HOME
DETAILS

നിസഹായതയുടെ നിലവിളികള്‍

  
backup
April 12 2020 | 01:04 AM

sunday-main
 
തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ഒന്‍പതാം വാര്‍ഡ് മുറ്റത്തേക്ക് ഒരു ജീപ്പ് എത്തുന്നു. രണ്ടുപേര്‍ ചേര്‍ന്ന് പുഴുവരിച്ച് അവശയായ ചുക്കിച്ചുളിഞ്ഞ തോര്‍ത്ത് മാത്രം ധരിച്ച വയോധികയെ താങ്ങിയെടുത്ത് പുറത്തേക്കിറക്കുന്നു. നിസഹായതയുടെ ആ ശുഷ്‌കിച്ച കൈകള്‍, തന്നെ കൊണ്ടുവന്നവരുടെ പിടി വിടാതിരിക്കാന്‍ അവരുടെ ബലിഷ്ഠമായ കൈകളില്‍ പിടിമുറുക്കുന്നു. ആ കൂട്ടിപ്പിടിക്കല്‍ വിഫലമായതോടെ ഒന്നും മിണ്ടാതെ വയോധിക അവരുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കുന്നു. കൊണ്ടുവന്നവരോട് ഇതാരെന്നുള്ള ഹെഡ്‌നഴ്‌സിന്റെ ചോദ്യത്തിന് അറിയില്ലെന്ന് മറുപടി. ഇടക്ക് വെള്ളം ചോദിച്ച വയോധികക്ക് അവര്‍ ചായയും ബ്രഡും നല്‍കി. വിറയാര്‍ന്ന ചുണ്ടോടെ ഒരു കവിള്‍ ചായ കുടിച്ചശേഷം നഴ്‌സുമാരോടായി അവരുടെ ചോദ്യം. എന്റെ മോനെവിടെ, അവര്‍ എന്നെ ഇവിടിട്ട് പോയോ? അവന് നിങ്ങള്‍ ചായ കൊടുത്തായിരുന്നോ?.. എന്നാല്‍ അതിന് നഴ്‌സുമാര്‍ക്ക് മറുപടിയില്ലായിരുന്നു. കാരണം മക്കള്‍ അന്യരെന്ന് പറഞ്ഞ് അച്ഛനമ്മമാരെ നടതള്ളുന്ന സംഭവം ഇവിടെ പതിവാണ്... അവര്‍ക്ക് അത് പുതിയ കാര്യമല്ല... മക്കളുടെ ക്രൂര മര്‍ദനമേറ്റ് മുറിവേറ്റും നീരുവന്നും തളര്‍ന്ന ശരീരവുമായി വരുന്ന എത്രയെത്ര അച്ഛനമ്മമാര്‍...അങ്ങനെ എത്രയെത്ര നിത്യ സംഭവങ്ങള്‍...
ഇതും ഒരു അമ്മയാണ്. ആ മക്കളെ നൊന്തുപ്രസവിച്ച അമ്മ. അവഗണനയിലും മക്കളെന്ന് ചിന്തിക്കുന്ന അമ്മ. ഉപേക്ഷിച്ചതാണ് ആ അമ്മയെ. ഒടുവില്‍ പുഴുവരിച്ചപ്പോള്‍ ആശുപത്രിയിലേക്ക് തള്ളി.
 
