സമൂഹ അടുക്കളയില്‍ ഭക്ഷണം പാക്ക് ചെയ്ത് ഹൈക്കോടതി ജഡ്ജിയും
സ്വന്തം ലേഖകന്‍
കൊച്ചി: സമൂഹ അടുക്കളയിലേക്ക് കടന്നുവന്ന ഹൈക്കോടതി ജഡ്ജിയെ കണ്ട് അഭിഭാഷകരും സഹായികളും ഒരുനിമിഷം അത്ഭുതപ്പെട്ടു. അതു മനസിലാക്കിയ ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം നേരെ അടുക്കളയില്‍ ഭക്ഷണം പാക്ക് ചെയ്യുന്നിടത്തേക്ക് നടന്നു. പാത്രത്തിലിരുന്ന ചോറെടുത്തു ഭക്ഷണ പാക്കറ്റുകളിലേക്ക് അദ്ദേഹം നിറയ്ക്കാനാരംഭിച്ചതോടെ സമൂഹ അടുക്കളയില്‍ അത്ഭുതം ഉത്സാഹത്തിനു വഴിമാറി.
ഭക്ഷണ പാക്കറ്റുകള്‍ സമൂഹ അടുക്കളയില്‍ നിന്ന് വിശക്കുന്നവരുടെ മുന്നിലെത്തിക്കാന്‍ വാഹനത്തില്‍ അയയ്ക്കുന്നതുവരെ അദ്ദേഹം അവിടെ 'സഹായി'യായി തുടര്‍ന്നു. വിശക്കുന്നവന്റെ വിളി കേള്‍ക്കാതിരിക്കുന്നത് തുല്യനീതി ഉറപ്പാക്കുന്നില്ലെന്ന സന്ദേശം നല്‍കാനാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ലീഗല്‍ സര്‍വിസ് അതോറിറ്റി ജില്ലാ ഘടകം കൊച്ചിയിലാരംഭിച്ച സമൂഹ അടുക്കളയിലാണ് ജസ്റ്റിസ് അബ്ദുല്‍ റഹീം അപ്രതീക്ഷിതമായി എത്തിയത്.കേരള സര്‍ക്കാര്‍ സമൂഹ അടുക്കളയെപ്പറ്റി ആലോചിക്കുന്നതിന് എത്രയോ മുന്‍പ് ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു നിയമജ്ഞരുടെ ഈ സംഘടന. സംഘടനയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് ജസ്റ്റിസ് അബ്ദുല്‍ റഹീം. സര്‍ക്കാര്‍ വക സമൂഹ അടുക്കള വഴി ആഹാരം ലഭിക്കാത്ത അതിഥി തൊഴിലാളികള്‍ക്കും അലഞ്ഞുനടക്കുന്ന തെരുവിന്റെ മക്കള്‍ക്കും ജില്ലയുടെ ഉള്‍ഗ്രാമങ്ങളിലും വരെ സംഘടന സമൂഹ അടുക്കളയില്‍ നിന്ന് ആഹാരമെത്തിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുവരെ ഇതു തുടരാനാണ് തീരുമാനമെന്ന് മെംബര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ നിസാര്‍ അഹമ്മദ് കെ.ടി പറഞ്ഞു.അഭിഭാഷക സംഘടനയായ ജസ്റ്റിസ് ബ്രിഗേഡ്, കൊച്ചി ചൈല്‍ഡ് ലൈന്‍, വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് സമൂഹ അടുക്കള പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."