കാടിന്റെ മക്കളെ വരവേല്‍ക്കാന്‍ ട്രൈബല്‍ വിദ്യാലയം അണിഞ്ഞൊരുങ്ങി
കരുളായി: കാടിന്റെ മക്കളെ കാത്ത് ഉച്ചക്കുളത്തെ ഗവ. ട്രൈബല്‍ എല്‍.പി സ്കൂള്‍ അണിഞ്ഞൊരുങ്ങി. ആന, മാന്‍, ജിറാഫ്, മുയല്, കരടി, പരുന്ത്, കാക്ക, തത്ത തുടങ്ങി വര്‍ണാഭമായ ചിത്രങ്ങള്‍ ചുമരുകളില്‍ വരച്ചാണ് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ സ്ക്കൂള് മോടികൂട്ടിയത്.
ഒപ്പം വരാന്തയും അകവും ടൈല്‍ പാകി ശിശു സൗഹൃദ വിദ്യാലയമാക്കിയിട്ടുണ്ട് ഈ കാട്ടിലെ പാഠശാല. കഴിഞ്ഞ വര്‍ഷം സ്കൂളില്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് ഉണ്ടായിരുന്നത്. കോളനിയിലെ കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കുന്നതിന് സ്കൂളിലെ ജീവനക്കാരുടേയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കോളനിയില്‍ നിരവധി പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഒപ്പം സ്കൂളിന്റെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ അധ്യാന വര്‍ഷത്തില്‍ സ്കൂള്‍ വാര്‍ഷികവും നടത്തിയിരുന്നു.
1979ലായിരുന്നു ആദിവാസി കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ഉച്ചക്കുളത്ത് ട്രൈബല്‍ എല്‍.പി സ്കൂള്‍ ആരംഭിച്ചത്. തുടക്കത്തില്‍ നാല്പതില്പ്പരം കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. കോളനിയില്‍ ആനയുടെ ശല്യം ഏറിയതുമൂലം ഇവിടെ നിന്നും കുറേ കുടുംബങ്ങള്‍ നാട്ടിന്‍പുറത്തെ തീക്കടിയിലേക്ക് താമസംമാറ്റി. ഇതേ തുടര്‍ന്നാണ് സ്കൂളില്‍ കുട്ടികള്‍ കുറഞ്ഞത്.
തുടര്‍ന്ന് പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്കായി നിലമ്പൂരില്‍ താമസിച്ച് പഠിക്കാന്‍ സൗകര്യമുള്ള ഐ.ജി.എം.എം.ആര്.എസിലേക്ക് കൂടി കുട്ടികള്‍ മാറി തുടങ്ങിയതോടെ ഇവിടെ കുട്ടികള്‍ കുറയുകയായിരുന്നു. തുടക്കത്തില്‍ നാല് അധ്യാപകര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു പ്രധാന അധ്യാപകന് ഉള്‍പടെ രണ്ട് അധ്യാപകര്‍ മാത്രമാണുള്ളത്. ഒപ്പം ഒരു പി.ടി.എസ് ജീവനക്കാരിയും ഒരു ആയയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."