അധികൃതരുടെ അനാസ്ഥ: തെക്കുംകര ചിലമ്പിയം ചോലമിനി ഡാം പദ്ധതി കടലാസിലൊതുങ്ങുന്നു
വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ ടൂറിസം പദ്ധതികളില്‍ സുപ്രധാന നാഴികകല്ലാകുമായിരുന്ന ചിലമ്പിയം ചോല പദ്ധതി അധികൃതരുടെ കടുത്ത അനാസ്ഥയെ തുടര്‍ന്നു കടലാസിലൊതുങ്ങുന്നു.
ചെപ്പാറ പത്താഴകുണ്ട് പൂമല വാഴാനി ടൂറിസം എടനാഴിക്കു പുറകെയാണു ചെപ്പാറയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചിലമ്പിയം ചോല കൂടി ടൂറിസം കേന്ദ്രമാക്കുന്നതിനു മുന്‍ സര്‍ക്കാരിന്റെ കാലത്തു പദ്ധതി ആവിഷ്‌കരിച്ചത് .
കടുത്ത വേനലില്‍ പോലും സമൃദ്ധമായി വെള്ളമൊഴുകുന്ന ചോലയോടു ചേര്‍ന്നു മിനി ഡാം നിര്‍മിക്കുന്നതിനായിരുന്നു നിര്‍ദ്ദേശം.
ഇതിനു അഞ്ചു കോടി രൂപയുടെ പദ്ധതിക്കാണു എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. നിലവില്‍ ചിലമ്പിയം ചോലയിലെ ജലം പ്ലാനി തോടില്‍ ഒഴുകിയെത്തി വടക്കാഞ്ചേരി പുഴ വഴി അറബികടലില്‍ ചേരുകയാണ്.
മിനി ഡാം പണി പൂര്‍ത്തീകരിച്ചാല്‍ തെക്കുംകര പഞ്ചായത്തിലെ മലയോര മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാകുമായിരുന്നു.
അതു കൊണ്ടു തന്നെ ചിലമ്പിയം ചോലയില്‍ മിനി ഡാം നിര്‍മിക്കണമെന്ന ആവശ്യത്തിനും പഴക്കമേറെയുണ്ട്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ വെള്ളം വീടുകളിലെത്തിക്കുന്നതിനാണു പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിരുന്നത്.
ഇതിനു മുന്നോടിയായി കാട ചാലുകള്‍ നിര്‍മിക്കുന്നതിനു നിര്‍ദ്ദേശമുണ്ടായിരുന്നു. കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചു വെള്ളം പമ്പു ചെയ്യുന്നതിനും പദ്ധതി തയ്യാറാക്കിയിരുന്നു . സാധ്യതാ പഠനം നടത്തുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ടൂറിസം ജലസേചന വകുപ്പുകളിലെ വിദഗ്ദ സംഘം കഴിഞ്ഞ വര്‍ഷം ചിലമ്പിയം ചോലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
2016 മെയ് മാസത്തില്‍ അന്നത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി പ്രാണ്‍ സിങ്ങ് , പ്രൊജക്ട് എന്‍ജിനീയര്‍ പി. ശ്രീരാജ്, ജനറല്‍ മാനേജര്‍ എന്‍.ആര്‍ രവി ചന്ദ്രന്‍ , മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.വി രാധാകൃഷ്ണന്‍ , ഓവര്‍സിയര്‍ ഹരികൃഷണന്‍ ചിലമ്പിയം ചോല സന്ദര്‍ശിക്കുകയും പദ്ധതിക്കു അനുകൂല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നതാണ് ഇതിന്റെ അടിസ്ഥാനത്തിലാണു വിദഗ്ദ സംഘമെത്തിയിരുന്നത് .
സഹകരണ വകുപ്പ് മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു സന്ദര്‍ശനം.
ഇവരുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് അധികൃതര്‍ക്കു കൈമാറുന്നതോടെ പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡ് ധനസഹായം ലഭിയ്ക്കുമെന്നായിരുന്നു വിലയിരുത്തല്‍. മിനി ഡാം നിര്‍മിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണു ചിലമ്പിയത്തേതെന്നു വിദഗ്ദ സംഘം കണ്ടെത്തുകയും ചെയ്തിരുന്നതാണ്.
ഡാം നിര്‍മാണം പൂര്‍ത്തിയായാല്‍ 500 ഏക്കര്‍ സ്ഥലത്തു കൃഷിക്കും, കുടിവെള്ളത്തിനും ഈ ഡാമിലെ ജലം ഉപയോഗപ്പെടുത്താനാകുമെന്നും സംഘം കണ്ടെത്തിയിരുന്നു.
എന്നാല്‍ സംസ്ഥാനഭരണവും തെക്കുംകര പഞ്ചായത്ത് ഭരണസമിതിയും മാറിയതോടെ പദ്ധതി അവഗണനയുടെ പടുകുഴിയിലകപ്പെടുകയായിരുന്നു.
ഏറെ ജനോപകാരപ്രദമായ പദ്ധതി നഷ്ടപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഒരു മേഖലയുടെ ജല സുഭിക്ഷ ഉറപ്പാക്കുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്നു തെക്കുംകര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുനില്‍ ജെയ്ക്കബ്, ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്റ് വി.ജി സുരേഷ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."