വേണ്ടത് പ്രായോഗിക സമീപനം
ഉപജീവനം തേടി നാടും വീടും ഉപേക്ഷിച്ച് പ്രവാസം തിരഞ്ഞെടുത്ത സഹോദരന്മാര്‍ ഇന്ന് നമ്മുടെ നാടിന്റെ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ലാണ്. നമ്മുടെ ജീവിത പുരോഗതിയുടെയും വിദ്യാഭ്യാസ മുന്നേറ്റത്തിന്റെയും പിന്നിലെ യഥാര്‍ഥ ശക്തി അവരാണ്. കുടുംബത്തിനും നാടിനും വേണ്ടി ജീവിച്ച് തീരുന്നതിനിടയില്‍ സ്വയം ജീവിക്കാന്‍ മറന്നവരാണ് അധികപേരും. പ്രാരാബ്ധങ്ങള്‍ക്കിടയിലും കരുണ വറ്റാത്ത മനസ്സിനുടമകളാണ് വിവിധ നാടുകളിലുള്ള, വിശിഷ്യാ ഗള്‍ഫിലുള്ള പ്രവാസികള്‍.
അവര്‍ നാട്ടിലേക്കയക്കുന്ന പണം മാത്രമല്ല കാരണം. സര്‍ക്കാരിന് വരുമാനം നേടിത്തരുന്ന ഇവിടെയുള്ള പ്രധാന സംരംഭങ്ങളിലെല്ലാം അവരുടെ പങ്കുണ്ട്. ഇന്ന് നാട് ഭീതിദമാം വിധം നേരിട്ടു കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ ഒരളവോളം പരിഹരിക്കപ്പെടുന്നത് മാത്രമല്ല, നാട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മദ്‌റസകള്‍, പള്ളികള്‍, യതീംഖാനകള്‍, അറബിക് കോളജുകള്‍ എന്നിവയ്‌ക്കെല്ലാം പ്രവാസികളുടെ വിയര്‍പ്പിന്റെ മണമുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഇന്ന് കാണുന്ന മത വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചാലകര്‍ പ്രധാനമായും പ്രവാസികളാണ്. അവരുടെ പിന്തുണ കൊണ്ടാണ് മതരംഗത്ത് സൗജന്യ വിദ്യാഭ്യാസം കൊടുക്കാന്‍ സമുദായത്തിന് സാധിക്കുന്നത്. കേരളത്തില്‍ ഭൗതിക വിദ്യാഭ്യാസ രംഗത്തുണ്ടായ ജാഗരണത്തിന്റെ പിന്നിലെ പ്രധാന ശക്തിയും ഇവര്‍ തന്നെ. അഭിമാനകരമായ വര്‍ത്തമാന കേരളത്തെ സൃഷ്ടിച്ചെടുത്തതിന്റെ പിന്നിലും ഇവരുടെ കൈയൊപ്പു തന്നെയാണുള്ളത്.
ഈ ബോധവും നന്ദിയും സമുദായ നേതൃത്വങ്ങള്‍ക്കുള്ളത് കൊണ്ട് തന്നെയാണ് പ്രവാസികളുടെ ആവശ്യത്തിന് എല്ലാ സ്ഥാപനങ്ങളും വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചത്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ കീഴിലുള്ള പതിനായിരത്തിലധികം വരുന്ന മദ്‌റസകളും അറബിക് കോളജുകള്‍, യതീംഖാനകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവശ്യമെങ്കില്‍ വിട്ടുനല്‍കുമെന്ന് നാം പ്രഖ്യാപിച്ചു കഴിഞ്ഞു. വെറുംവാക്കല്ല, ആത്മാര്‍ഥമായി തന്നെയാണ് ഇത് പറയുന്നത്. കാരണം നാം അവരോട് അത്രമാത്രം കടപ്പാടും നന്ദിയുമുള്ളവരാണ്.
പക്ഷേ, പ്രവാസികളെ കേരളം കാത്തിരിക്കുമ്പോഴും അവര്‍ക്ക് മുന്നില്‍ നമ്മുടെ സ്ഥാപനങ്ങള്‍ തുറന്ന് കിടക്കുമ്പോഴും മതപരവും സാമൂഹികവും പ്രായോഗികവുമായ വശങ്ങള്‍ ചിന്തിക്കാതെയുള്ള നടപടികള്‍ ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുകയെന്ന് നാം വിസ്മരിക്കരുത്. ഈ വിഷയത്തില്‍ നടക്കുന്ന പ്രതികരണങ്ങള്‍ അധികവും വൈകാരികമാണ്. വൈകാരികതക്കപ്പുറം പ്രായോഗിക സമീപനമാണ് ഇവിടെ അഭികാമ്യമായിട്ടുള്ളത്. പ്രവാസികളുടെ ഗുണത്തിന് വേണ്ടിയാണ് അവരെ തിരിച്ച് കൊണ്ടുവരണമെന്ന് നാം പറയുന്നത്. അതിനാല്‍ അവരുടെ ഭാവിയും തൊഴില്‍ നഷ്ട സാധ്യതയും തീര്‍ച്ചയായും പരിഗണിക്കേണ്ടതുണ്ട്.
