വനംവകുപ്പിന്റെ 'ദാരിദ്ര്യം'
ആലക്കോട്: ഇടിഞ്ഞുവീഴാറായി കാപ്പിമല മഞ്ഞപ്പുല്ലിലെ വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍. മരക്കമ്പുകളും പ്ലാസ്റ്റിക്കും ഉപയോഗിച്ച് നിര്‍മിച്ച കൗണ്ടര്‍ മഴക്കാലമായതോടെ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ദിവസേന മഞ്ഞപ്പുല്ല് വഴി വൈതല്‍മല കാണാന്‍ എത്തുന്നത്. ഈ കൗണ്ടറില്‍നിന്ന് ടിക്കറ്റ് എടുത്താല്‍ മാത്രമേ വൈതല്‍ മലയിലേക്ക് പ്രവേശിക്കാനാവൂ. ടിക്കറ്റ് നല്‍കുന്നതിനും സഞ്ചാരികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഒരു താല്‍ക്കാലിക ജീവനക്കാരനെ ഇവിടെ നിയമിച്ചിട്ടുണ്ട്.
ഈറ്റകളും മരക്കമ്പുകളും ഉപയോഗിച്ച് നിര്‍മിച്ച ചുമരിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരനെ കൂടാതെ ഫോറസ്റ്റ് ബീറ്റ് ഓഫിസര്‍മാരും ചില ദിവസങ്ങളില്‍ ക്യാംപ് ചെയ്യുന്നതും ഇവിടെയാണ്.
മഴ പെയ്യാന്‍ തുടങ്ങിയാല്‍ ഫയലുകളുമായി അടുത്തുള്ള റിസോര്‍ട്ടിലേക്ക് ഓടേണ്ട സ്ഥിതിയാണ്. വിനോദ സഞ്ചാരികളുടെ പേരുവിവരം രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ പൂരിപ്പിക്കാന്‍ ഒരു മേശ പോലും ഇവിടെയില്ല. കാടുകയറിക്കിടക്കുന്ന പരിസരം ഇഴജന്തുക്കളുടെ താവളം കൂടിയാണ്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ആലോചന തുടങ്ങിയിരുന്നെങ്കിലും പ്രാഥമിക നടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
വനമേഖലയായതിനാല്‍ പരിസ്ഥിതി സൗഹൃദ കെട്ടിടം മാത്രമേ ഇവിടെ നിര്‍മിക്കാന്‍ കഴിയൂ എന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ തൊട്ടടുത്ത സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് ഈ നിയമം ബാധകമല്ലേ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെയുള വിനോദസഞ്ചാരികള്‍ വരുന്ന പ്രദേശത്ത് പൊളിഞ്ഞുവീഴാറായ ഈ കൗണ്ടര്‍ നാടിനു തന്നെ നാണക്കേടാണ്. സഞ്ചാരികളില്‍നിന്ന് ഈടാക്കുന്ന തുക ഉപയോഗിച്ചെങ്കിലും നനയാതെ കയറി നില്‍ക്കാനുള്ള ഒരു കെട്ടിടം നിര്‍മിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."