മുന്‍പ് ആരൊക്കെയോ
ആയിരുന്നു ഇവര്‍
 
ഇത് തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ഒന്‍പതാം വാര്‍ഡ്. വൃദ്ധരായ, അവശത നിഴലിച്ച ആണ്‍ പെണ്‍ ചേരിതിരിവില്ലാതെ ഒരുപറ്റം മനുഷ്യജന്മങ്ങളെ തള്ളുന്ന ഇടം. പ്രായംകൊണ്ടും ശരീരംകൊണ്ടും പക്വതയുടെ പടി ചവിട്ടി വന്നവരാണെങ്കിലും പലര്‍ക്കും ഒരു വയസുകാരന്റെ വളര്‍ച്ച പോലുമില്ല. മിക്കവരും പരസഹായമില്ലാതെ, അനങ്ങാനാവാതെ അലമുറയിടുന്ന മുഷ്യക്കോലങ്ങള്‍. ഗേറ്റ് കടന്ന് എത്തുമ്പോള്‍ നമ്മെ സ്വീകരിക്കുന്നത് മുക്കലും മൂളലും അമര്‍ത്തിയുള്ള ഞരക്കങ്ങളും മാത്രം. മക്കളെ ഓര്‍ത്തും ബന്ധുക്കളെ വിളിച്ചും അലറിക്കരയുന്നവരെയും എല്ലാം ഉള്ളിലൊതുക്കി തേങ്ങുന്നവരെയും ഒന്‍പതാം വാര്‍ഡില്‍ കാണാം. ഉറ്റവരും ഉടയവരും ഉണ്ടായിട്ടും ആശുപത്രി വാര്‍ഡില്‍ ഒതുങ്ങിക്കൂടാന്‍ വിധിച്ചവരുടെ നൊമ്പരങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. മക്കളും ബന്ധുക്കളും ചികിത്സക്കെന്നു പറഞ്ഞ് ആശുപത്രിയില്‍ എത്തിക്കും. പിന്നീട് ഇവരെ തിരക്കി ആരും വരാറുമില്ല. പലരുടെയും ശരീരം പുഴുവരിച്ചിട്ടുണ്ടാവും. അവരുടെ ആവശ്യങ്ങള്‍ പോലും നിറവേറ്റണമെങ്കില്‍ ആശുപത്രി ജീവനക്കാര്‍ കനിയണം. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മക്കളാരും അവര്‍ മാതാപിതാക്കളെന്ന കാര്യം വെളിപ്പെടുത്താറില്ല. പുറത്തുപറഞ്ഞാല്‍ മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് അവര്‍ക്കറിയാം. അകന്ന ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിങ്ങനെയൊക്കെയാണ് ആശുപത്രി രേഖകളില്‍ അവര്‍ രേഖപ്പെടുത്തുന്നത്.
ജനറല്‍ ആശുപത്രിയില്‍ നടതള്ളുന്ന വൃദ്ധ മാതാപിതാക്കളുടെ എണ്ണം ദിനംപ്രതി പെരുകുന്നുണ്ട്. മക്കള്‍ വന്ന് കൂട്ടിക്കൊണ്ടു പോകുമെന്ന പ്രതീക്ഷയിലാണ് പലരും. അസുഖം ഭേദമായവരെ തിരികെ കൂട്ടിക്കൊണ്ടു പോകാന്‍ തയാറാകാതെവന്നതോടെ ആശുപത്രി അധികൃതര്‍ തന്നെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെടാറുണ്ട്. എന്നാല്‍, ആരും ഇവരെ കൂട്ടിക്കൊണ്ടുപോകുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരില്‍നിന്ന് വണ്ടിക്കൂലിയും വാങ്ങി മക്കളെ തേടി പോയവരുമുണ്ട്. സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും ഉന്നത പദവികള്‍ വഹിച്ച പലരും ഈ നട തള്ളപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. 2012 നവംബര്‍ 10ന് ഒന്‍പതാം വാര്‍ഡില്‍ മരിച്ച രണ്ട് അനാഥരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം വരാന്തയില്‍ രോഗികള്‍ക്കൊപ്പം കിടത്തിയ സംഭവം വിവാദം ഉണ്ടാക്കിയിരുന്നു. അന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിനോട് അനുബന്ധിച്ച് ഒന്‍പതാം വാര്‍ഡ് വിപുലപ്പെടുത്താനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
 
തള്ളുന്നവരെ കൊള്ളാനാവാതെ 
നിസഹായരായി മാലാഖമാര്‍
 
വീട്ടുകാര്‍ ഉപേക്ഷിച്ചവര്‍, മാനസിക വൈകല്യമുള്ളവര്‍, മാറാരോഗികള്‍, നിരത്തില്‍ അലഞ്ഞുനടക്കുന്നവര്‍, മദ്യപാനികള്‍ ഇവരെയെല്ലാം തള്ളുന്ന ഇടത്തിനാണ് പില്‍ക്കാലത്ത് ഒന്‍പതാം വാര്‍ഡെന്ന വിളിപ്പേര് ലഭിച്ചത്. 1041 തുലാം 26നാണ് സിവില്‍ ആശുപത്രി എന്ന നാമത്തോടെ ജനറല്‍ ആശുപത്രി പിറന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരാണ് ആശുപത്രി സ്ഥാപിച്ചത്. 40 പേരെ കിടത്താനുള്ള സൗകര്യം മാത്രമേ നിലവില്‍ ഒന്‍പതാം വാര്‍ഡിനുള്ളൂ. ഇതരസംസ്ഥാനക്കാരനടക്കം വ്യത്യസ്ത അസുഖങ്ങളുള്ള 74 പേരാണ് ഇവിടെയുളളത്. ഇതില്‍ 18 സ്ത്രീകളും 56 പുരുഷന്മാരും.
 
