നിയമനം കാത്തിരിക്കുന്നത് രണ്ടായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍
കോഴിക്കോട്: വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ തസ്തികയില്‍ പരീക്ഷ കഴിഞ്ഞ് രണ്ടു വര്‍ഷം കഴിയാറായിട്ടും നിയമനം നടത്താനാവാതെ പി.എസ്.സി. ഒബ്ജക്ടീവ് പരീക്ഷ, കായികക്ഷമതാ പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നീ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടും രണ്ടായിരത്തിലധികം ഉദ്യോഗാര്‍ഥികളാണ് നിയമനവും പ്രതീക്ഷിച്ചിരിക്കുന്നത്.
വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ തസ്തികയ്‌ക്കൊപ്പം വിജ്ഞാപനം പ്രസിദ്ധീകരിച്ചു പരീക്ഷ നടത്തിയ പുരുഷ സിവില്‍ പൊലിസ് ഓഫിസര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് 2019 ജൂലൈ ഒന്നിനാണ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. ഏഴു ബറ്റാലിയനുകളിലായുള്ള റാങ്ക് ലിസ്റ്റുകളില്‍ നിന്ന് മൂവായിരത്തിലധികം പേര്‍ക്കു നിയമന ശുപാര്‍ശയും നല്‍കി. എന്നാല്‍ വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം നീളുകയാണ്. 2017 ഡിസംബര്‍ 29ലെ ഗസറ്റിലാണ് ഈ തസ്തികയിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
മുന്‍പ് ബറ്റാലിയന്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചിരുന്ന തസ്തികയില്‍ ഇത്തവണ സംസ്ഥാന തലത്തിലായിരുന്നു വിജ്ഞാപനം. 2,96,602 പേര്‍ അപേക്ഷ നല്‍കി. 2018 ജൂലൈ 22ന് ഒ.എം.ആര്‍ പരീക്ഷ നടത്തി. 2019 ഏപ്രില്‍ 10ന് 10,000 പേരെ ഉള്‍പ്പെടുത്തി ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള കായികക്ഷമതാ പരീക്ഷ നടത്തിയത് കഴിഞ്ഞ നവംബറില്‍. കായികക്ഷമതാ പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി.
ഇനിയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ ഉദ്യോഗാര്‍ഥികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അധികൃതര്‍. ഒരുമിച്ചു പരീക്ഷയെഴുതിയ പുരുഷവിഭാഗത്തില്‍ അര്‍ഹത നേടിയവര്‍ ജോലിയില്‍ പ്രവേശിച്ചപ്പോഴും വനിതാ പൊലിസ് തസ്തികയില്‍ റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാത്തതിലുള്ള നിരാശ സമൂഹമാധ്യമങ്ങള്‍ വഴി ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."