ഡെങ്കിപ്പനി: കര്‍മപദ്ധതികള്‍ ഫലപ്രദമാകുന്നില്ല
കാസര്‍കോട്: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം വരെ 1200 ഓളം രോഗികളാണ് ഡെങ്കിപ്പനി സംശയത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നലെ ഇത് 1400നു മുകളിലേക്കുയര്‍ന്നു.
ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിക്കപ്പെട്ട രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 400ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ ഇരുനൂറോളം ആളുകള്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
അതേ സമയം ജില്ലയില്‍ ആരോഗ്യ വകുപ്പ് കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെങ്കിലും ഡെങ്കിപ്പനിയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
എന്നാല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ ഒട്ടനവധി സ്വകാര്യ ആശുപത്രികളിലും മംഗളൂരുവിലെ ആശുപത്രികളിലും പനി രോഗികള്‍ പെരുകിയിരിക്കുകയാണ്. മംഗളൂരുവിലെ ആശുപത്രികളില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും കാസര്‍കോട് ജില്ലയില്‍നിന്നുള്ളവരാണ്.
ഇവരുടെ കണക്കുകള്‍ ആരോഗ്യ വകുപ്പിന്റെ കൈയിലില്ല. ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ ജില്ലാ ഭരണാധികാരികളും ആരോഗ്യ വകുപ്പും അടിയന്തിര യോഗങ്ങളും വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജാഗ്രതാസമിതികളും രൂപീകരിച്ചെങ്കിലും ഇതൊന്നും പനി നിയന്ത്രണ വിധേയമാക്കാന്‍ ഉപകരിക്കുന്നില്ല.
അതേസമയം കൊതുകുകളെയും കൂത്താടികളെയും നശിപ്പിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പനികളെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ജനങ്ങളുടെ അഭിപ്രായം.
കൊതുകുനശീകരണത്തിനു ഫോഗിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ പനി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന കാഴ്ചപ്പാടിലാണ് ആളുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."