വാട്സ്ആപ്പിലൂടെ വ്യാജ പൈനാപ്പിള്‍ ചലഞ്ച്: കര്ഷകന് നഷ്ടമായത് ആറ് ടണ്‍ കൈതച്ചക്ക
ചേലക്കര (തൃശൂര്‍): വാട്സ്ആപ്പിലൂടെ വ്യാജ പൈനാപ്പിള്‍ ചലഞ്ച് സന്ദേശം പടര്‍ന്നപ്പോള്‍ തൊടുപുഴ ഏഴല്ലൂര്‍ നെടുങ്കല്ലേല്‍ എബിന് ജോസഫ് എന്ന കര്ഷകന് സ്വന്തം തോട്ടത്തില്‍നിന്ന് നിമിഷനേരം കൊണ്ട് നഷ്ടമായത് ആറ് ടണ്‍ കൈതച്ചക്ക. ലോക്ക് ഡൗണ്‍ മൂലം വിപണിയില്‍ തീരെ ഡിമാന്‍ഡില്ലെന്നും നാട്ടുകാര്‍ക്ക് ചക്ക പറിച്ചെടുക്കാമെന്നും ഉടമ അറിയിച്ചതായുള്ള സന്ദേശം കുത്താമ്പുള്ളി മേഖലയിലെ ജനങ്ങളുടെ ഫോണിലൂടെ കാട്ടുതീ പോലെയാണ് പടര്‍ന്നത്. ഇതോടെ ജനങ്ങള്‍ കിട്ടാവുന്ന വാഹനങ്ങളില്‍ ചാക്കും കുട്ടയുമൊക്കെയായി 10 ഏക്കറോളം വരുന്ന തോട്ടത്തിലെത്തി.
കാവല്‍ക്കാരായ ഇതരസംസ്ഥാന തൊഴിലാളികളുടെ എതിര്‍പ്പ് ലംഘിച്ച് പൈനാപ്പിള്‍ പറിച്ചെടുക്കുകയായിരുന്നു. ഇതിനിടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതറിഞ്ഞ് പഴയന്നൂര്‍ പൊലിസ് ഹൗസ് സ്റ്റേഷന് ഓഫിസര്‍ പി.സി ചാക്കോ, എസ്.ഐ കെ.ജി ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തിയപ്പോള്‍ 100ഓളം പേര് പൈനാപ്പിള്‍ മോഷ്ടിക്കുന്നതാണ് കണ്ടത്.
പൊലിസിനെ കണ്ടതോടെ ജനം ചിതറിയോടി. ഓട്ടത്തില്‍ നിരവധി പൈനാപ്പിള്‍ ചെടികള്‍ നശിച്ചു. 11 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. എട്ട് ബൈക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഉടമ എബിന് ജോസ് തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ ജനങ്ങള്‍ മോഷണകുറ്റത്തില്നിന്ന് മോചിതരായി. ഇവര്‍ക്കെതിരേ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."