പ്രകൃതിക്ഷോഭ സാധ്യത; ജാഗ്രതാ നിര്‍ദേശം നല്കി
കൊല്ലം: ഈ മാസം 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ ഇനിയുണ്ടാകുന്ന ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായേക്കാമെന്ന് അതോറിറ്റി സൂചിപ്പിച്ചു. സംസ്ഥാനത്തെ നദികളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മിഷനും അറിയിച്ചിട്ടുണ്ട്.
മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള് റൂമുകള്‍ 11 വരെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജരായിരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവര്‍ കരുതണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രിയില്‍ മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കാന്‍ ഡി.ടി.പി.സിയെ ചുമതലപ്പെടുത്തി. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഴയത്തു പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങുന്നത് ജനങ്ങള്‍ ഒഴിവാക്കണം.
മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുവാനും ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."