യു.എസില്‍ മരിച്ചത് 17 മലയാളികള്‍
വാഷിങ്ടണ്‍: കൊവിഡ് മരണത്തില്‍ ഹോട്ട് സ്‌പോട്ടായി മാറിയ അമേരിക്കയില്‍ ഇതുവരെ മരിച്ചവരില്‍ ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ആയ 40 പേര്‍ ഉള്‍പ്പെടുന്നതായി യു.എസിലെ ഇന്ത്യന്‍ സമൂഹ നേതാക്കള്‍ അറിയിച്ചു.
ഇതില്‍ 17 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഗുജറാത്ത്(10), പഞ്ചാബ്(4), ആന്ധപ്രദേശ്(2), ഒഡീഷ(1) എന്നിവിടങ്ങളില്‍ നിന്നുള്ളവരും മരിച്ചവരില്‍പ്പെടും. 1,500ലധികം ഇന്ത്യക്കാര്‍ക്ക് യു.എസില്‍ കൊവിഡ് സ്ഥിരീകരിച്ചതായും അവര്‍ പറയുന്നു. മരിച്ചവരില്‍ ഒരു 21 കാരനുണ്ടെങ്കിലും ഭൂരിപക്ഷവും 60 വയസിനു മുകളിലുള്ളവരാണ്.
ന്യൂജഴ്‌സിയിലും ന്യൂയോര്‍ക്കിലുമാണ് ഇന്ത്യന്‍ വംശജര്‍ കൂടുതലായി താമസിക്കുന്നത്. കൊവിഡ് മരണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ഇവിടെ നിന്നാണ്.
പെന്‍സില്‍വാനിയ, ഫ്‌ളോറിഡ, ടെക്‌സാസ്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലും ഇന്ത്യക്കാര്‍ കൊവിഡിനിരയായിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ 1000ത്തിലേറെ ഇന്ത്യന്‍ വംശജര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ന്യൂജഴ്‌സിയില്‍ 400 ലേറെ പേര്‍ക്കും ന്യൂയോര്‍ക്ക് നഗരത്തിലെ ടാക്‌സി ഡ്രൈവര്‍മാരായ ഇന്ത്യക്കാരില്‍ മിക്കവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ഇന്ത്യക്കാര്‍ക്ക് പ്ലാസ്മ ദാനംചെയ്യാന്‍ സന്നദ്ധരായവരെ തേടിയിരിക്കുകയാണ് ഇന്ത്യന്‍ സമൂഹ നേതാക്കള്‍.
അതിനിടെ, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ട് പ്രകാരം യു.എസില്‍ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു.
ഇന്നലെ മാത്രം രാജ്യത്ത് 2,108 പേരാണ് മരിച്ചത്. ഒറ്റ ദിവസം കൊവിഡ് മൂലം ഒരു രാജ്യത്ത് 2000ത്തിലധികം പേര്‍ മരിക്കുന്നത് ആദ്യമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."