ഞെട്ടല്‍ മാറാതെ ധാക്ക
ധാക്ക: 20 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍നിന്നു മുക്തിനേടാനാവാതെ ബംഗ്ലാദേശ്. ദുരന്തത്തെ തുടര്‍ന്ന് രാജ്യത്ത് രണ്ടു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രണമത്തില്‍ മുപ്പതോളം പേര്‍ക്കാണ് പരുക്കേറ്റത്. തീവ്രവാദികള്‍ കൊലപ്പെടുത്തിയ 20 പേരില്‍ ഒന്‍പത് പേര്‍ ഇറ്റാലിയന്‍ പൗരന്മാരാണ്. ഏഴുപേര്‍ ജപ്പാനില്‍ നിന്നുള്ളവരാണ്. രണ്ടുപേര്‍ ബംഗ്ലാദേശി പൗരന്മാരും ഒരാള്‍ അമേരിക്കക്കാരനുമാണ്. ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ തരുഷി ജെയ്‌നും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
അതേസമയം അക്രമികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവരുന്നുണ്ട്. പ്രൈവറ്റ് സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും പഠിച്ചവരും നല്ല കുടുംബ പശ്ചാത്തലമുള്ളവരുമാണ് കഫേയില്‍ ആക്രമണം നടത്തിയ സംഘം. ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രങ്ങളില്‍ നിന്ന് അക്രമികളില്‍ ചിലരെ സഹപാഠികള്‍ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
അക്രമസംഭവങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഭീകരാക്രമണം അരങ്ങേറിയത് സുരക്ഷാ വീഴ്ചയാണെന്നും ആരോപണം ഉയരുന്നുണ്ട്. ആയുധധാരികളായ ആളുകള്‍ക്ക് ഒരു പരിശോധന പോലും കൂടാതെ എങ്ങനെ കഫേയ്ക്കകത്ത് കടക്കാന്‍ കഴിഞ്ഞുവെന്ന ചോദ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."