യമനിൽ നാല് മാധ്യമ പ്രവർത്തകർക്ക് ഹൂതി കോടതി വധ ശിക്ഷ
സൻആ: യമനിൽ വിമത വിഭാഗമായ ഹൂതികൾ നാല് മാധ്യമ പ്രവർത്തകർക്ക് വധ ശിക്ഷ വിധിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതി മലീഷികൾക്ക് കീഴിലുള്ള കോടതിയാണ് രാജ്യദ്രോഹം, ചാരപ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി നാല് മാധ്യമ പ്രവർത്തകർക്ക് വധ ശിക്ഷ വിധിച്ചത്. മാധ്യമ പ്രവർത്തകരായ അബ്ദുൽ ഖാലിഖ് ഉംറാൻ, അക്രം അൽ വലീദി, ഹരീത് ഹമീദ്, തൗഫീഖ് അൽ മൻസൂരി എന്നിവർക്കെതിരെയാണ് ഹൂതി കോടതി വധ ശിക്ഷ വിധിച്ചത്. ഹൂതികളുടെ നടപടിയെ ഔദ്യോഗിക ഗവണ്മെന്റ് അപലപിച്ചു. മാധ്യമ വിചാരണയിൽ 4 മാധ്യമ പ്രവർത്തകർക്കെതിരെ ഹൂതി കോടതിയുടെ നിയമവിരുദ്ധ വധശിക്ഷയെ ശക്തമായി അപലപിക്കുന്നതായതും നീതിക്കും സമത്വത്തിനായും തങ്ങൾ നിലകൊള്ളുന്നുവെന്നും യമൻ ഇൻഫർമേഷൻ മന്ത്രി മഹ്‌മർ ബിൻ മത്വഹാർ അൽ ഇർയാനി പ്രസ്‌താവിച്ചു.
1.We strongly condemn the illegal death sentences by the so-called Specialized Criminal Court of Houthis Militia against 4 journalists (Abdelkhaleq Omran, Akram Al Walidi, Harith Hamid, &Tawfiq Al Mansouri) in a formal trial lacks min. standard of justice &integrity pic.twitter.com/9ecxapZMKU
— معمر الإرياني (@ERYANIM) April 11, 2020
വധശിക്ഷ അസാധുവാക്കാനും എല്ലാ തടവുകാരെയും മോചിപ്പിക്കാനും, ഹൂതി മലീഷികളുടെ ക്യാമ്പുകളിൽ തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകരെ മോചിപ്പിക്കാനും, എതിരാളികളുമായുള്ള രാഷ്ട്രീയ വൈരാഗ്യം പരിഹരിക്കുന്നതിന് ജുഡീഷ്യറിയെ ഉപയോഗിക്കുന്നതിനെ അപലപിക്കാനും അന്താരാഷ്ട്ര സമൂഹം, യു എൻ സെക്രട്ടറി ജനറൽ, പത്രപ്രവർത്തക സംരക്ഷണ സംഘടനകൾ എന്നിവർ രംഗത്തെത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടു.
ആറു വർഷങ്ങൾക്ക് മുമ്പാണ് പത്ത് മാധ്യമ പ്രവർത്തകരെ ഹൂതികൾ യമൻ തലസ്ഥാന നഗരിയായ സൻആ നഗരി കീഴ്‌പ്പെടുത്തുന്ന തുടക്കത്തിൽ തട്ടിക്കൊണ്ടു പോയത്. ഇവരിൽ നാല് പേർക്കാണ് ഇപ്പോൾ വധശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റു ആറു പേർക്ക് ജയിൽ ശിക്ഷയാണ് ഹൂതി കോടതി വിധിച്ചിരിക്കുന്നത്. നിലവിൽ യമനിൽ യുദ്ധത്തിലേർപ്പെട്ട അറബ് സഖ്യ സേന കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."