'ത്വാഊന്‍' (പ്ലേഗ്) പിടിപെട്ട നട്ടിലേക്ക് നിങ്ങള്‍ പ്രവേശിക്കരുത്; ആ സമയം നിങ്ങള്‍ അവിടെയാണെങ്കില്‍ പുറത്ത് പോകുകയും അരുത് ' എന്ന ഹദീസ് ഇവിടെയും പ്രസക്തമാണ്. ഖലീഫ ഉമര്‍ (റ) ഫലസ്തീനിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അവിടെ പ്ലേഗ് പിടിപെട്ട വിവരം ഉമര്‍ (റ) അറിയുന്നത്. യാത്ര നിര്‍ത്തിവച്ച അദ്ദേഹം ശാമിലേക്ക് പോകുന്നത് സംബന്ധിച്ച് മുഹാജിറുകളോടും അന്‍സ്വാറുകളോടും ചര്‍ച്ച നടത്തി. പക്ഷേ, അവര്‍ക്കതില്‍ ഏകാഭിപ്രായത്തില്‍ എത്താന്‍ സാധിച്ചില്ല. ഖുറൈശി പ്രമുഖരുടെ അഭിപ്രായത്തോട് യോജിച്ച് കൊണ്ട് മദീനയിലേക്ക് തന്നെ മടങ്ങിപ്പോകാന്‍ ഉമര്‍ (റ) തീരുമാനിച്ചു. അതറിഞ്ഞ ഉമര്‍ (റ) ന്റെ സേനാനായകന്‍ കൂടിയായിരുന്ന അബൂഉബൈദ (റ) ചോദിച്ചു: അമീറുല്‍ മുഅമിനീന്‍, അല്ലാഹുവിന്റെ വിധിയില്‍ നിന്ന് നാം ഓടി രക്ഷപ്പെടുകയാണോ' ഖലീഫ ഉമര്‍ (റ) പറഞ്ഞു: അബൂ ഉബൈദാ, (കഷ്ടം തന്നെ) ഇത് മറ്റാരെങ്കിലുമാണ് ചോദിച്ചിരുന്നതെങ്കില്‍ (ഇത്ര സങ്കടമില്ലായിരുന്നു). അല്ലാഹുവിന്റെ വിധിയില്‍ നിന്ന് നാം പോകുന്നത് അല്ലാഹുവിന്റെ തീരുമാനത്തിലേക്ക് തന്നെയാണ്'. ഇമാം ബുഖാരി (റ) ഇത് വിശദമായി നിവേദനം ചെയ്തിട്ടുണ്ട്. പകര്‍ച്ചവ്യാധിയായ മഹാമാരികള്‍ പടര്‍ന്ന് പിടിച്ച എല്ലാ സംഭവങ്ങള്‍ക്കുമുള്ള തീരുമാനമാണ് പ്രസ്തുത ഹദീസിലൂടെ നബി (സ) പഠിപ്പിച്ചത്. മുന്‍പ് റാബിത്വയുടെ ഒരു ചര്‍ച്ചയില്‍ ഇതിന്റെ പ്രാധാന്യം ഞാന്‍ ചൂണ്ടിക്കാണിക്കുകയും പണ്ഡിത ലോകം അംഗീകരിക്കുകയും ചെയ്തതാണ്.
എന്നാല്‍ രോഗബാധയുള്ള നാട്ടില്‍ നിന്ന് ഒരാള്‍ പുറത്തു പോകരുത് എന്ന പ്രവാചക അധ്യാപനത്തിന്റെ ഉദ്ദേശം രോഗബാധയുള്ളയാള്‍ പുറത്തുപോയി രോഗം പരത്തരുതെന്നായിരിക്കുമല്ലോ. ഇവിടെ രോഗബാധയുള്ളിടത്തു നിന്ന് ആളുകളെ കൊണ്ടുവന്ന് ക്വാറന്റൈന്‍ ചെയ്ത് പൂര്‍ണമായും അണുബാധയില്ല എന്ന് ഉറപ്പുവരുത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് പ്രവാചക വചനത്തിന്റെ താല്‍പര്യത്തിന് എതിരല്ലെന്ന് മനസ്സിലാക്കാവുന്നതാണ്.
