തൃത്താല വെള്ളിയാങ്കല്ല് തടയണയില്‍ സാഹസിക മത്സ്യബന്ധനം വ്യാപകം
കൂറ്റനാട്: തൃത്താല വെള്ളിയാങ്കല്ലില്‍ തടയണയില്‍സാഹസിക മത്സ്യ ബന്ധനം വ്യാപകം. ജീവന്‍ പണയം വച്ചുള്ള മീന്‍പിടുത്തത്തിനായി ജില്ലയില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമായി നിരവധിപേരാണ് ഇവിടേക്കെത്തുന്നത്. തടയണയിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച് ഷട്ടറുകള്‍ തുറന്നതോടെ ഇതര സംസ്ഥാനക്കാരുള്‍പ്പടെയുള്ള മീന്‍പിടുത്തക്കാരുടെ എണ്ണവും വര്‍ധിച്ചു. ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന തരത്തിലാണ് ഇവിടുത്തെ മത്സ്യബന്ധനം. ഷട്ടര്‍ ഉയര്‍ത്താനായി സ്ഥാപിച്ച ഉരുക്കു വടങ്ങളിലൂടെയും പാലത്തിന്റെ കൈവരിയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറുകളിലൂടെയുമാണ് മിക്കവരും പുഴയിലേക്കിറങ്ങുന്ന്. കൈ തെറ്റിയാല്‍ പതിക്കുന്നത് താഴെയുള്ള കോണ്‍ക്രീറ്റ് കട്ടകളിലേക്കോ ഉരുക്ക് ഷട്ടറുകള്‍ക്ക് മുകളിലേക്കോ ആയിരിക്കും. മഴക്കാലത്ത് ഭിത്തികളിലെ വഴുക്കല്‍ അപകട സാധ്യത ഇരട്ടിയാക്കുകയുമാണ്. പുഴയേക്കുറിച്ചോ ഇവിടുത്തെ അപകട സാധ്യതയെക്കുറിച്ചോ വേണ്ടത്ര ധാരണയില്ലാതെ അയല്‍ജില്ലകളില്‍ നിന്നെത്തുന്നവരാണ് കൂടുതല്‍. തടയണയുടെ പടിഞ്ഞാറ് ഭാഗത്തും സ്ഥിതി വ്യത്യസ്ഥമല്ല. പാലത്തിന്റെ അടിത്തറയുടെ ഉറപ്പിനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് കട്ടകളുടെ മുകളില്‍ നിന്നാണ് ഇവിടെ നിന്നുള്ള മീന്‍പിടുത്തം. കാല് തെന്നിയാല്‍ വീഴുന്നത് കട്ടകള്‍ക്കിടയിലെ വിടവുകളിലേക്കോ കൂര്‍ത്ത ഇരുമ്പ് കമ്പികള്‍ക്ക് മുകളിലേക്കോ ആയിരിക്കും. തുറന്ന ഷട്ടറുകള്‍ക്ക് മുന്‍പിലെ മീന്‍പിടുത്തവും അപകടം നിറഞ്ഞതാണ്. ശക്തമായ ഒഴുക്കില്‍പ്പെട്ടാല്‍ പതിക്കുന്നത് പുഴയുടെ പടിഞ്ഞാറ് ഭാഗത്തെ കുത്തൊഴുക്കിലേക്കായിരിക്കും. ചെറുതും വലുതുമായ അപകട കുഴികള്‍ നിറഞ്ഞ പുഴയുടെ ഭാഗവുമാണിവിടം.
രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ, യാതൊരു സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാതെയുള്ള മീന്‍പിടുത്തത്തില്‍ എത് നിമിഷവും അപകടം പ്രതീക്ഷിക്കാമെന്ന് നാട്ടുകാരും പറയുന്നു. പകല്‍ സമയങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ തടയണക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ മീന്‍ പിടിക്കാനെത്തുന്നുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളാണ് ചെറിയ കുട്ടികളെ സാഹസിക മീന്‍ പിടുത്തത്തിന് ഉപയോഗിക്കുന്നത്. ഉപജീവനമാര്‍ഗത്തിനായി മത്സ്യ ബന്ധനത്തില്‍ ഏര്‍പെടുന്നവരേക്കാള്‍ വിനോദത്തിനായി എത്തുന്നവരാണ് ഭൂരിഭാഗവും. ഇവരുടെ പുഴയേക്കുറിച്ചുള്ള അജ്ഞത എത് നിമിഷവും അപകടം വിളിച്ച് വരുത്തുന്ന നിലയിലാണ്.
വെള്ളിയാങ്കല്ല് കേന്ദ്രീകരിച്ചുള്ള അപകടകരമായ മീന്‍പിടുത്തം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും തൃത്താല എസ്.ഐ.കൃഷ്ണന്‍ കെ. കാളിദാസ് അറിയിച്ചു. പ്രദേശത്ത് വൈകുന്നേരംആറു മുതല്‍ കാലത്ത് ആറു വരെ രാത്രികാല പൊലിസ് പട്രോളിങ്ങ് ശക്തമാക്കും. കുടാതെ മേഖലയില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജലസേചന വിഭാഗത്തോട് ആവശ്യപ്പെടും. മത്സ്യതൊഴിലാളി ലൈസന്‍സോ രേഖകളോ ഇല്ലാതെ അപകടകരമായ രീതിയില്‍ മീന്‍ പിടുത്തം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."