ജില്ലകളില്‍ പോക്‌സോ കോടതി അനുവദിക്കണം: സ്‌കൂള്‍ കൗണ്‍സിലേഴ്‌സ് മീറ്റ്
തൃശൂര്‍ : കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ പോക്‌സോ കോടതികള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സ്‌കൂള്‍ കൗണ്‍സി ലേഴ്‌സ് മീറ്റ്.
ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തില്‍ തൃശൂര്‍ എലൈറ്റ് ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ ജില്ലയിലെ സ്‌കൂളുകളിലെ കൗണ്‍സിലര്‍മാര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന ശില്‍പശാലയിലാണ് ഈ ആവശ്യമുയര്‍ന്നത്.
നിലവില്‍ സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന മൂന്ന് സ്‌പെഷല്‍ കോടതികളാണുള്ളത്. പോക്‌സോ കേസുമായി 900നു അടുത്തു കേസുകള്‍ കെട്ടിക്കിടക്കുന്നതു തൃശൂര്‍ ജില്ലയിലാണ്.
ജില്ല ബാലസൗഹൃദമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്കെതിരേയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ പോക്‌സോ കോടതി ആവശ്യമാണ്.
ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കൗണ്‍സിലര്‍മാര്‍ക്ക് പ്രത്യേകം റൂമുകള്‍ നിര്‍മിക്കണം. സ്‌കൂള്‍ കുട്ടികളുടെ കണ്ണും കാതുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതു കൗണ്‍സിലര്‍മാര്‍ക്കാണ്. പോക്‌സോ നിയമത്തേക്കുറിച്ചു എല്ലാ അധ്യാപകര്‍ക്കും ക്ലാസുകള്‍ നല്‍കണം. എല്ലാ വിദ്യാലയങ്ങളിലും കൗണ്‍സിലര്‍മാര്‍ ആവശ്യമാണ്.
പോക്‌സോ കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അക്കാര്യം ആരെ ആദ്യം അറിയിക്കണം, തുടര്‍ നടപടികള്‍ക്കായി ആരെ സമീപിക്കണം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും കൗണ്‍സിലേഴ്‌സ് മീറ്റില്‍ ഉയര്‍ന്നു.
കുട്ടികളുടെ സംരക്ഷണവും വികസനവും പരിപോഷണവുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നബാധിതരിലേക്കു എത്തിക്കുന്നതിലും പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ബാലാവകാശ കമ്മിഷന്‍ നേരത്തെ വിലയിരുത്തിയിരുന്നു.
അതു ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ കൗണ്‍സിലര്‍മാര്‍ ശ്രദ്ധിക്കണം.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൗണ്‍സിലര്‍മാര്‍ക്ക് വാര്‍ഷിക യോഗം നടത്താനുള്ള സാഹചര്യമൊരുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പബ്ലിക് പ്രോസിക്യൂട്ടല്‍ പയസ് മാത്യു, എന്‍. ശ്രീല മേനോന്‍, പത്മിനി ടീച്ചര്‍, തൃശൂര്‍ റൂറല്‍ എ.സി.പി മുഹമ്മദ് ആരിഫ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ചെയര്‍പേഴ്‌സണ്‍ പി.ഡി ജോര്‍ജ്, ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജില്ലാ അംഗം സ്മിത സതീഷ്, ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ പ്രതിനിധി സുരേഷ്‌കുമാര്‍, ഐ.സി.ഡി.എസ് പ്രോഗ്രം ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് എ.എ ഷറഫുദ്ദീന്‍ യോഗത്തില്‍ പങ്കെടുത്തു.
രാവിലെ ആരംഭിച്ച സെമിനാറിന്റെ ഭാഗമായി എന്‍.എല്‍.പി മാസ്റ്റര്‍ ട്രെയിനര്‍ ദിനു നൈറ്റ് കുട്ടികളുടെ അവകാശ സംരക്ഷണം, പോക്‌സോ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട്‌സ് എന്നിവയെക്കുറിച്ച് കൗണ്‍സിലര്‍മാര്‍ക്ക് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."