2 ഹെഡ് നഴ്‌സ്മാര്‍ ഉള്‍പ്പെടെ 9 നഴ്‌സുമാര്‍, മൂന്ന് ഷിഫ്റ്റിലായി 8 ഹോം നഴ്‌സ്, 3 നഴ്‌സിങ് അസിസ്റ്റന്റ്, 6 ഗ്രേഡ് 2 ജീവനക്കാര്‍ എന്നിവരാണ് ഡ്യൂട്ടിയിലുള്ളത്. ഇവരാകട്ടെ ഭക്ഷണംപോലും കഴിക്കാതെ രോഗികളെ ഊട്ടുകയും പരിപാലിക്കുകയും ചെയ്യുന്നു. കിടക്കുന്ന സ്ഥലത്തുതന്നെ മലമൂത്ര വിസര്‍ജനം നടത്തുകയും സ്ഥലകാലബോധമില്ലാതെ എഴുന്നേറ്റ് നടക്കുകയും ഉടുവസ്ത്രങ്ങള്‍ അഴിച്ചുകളയുകയും ചെയ്യുന്ന ശീലങ്ങളുള്ളവരാണ് മിക്കയാളുകളും. കുളിപ്പിക്കല്‍, വസ്ത്രം മാറല്‍, മരുന്ന് നല്‍കല്‍, ഭക്ഷണം നല്‍കല്‍ ഉള്‍പ്പെടെ നഴ്‌സുമാര്‍ ചെയ്യുന്നു. ഇതിന് പുറമെ അവരുടെ വസ്ത്രം, ബെഡ്ഷീറ്റ് ഉള്‍പ്പെടെ ദിവസം രണ്ട് പ്രാവശ്യമെങ്കിലും മലമൂത്ര വിസര്‍ജ്യം കാരണം മാറ്റേണ്ട അവസ്ഥയാണ്.
 
നിലവില്‍ വാര്‍ഡില്‍ നഴ്‌സുമാരുടെ കുറവുണ്ടെങ്കിലും അത് അവരുടെ സേവനത്തെ ബാധിക്കാറില്ല. മേലധികാരികളോട് ഇതുസംബന്ധിച്ച് പരാതിപ്പെട്ടാലും നടപടിയുണ്ടാവാറില്ല. നിത്യേന മരുന്നുള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ സംബന്ധിച്ചുള്ള കത്തുകള്‍ വകുപ്പധികാരികള്‍ക്ക് അയക്കാറുണ്ടെങ്കിലും നടപടിക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. അത് ലഭിക്കുമ്പോഴേക്കും ചിലപ്പോള്‍ രോഗി മരിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ സുമനസുകളുടെയും ഡോക്ടര്‍മാര്‍, നഴ്‌സ്, സ്റ്റാഫ് എന്നിവരുടെ കാരുണ്യഹസ്തങ്ങളാണ് അത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് ആശ്വാസമേകുന്നത്. മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ നിന്നുള്‍പ്പെടെ സര്‍ജറി കഴിഞ്ഞ ബന്ധുക്കളില്ലാത്ത രോഗികളെയും ഇവിടെ എത്തിക്കാറുണ്ട്. ആവശ്യത്തിന് ബെഡില്ലാത്തതിനാല്‍ അവരെ ചിലപ്പോള്‍ തറയില്‍ കിടത്തേണ്ട സാഹചര്യം വരെ ഉണ്ടാവാറുണ്ട്. ഇതേത്തുടര്‍ന്ന് അണുബാധയുള്‍പ്പെടെ ഗുരുതരപ്രശ്‌നങ്ങളും സംഭവിക്കാറുണ്ട്.
 
പണമല്ല, 
അവശ്യവസ്തുക്കളാണ് വേണ്ടത്
 
രാവിലെ ചായ, ബ്രഡ്, ബ്രേക്ഫാസ്റ്റ്, ഉച്ചക്ക് ഊണ്, വൈകീട്ട് പാലും മുട്ടയും, രാത്രി കഞ്ഞി ഇതാണ് ഇവിടുത്തെ ഭക്ഷണം. പായസമടക്കമുള്ള വിഭവസമൃദ്ധമായ ഊണ് 20വര്‍ഷമായി മുടങ്ങാതെ മാതാ വനിത ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനുടെ അമരക്കാരനായ രാധാകൃഷ്ണപിള്ള എത്തിക്കുന്നു. ഇദ്ദേഹംതന്നെ അവശ്യമരുന്നുകളും എത്തിക്കുന്നുണ്ട്. പ്രാതല്‍ സായിബാബ ട്രസ്റ്റിന്റെ സഹായത്തോടെയാണ് എത്തിക്കുന്നത്. ഇടക്ക് സന്നദ്ധസംഘടനകള്‍ എത്തി സഹായങ്ങള്‍ ചെയ്യാറുണ്ട്. ഫണ്ടല്ല ദിനേനയുള്ള അത്യാവശ്യ സാധനങ്ങള്‍ക്കാണ് ഇവിടെ ആവശ്യം.
 
