ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തത് അരക്കോടിയിലേറെ കുഴല്‍പണം
നാദാപുരം: കുഴല്‍പണ വിതരണക്കാരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ജില്ലയില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ തട്ടിയെടുത്തത് അരക്കോടിയിലേറെ രൂപ. കുഴല്‍പണം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇതിനകം 65 ലക്ഷത്തിലധികം രൂപ വിതരണക്കാരില്‍നിന്നു കവര്‍ന്നതായാണ് പൊലിസിന്റെ കണ്ടെത്തല്‍.
കല്ലാച്ചിയില്‍ പൊലിസ് ചമഞ്ഞ് യുവാവില്‍ നിന്നു പണം തട്ടിയ കേസിലെ പ്രതി അയനിക്കാട് സ്വദേശി ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആറുമാസത്തിനുള്ളില്‍ അരക്കോടിയില്‍ അധികം രൂപ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നു തട്ടിയെടുത്തത്.
ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ അസമില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെയും കൂട്ടുപ്രതികളെയും ചോദ്യം ചെയ്തപ്പോഴാണ് പണം തട്ടിയ വിവരം പുറത്തുവന്നത്. സംഘത്തലവനായ ഫൈസലിന്റെ മൊബൈല്‍ ഫോണില്‍ നിന്നു കുഴല്‍പണ ഇടപാടുമായി ബന്ധമുള്ള നിരവധി പേരുടെ വിവരങ്ങള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം പതിനെട്ടിന് പുറമേരി കുനിങ്ങാട് റോഡില്‍ വച്ച് കുഴല്‍പണ വിതരണ സംഘത്തില്‍പെട്ട യുവാവിനെ കാറിലെത്തിയ നാലംഗ സംഘം ആക്രമിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
യുവാവിന്റെ പരാതിയില്‍ നാദാപുരം പൊലിസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് മറ്റു കവര്‍ച്ചകളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. കൊടുവള്ളി, വില്ല്യാപ്പള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇടപാടിനു പിന്നില്‍. കുഴല്‍പണ കവര്‍ച്ചക്കേസില്‍ പലതിലും പൊലിസിന് പരാതി ലഭിക്കാറില്ല. ഈ പഴുതാണു കവര്‍ച്ചാ സംഘത്തിന് തുണയാകുന്നത്.
പുറമേരി സംഭവത്തിനു ശേഷം പൊലിസ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഇതിനിടയിലാണ് സംഘത്തെക്കുറിച്ചുള്ള സൂചന പൊലിസിന് ലഭിക്കുന്നത്. ഫൈസലിനൊപ്പം പിടിയിലായ മുഹമ്മദ് എന്നയാളാണ് കല്ലാച്ചി ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുന്‍പ് കുഴല്‍പണ വിതരണക്കാരായ ഇവര്‍ പിന്നീട് ക്വട്ടേഷന്‍ സംഘത്തിലേക്ക് തിരിയുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഉടന്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."