തിരിച്ചുവരവ് സംബന്ധിച്ചുള്ള ഏത് ചര്‍ച്ചയും പ്രവാസികളുടെ ഗുണം മുന്‍നിര്‍ത്തിയാകണം. അതിനാല്‍ തിരിച്ചുകൊണ്ടുവരുന്നതിന് കൃത്യമായ മാനദണ്ഡം ആവശ്യമാണ്. ഒരു മാനദണ്ഡവും പാലിക്കാതെ കൂട്ടമായുള്ള വരവ് പ്രവാസികള്‍ക്കോ അവരുടെ കുടുംബത്തിനോ സമൂഹത്തിനോ ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. പലനാടുകളിലും ക്വാറന്റൈന്‍ സൗകര്യമില്ലെന്നും ചികിത്സ ലഭ്യമാകുന്നില്ലെന്നും പ്രവാസി സുഹൃത്തുക്കള്‍ പരാതിപ്പെടുന്നുണ്ട്. രോഗികളും മറ്റുള്ളവരും ഇടകലര്‍ന്ന് ജീവിക്കുന്ന അവസ്ഥയാണ് പലയിടത്തുമുള്ളത്. അതിനാല്‍ പ്രാഥമികമായി ചെയ്യേണ്ടത് സുരക്ഷിതവും സൗകര്യപ്രദവുമായ ക്വാറന്റൈന്‍ സംവിധാനം രോഗികള്‍ താമസിക്കുന്ന രാജ്യങ്ങളില്‍ തന്നെ ഏര്‍പ്പെടുത്തുകയാണ്. അതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്.
മലയാളികള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു കെട്ടിടങ്ങളും ഔദ്യോഗിക നേതൃത്വത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. കെട്ടിടങ്ങള്‍ വാടകക്ക് എടുക്കാന്‍ ആവശ്യമായ പണം സര്‍ക്കാര്‍ അനുവദിക്കണം. അവര്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ നമ്മുടെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അവിടേക്ക് ഏര്‍പ്പാടാക്കണം. കേരളത്തില്‍ പരീക്ഷിച്ച് വിജയിച്ച മാര്‍ഗം അവര്‍ക്കും ലഭ്യമാക്കണം. ഇന്ത്യക്കാരുടെ കാര്യത്തില്‍ പൊതുവിലും മലയാളികളുടെ കാര്യത്തില്‍ വിശേഷിച്ചും അതീവ താല്‍പര്യമുള്ളവരാണ് അറബ് ഭരണാധികാരികള്‍. വിഷയം ബോധ്യപ്പെട്ടാല്‍ നടപടികള്‍ക്കും അനുവാദത്തിനും താമസമുണ്ടാകില്ല. ഈ ഘട്ടത്തില്‍ മലയാളികളെയോ ഇന്ത്യക്കാരെയോ മാത്രം ശ്രദ്ധിക്കാന്‍ അവര്‍ക്ക് പരിമിതിയുണ്ട്. അതിനാല്‍ നമ്മുടെ പൗരന്മാരെ നാം ഏറ്റെടുക്കണം. അതായിരിക്കും നിലവിലെ അവസ്ഥയില്‍ ഏറ്റവും സുരക്ഷിത മാര്‍ഗം.
രോഗികള്‍ക്കും തൊഴിലോ ശമ്പളമോ ഇല്ലാതെ ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിക്കണം. അവിടെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടപ്പാക്കാവുന്നതാണ്. അതിനാവശ്യമായ ഫണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കേണ്ടതുണ്ട്. അവിടെ മതിയായ ചികിത്സ നല്‍കാനാവാത്തവര്‍, തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ തുടരാനാവാത്തവര്‍, പ്രവാസികളുടെ കുടുംബങ്ങള്‍, പ്രായം കൂടിയവര്‍ തുടങ്ങിയവരെയാണ് അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടത്. അതിനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് ഗവണ്‍മെന്റ് സ്വീകരിക്കണം. ഏത് സാഹചര്യത്തിലും തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സമസ്തയും അതിന്റെ സ്ഥാപനങ്ങളും തയാറാണ്. കാരുണ്യവാനായ അല്ലാഹുവിനോട് ഈ പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കാന്‍ നാം പുണ്യകര്‍മങ്ങള്‍ വര്‍ധിപ്പിച്ച് പ്രാര്‍ഥിക്കുക. പ്രാര്‍ഥനകളില്‍ പ്രവാസികളെ പ്രത്യേകം പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."