സമീഹ് തിരിച്ചെത്തി; മൂന്നുവര്‍ഷത്തിന് ശേഷം
സ്വന്തം ലേഖകന്‍
കണ്ണൂര്‍: മൂന്നുവര്‍ഷവും നാലുമാസവും നീണ്ട ഒരുദേശത്തിന്റെയും കുടുംബത്തിന്റെയും പ്രാര്‍ഥനയ്‌ക്കൊടുവില്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സമീഹ് തിരിച്ചെത്തി. 2016 ഡിസംബര്‍ 13നാണ് വെണ്‍മണല്‍ പുത്തന്‍പുര വയലില്‍ അബ്ദുല്‍ലത്തീഫിന്റെയും സക്കീനയുടെയും മകന്‍ സമീഹിനെ സഊദി അറേബ്യയിലെ റിയാദില്‍ നിന്നു കാണാതായത്. റിയാദില്‍ ജോലിചെയ്യുന്ന സഹോദരന്‍ സഫീറിന്റെ ഫോണില്‍ വിളിച്ചറിയിച്ചാണ് ഇന്നലെ രാവിലെ സമീഹ് തിരിച്ചെത്തിയത്. ബത്ഹയില്‍ സ്വകാര്യ ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന സമീഹ് സുഹൃത്തിന്റെ കാറില്‍ മുറിയില്‍ നിന്ന് ഓഫിസിലേക്കു പോകുന്നതിനിടെ റൂട്ട് മാറിപ്പോവുകയായിരുന്നു. റൂട്ട് മാറിയെന്നും ഗൂഗിള്‍ മാപ്പ് നോക്കി വരികയാണെന്നും ഓഫിസിലെത്താന്‍ വൈകുമെന്നും സഹപ്രവര്‍ത്തകനെ അറിയിച്ചിരുന്നു. രാത്രിയായിട്ടും സമീഹിനെ കാണാതായതോടെ കുടുംബക്കാരും സഹപ്രവര്‍ത്തകരും പൊലിസില്‍ പരാതി നല്‍കി. റിയാദ്-ദമാം റൂട്ടില്‍ 25 കിലോമീറ്റര്‍ അകലെ വരെ സമീഹ് യാത്രചെയ്തതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മനസിലായെങ്കിലും പിന്നീട് ഒരു വിവരവുമുണ്ടായില്ല.
റിയാദിലെ ബത്ഹയിലേക്കു വരികയായിരുന്ന സമീഹ് വഴിതെറ്റി ദമാം റോഡിലെത്തുകയായിരുന്നു. അവിടെ കൊള്ളക്കാരുടെ പിടിയിലാവുകയും വാഹനവും പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച് മരുഭൂമിയില്‍ തള്ളുകയുമായിരുന്നു. തുടര്‍ന്ന് അവിടെ ഒരു ടെന്റിലായിരുന്നു സമീഹ് താമസിച്ചിരുന്നത്. കൈയില്‍ ഫോണ്‍ ഇല്ലാതായതോടെ മറ്റാരുമായി ബന്ധപ്പെടാന്‍ സമീഹിനായില്ല. നീണ്ടവര്‍ഷങ്ങളാണ് സമീഹ് മറ്റാരുമായി ബന്ധപ്പെടാതെ മരുഭൂമിയില്‍ തങ്ങിയത്. എന്നാല്‍, അവിടെ ഭക്ഷണങ്ങള്‍ക്കും മറ്റും യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും മരുഭൂമിയില്‍ അകപ്പെട്ടതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും സമീഹ് പറഞ്ഞു.
കഴിഞ്ഞദിവസം തോട്ടത്തില്‍ എത്തിയ സമീഹ്, അവിടേക്കു വെള്ളം കൊണ്ടുവന്ന ട്രക്ക് ഡ്രൈവര്‍ മുഖേനയാണ് സഹോദരന്‍ ഷമീറിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ഇന്നലെ രാവിലെയോടെ തിരിച്ച് റിയാദിലെ മുറിയിലെത്തുകയായിരുന്നു. നീണ്ടവര്‍ഷങ്ങള്‍ക്കുശേഷം സമീഹിനെ കണ്ടെത്തിയ സന്തോഷത്തിലാണു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. കൊവിഡ് വ്യാപനം കാരണം വിമാന സര്‍വിസ് നിര്‍ത്തിവച്ചതോടെ ഇപ്പോഴൊന്നും സമീഹിനു നാട്ടിലെത്താന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."