു വഞ്ചി ഇറക്കിയാല്‍ കൊള്ളാമെന്നാണ് ഇപ്പോള്‍ കണ്‍സ്യൂമര്‍മാരുടെ അടക്കം പറച്ചില്‍.
ഇത്രയൊക്കെ ദുരിതവും പേറി ഒരു സര്‍ക്കാര്‍ ഓഫിസ് പേരൂര്‍ക്കടയില്‍ സ്ഥിതി ചെയ്തിട്ടും നടപടിയെടുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."