നിരീക്ഷണത്തിലിരിക്കെ മരിച്ച തിരുവല്ല സ്വദേശിക്ക് കൊവിഡ് ഇല്ല
തിരുവല്ല: ഗാര്‍ഹിക നിരീക്ഷണത്തിലിരിക്കെ മരിച്ച തിരുവല്ല സ്വദേശിയുടെ മരണം കൊവിഡ് ബാധമൂലമല്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച തിരുവല്ല നെടുമ്പ്രം നോബിള്‍ ഹൗസില്‍ വിജയകുമാറി (68) ന്റെ സ്രവ പരിശോധനാ ഫലമാണ് നെഗറ്റീവ് ആണെന്ന് തെളിഞ്ഞത്.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടന്ന പരിശോധനയിലാണ് വിജയകുമാറിന് കൊവിഡ് ബാധയില്ലെന്ന് വ്യക്തമായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതോടെ ഒന്നര ദിവസമായി നീണ്ടു നിന്നിരുന്ന ആശങ്കയ്ക്ക് വിരാമമായി. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ശ്വാസതടസത്തെ തുടര്‍ന്ന് മുറിക്കുള്ളില്‍ കുഴഞ്ഞു വീണ വിജയകുമാറിനെ ബന്ധുക്കള്‍ ചേര്‍ന്ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. എയര്‍ ഫോഴ്‌സില്‍ ഉദ്യോഗസ്ഥയായ മകളെ സന്ദര്‍ശിക്കാനായി രണ്ടു മാസം മുന്‍പ് ഭാര്യയെയും കൂട്ടി ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയ വിജയകുമാര്‍ മാര്‍ച്ച് 23നാണ് തനിച്ച് നാട്ടില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് ഗാര്‍ഹിക നിരീക്ഷണത്തില്‍ തുടരവെയാണ് മുറിക്കുള്ളില്‍ കുഴഞ്ഞ് വീണത്. വിജയകുമാറിന് പ്രാഥമിക ചികിത്സ നല്‍കിയ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ അടക്കം ആറ് ജീവനക്കാരെയും ആശുപത്രിയില്‍ എത്തിച്ച നാല് ബന്ധുക്കളെയും നിരീക്ഷണത്തിലാക്കിയിരുന്നു. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."