കുടിവെള്ളം മുടങ്ങി; നാട്ടുക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുനസ്ഥാപിച്ചു
ഹരിപ്പാട്: തൃക്കുന്നപ്പുഴയില്‍ നിന്നുള്ള പമ്പിങ് തടസപ്പെട്ടതിനാല്‍ ഗ്രാമ പഞ്ചായത്തിന്റെ തീരപ്രദേശത്തും കിഴക്കേക്കരയിലും കുടിവെള്ളം മുടങ്ങുന്നതായി പരാതി ഉയര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇവിടുത്തെ മോട്ടോര്‍ തകരാറിലായിരുന്നു. അറ്റകുറ്റപണി വൈകിയതിനാല്‍ ഇന്നലെ രാവിലെ മുതല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഉച്ചയ്ക്ക് ശേഷം പമ്പിങ് പുനരാംരംഭിച്ചതോടെയാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു.
തൃക്കുന്നപ്പുഴ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിസരത്തെ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ കുടിവെള്ളം പൈപ്പുകളിലൂടെ എത്തുന്നത്. ദിവസവും 20 മണിക്കൂറോളം ഇവിടെ പമ്പിങ് നടത്താറുമുണ്ട്. എന്നിട്ടും എല്ലായിടത്തും ആവശ്യത്തിന് വെള്ളം കിട്ടാറുമില്ല.
ഇതിനിടെയാണ് മോട്ടോര്‍ തകരാറിലായത്. പ്രതിഷേധം ശക്തമായതിനാല്‍ ചൊവ്വാഴ്ച ഉച്ചയോടെ ജല അതോറിറ്റി അധികൃതര്‍ കുഴല്‍ കിണറ്റിനുള്ളിലെ മോട്ടോര്‍ പുറത്തെടുത്തു. തകരാര്‍ പരിഹരിച്ച് മോട്ടോര്‍കുഴല്‍ കിണറിനുള്ളില്‍ ഇറക്കാന്‍ ശ്രമിച്ചപ്പോഴും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇനി കുടിവെള്ളം മുടങ്ങില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കണമെന്നായിരുന്നു ആവശ്യം. 30 വര്‍ഷം മുമ്പ് ഡച്ച് ഗവണ്മെന്റിന്റെ സഹായത്തോടെ നിര്‍മിച്ച കുടിവെള്ള പദ്ധതിയാണിത്. അന്ന് നിര്‍മിച്ച കുഴല്‍ കിണറും പൈപ്പുകളുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. കുഴല്‍ കിണറും മോട്ടോറും തകരാറിലായാല്‍ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നതാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."