ജീവനുള്ള വെറും മനുഷ്യക്കോലങ്ങള്‍
 
ചികിത്സക്കായി കൊണ്ടുവരുന്ന രോഗികളെ ബന്ധുക്കള്‍ തിരികെ കൊണ്ട് പോവാത്തതാണ് പ്രധാന പ്രശ്‌നം. അത്തരക്കാരെ പുനരധിവസിപ്പിക്കാന്‍ ആശുപത്രി അധികൃതരും പ്രയാസപ്പെടുന്നു. പരിപാലിക്കാന്‍ പ്രയാസമുള്ളതിനാല്‍ കിടപ്പുരോഗികളെ പുനരധിവാസ കേന്ദ്രങ്ങള്‍ക്കും വേണ്ടാത്ത അവസ്ഥയാണ്. എന്നാല്‍ പണമോ സ്വത്തോ ഉള്ളവരാണെങ്കില്‍ ബന്ധുക്കള്‍ അവരെ തേടി വരാറുണ്ട്. സ്വത്തിനോളം വരില്ലല്ലോ രക്തബന്ധം!!
രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പലരും ആവേശം കാണിക്കാറുണ്ടെങ്കിലും അസുഖം ഭേദമായാല്‍പോലും തിരികെ കൊണ്ടുപോകാന്‍ ആരും എത്താറില്ല. മെഡിക്കല്‍ കോളജ് ആശുപത്രി, കൊല്ലംതിരുവനന്തപുരം ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ഉള്‍പ്പെടെ വിവാഹിതരും അവിവാഹിതരും ഉള്‍പ്പെടെ നിരവധി പേരെയാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. ആശുപത്രി ചെലവില്‍ തന്നെയാണ് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കുന്നത്. സംസ്ഥാനത്ത് 16 സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രം ഉള്‍പ്പെടെ ഇരുനൂറിലധികം സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങളും ഉണ്ടെന്നാണ് പറയപ്പെടുന്നത്. അംഗീകൃത കേന്ദ്രങ്ങളില്‍ പലതും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. ഇത്തരം അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇവരെ പുനരധിവാസത്തിന് വിട്ടുകൊടുക്കാറുള്ളൂ. പൂര്‍ണ ആരോഗ്യമുള്ളവരെ ഇവിടെനിന്ന് അവരവരുടെ ഉത്തരവാദിത്തത്തില്‍ വിട്ടയക്കാറുമുണ്ട്. മൂന്ന് ഭാര്യമാരും പന്ത്രണ്ട് മക്കളുമുള്ളവര്‍ വരെ ഇവിടെ അനാഥരായുണ്ട്. ഒറ്റപ്പെടല്‍ ഭയന്ന് പലരും തിരിച്ചുപോകാന്‍ താല്‍പര്യമില്ലാത്തവരാണ്. മരണപ്പെട്ടാലും പലപ്പോഴും ബന്ധുക്കളെ വിവരം അറിയിച്ചാലും എത്തില്ല. ഒടുക്കം മൃതദേഹം കോര്‍പറേഷന് കൈമാറുകയാണ് പതിവ്.
 
മാതാപിതാക്കളല്ല, സ്വത്താണ് ആവശ്യം
 
ചികിത്സക്ക് എത്തുന്ന രോഗികളുടെ പണം, സ്വര്‍ണം എന്നിവ ഇവിടെ സൂക്ഷിക്കാറുണ്ട്. അവര്‍ ആരോഗ്യത്തോടെ തിരിച്ചുപോകുന്ന സമയത്തോ ബന്ധുക്കള്‍ എത്തുന്ന സമയത്തോ അത് തിരിച്ച് നല്‍കാറാണ് പതിവ്. എന്നാല്‍ മരിച്ച ബന്ധുക്കളെത്താത്തവരുടെ സ്വത്തുക്കള്‍ കാലങ്ങളായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അത് ഇപ്പോഴും എന്തുചെയ്യണമെന്നറിയാതെ അനാഥമാണ്. അത് വാര്‍ഡിന്റെ ദൈനംദിന ചെലവിലേക്ക് എടുക്കാനായി സര്‍ക്കാറിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി കിട്ടിയാല്‍ പണം ഉപയോഗിച്ച് വാര്‍ഡിന്റെ അടിസ്ഥാന സൗകര്യമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാവും എന്ന പ്രതീക്ഷ!യിലാണ് അധികൃതര്‍. പക്ഷേ, അനുമതിക്കായി അനന്തമായ കാത്തിരിപ്പാണ്.
 
അതേസമയം, തിരുവനന്തപുരം ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെയും പൊലിസിന്റെയും സഹായത്തോടെ രോഗികളുടെ ബന്ധുക്കളെ തേടിപ്പിടിച്ച് വീട്ടിലെത്തിക്കാനുള്ള പദ്ധതി നിലവിലുണ്ട്. അസുഖം ഭേദമായവരെ മറ്റു പുനരധിവാസ കേന്ദ്രത്തിലാക്കാനും ഇവര്‍ നേതൃത്വം നല്‍കുന്നുണ്ട്. ബന്ധുക്കളെ ഏല്‍പ്പിച്ചതിനുശേഷം അവര്‍ക്ക് കൃത്യമായി പരിചരണം നല്‍കുന്നുണ്ടോ എന്ന് പൊലിസ് സഹായത്തോടെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
 
പ്രശ്‌നങ്ങള്‍ക്ക് നടുവില്‍
 
പല തരത്തിലുള്ള മാനസിക അസ്വസ്ഥകളും അസുഖങ്ങളും ഉള്ള രോഗികളായതിനാല്‍ വാര്‍ഡിലെ മെയിന്റനന്‍സ് പ്രധാന വെല്ലുവിളിയായിരിക്കുകയാണ്. ചില രോഗികള്‍ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുമ്പോള്‍ വാട്ടര്‍ സപ്ലൈ പൈപ്പ്, ഇലക്ട്രിക് വയറുകള്‍, ടൈല്‍, വാതിലുകള്‍, മറ്റ് ഫര്‍ണിച്ചറുകള്‍ തുടങ്ങിയ സാധനങ്ങള്‍ നശിപ്പിക്കും. പഴയ കെട്ടിടമായതിനാല്‍ പലപ്പോഴും നശിപ്പിക്കപ്പെട്ട സാധനങ്ങള്‍ പുന:സ്ഥാപിക്കുന്നതും നിരന്തരം അറ്റകുറ്റപ്പണി നടത്തുന്നതിനും പ്രയാസം നേരിടുന്നുണ്ട്. നിലവില്‍ വാതിലുകള്‍ പൊട്ടിത്തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പരിഹാരമായി അടച്ചുറപ്പുള്ള കെട്ടിടവും ശക്തമായ പ്ലംബിങ്, വയറിങ് സംവിധാനവും വാര്‍ഡില്‍ അത്യാവശ്യമായിരിക്കുകയാണ്.
 
അടച്ചുറപ്പുള്ള കെട്ടിട സൗകര്യം ഇല്ലാത്തതിനാല്‍ പലപ്പോഴും രോഗികള്‍ ചാടിപ്പോവുന്നതും പതിവാണ്. മാത്രമല്ല മന്ത്, എയിഡ്‌സ് ഉള്‍പ്പെടെയുള്ള രോഗികളും ഇടക്ക് ഇവിടെ എത്താറുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയാല്‍ മാത്രമേ അവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ എയിഡ്‌സ് രോഗികളെ കൃത്യമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനം ഇല്ലാത്തതും സര്‍ജറി കഴിഞ്ഞവര്‍ക്കായി അണുബാധയേല്‍ക്കാത്ത സുരക്ഷിത റൂം ഇല്ലാത്തതും മറ്റുള്ളവര്‍ക്കിടയില്‍ കിടത്തേണ്ട സാഹചര്യം ഉണ്ടാക്കുന്നു.
 
അലക്ക്, കുളി, വൃത്തിയാക്കല്‍  എന്നിവക്കുള്ള സോപ്പ്, രോഗികള്‍ക്കാവശ്യമായ ഡയപ്പര്‍, വസ്ത്രം, മരുന്ന് എന്നിവ ദിവസേന അത്യാവശ്യമാണ്. ഇതിന് പുറമെ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ വസ്ത്രം കീറിപ്പറിക്കുന്നതിനാല്‍ ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുന്നുള്ളൂ. ഇതിനൊക്കെയുള്ള ഫണ്ടാവട്ടെ പരിമിതവും. താത്കാലിക ആശ്വാസത്തിനായെങ്കിലും പ്രതീക്ഷയുള്ളത് സുമനസ്സുകളുടെ സഹായഹസ്തം മാത്രമാണ്. ഈ പരിമിതികള്‍ക്കിടയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന ഈ സാഹചര്യം എങ്ങനെ നേരിടും എന്ന ആശങ്കയും അധികൃതരെ വലക്കുന്നുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago