മാനുവല്‍ നൂയര്‍: അഥവാ ജര്‍മനിയുടെ വന്‍ മതില്‍
ഫ്രാന്‍സിലെ സ്റ്റേഡ് ദ ബറോഡക്‌സ് സ്റ്റേഡിയത്തില്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന 40,000ത്തിലധികം കാണികള്‍. ഇറ്റലിയോ ജര്‍മനിയോ എന്നറിയാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ പോസ്റ്റിലേക്ക് കണ്ണും നട്ടിരിക്കുന്നു. 120 മിനുട്ടും കളിച്ചിട്ടും വിധി നിര്‍ണയിക്കാനാവാത്ത മത്സരം പെനാല്‍റ്റിയിലേക്ക് കടന്നിരിക്കുകയാണ്. പരിചയ സമ്പത്തുകൊണ്ട് തെല്ലും പതറാതെ നില്‍ക്കുന്ന ബുഫണ്‍ ഒരു വശത്ത്. ജയിക്കുമെന്ന ഉറപ്പോടെ നില്‍ക്കുന്ന നൂയര്‍ മറു വശത്ത്. യൂറോയില്‍ ജര്‍മനിയുടെ ഒരു മത്സരത്തിലും ഇതുവരെ നൂയറുടെ പോസ്റ്റിലേക്ക് പന്തെത്തിയിട്ടില്ല. ഇറ്റലിയുമായുള്ള മത്സരത്തില്‍ ആദ്യമായാണ് നൂയറെ കീഴടക്കി പന്ത് വലയിലെത്തുന്നത്. ഇതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീളുന്നത്.
പെനാല്‍റ്റിയില്‍ മൂന്നു കിക്ക് തടുത്തിട്ട നൂയര്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുകയാണ്. മത്സരം സഡന്‍ ഡെത്തിലേക്ക് നീണ്ടിരിക്കുന്നു. എന്നിട്ടും നൂയര്‍ അക്ഷോഭ്യനാണ്. നിര്‍ണായകമായ കിക്കെടുത്ത ഇറ്റാലിയന്‍ താരം ഡാര്‍മിയാന്റെ ഷോട്ട് നൂയര്‍ അസാമാന്യ മികവോടെ സേവ് ചെയ്തു. പിന്നീട് കിക്കെടുത്ത ജര്‍മന്‍ താരം ഹെക്ടര്‍ പന്ത് വലയിലെത്തിച്ചതോടെ ജര്‍മനി ചരിത്രം തിരുത്തിയെഴുതി. ഒരുപക്ഷേ ഷൂട്ടൗട്ടില്‍ ജര്‍മന്‍ താരങ്ങള്‍ ഇത്രയധികം അലസമായി കിക്കെടുത്തത് നൂയര്‍ ടീമിലുണ്ടെന്ന ആത്മവിശ്വാസത്തില്‍ കൂടിയായിരിക്കണം. അയാള്‍ ടീമിനെ രക്ഷിക്കുമെന്ന് താരങ്ങള്‍ എല്ലാവരും കരുതുന്നാണ്ടവണം. ഇതാണ് നൂയറിന്റെ സവിശേഷതകള്‍. അസംഭവ്യമായ കാര്യങ്ങളെ അസാമാന്യ മികവോടെ ടീമിന് നേടിക്കൊടുക്കുക എന്നത് നൂയറിന് എന്നും ഹരമാണ്.
കളിയിലെ കേമനായി തി രഞ്ഞെടുത്തതും നൂയറിനെയാണ്. മത്സരശേഷം എതിര്‍ ഗോളി ബുഫണെ പ്രകീര്‍ത്തിക്കാനും നൂയര്‍ സമയം കണ്ടെത്തി. ഒളിവര്‍ ഖാന് ശേഷം ആര് ജര്‍മന്‍ വലകാക്കും എന്നത് നൂയറുള്ളപ്പോള്‍ ജര്‍മനിക്ക് മുന്നില്‍ അപ്രസക്തമായ ചോദ്യമായിരുന്നു. 2010 ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ മാത്രമാണ് നൂയറെ കീഴടക്കി പോസ്റ്റില്‍ പ്രവേശിച്ചത്. 2012 യൂറോ കപ്പില്‍ രണ്ട് ഗോള്‍ നൂയര്‍ക്ക് വഴങ്ങേണ്ടി വന്നു. 2014 ലോക കപ്പില്‍ ജര്‍മന്‍ കപ്പിത്താനായത് നൂയറായിരുന്നു. അതേ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പറാകാനും നൂയര്‍ക്കായി. ലോകകപ്പില്‍ സ്റ്റോപ്പര്‍ ബാക്ക് എന്ന റോളിലാണ് നൂയര്‍ കണ്ടത്. ഗോള്‍ കീപ്പര്‍മാര്‍ ഇത്തരത്തില്‍ കളിക്കുന്നത് ലോകം അദ്ഭുതത്തോടെയാണ് കണ്ടത്.
രണ്ടാമത്തെ വയസുമുതല്‍ പന്ത് തട്ടി തുടങ്ങിയ നൂയര്‍ക്ക് ഏത് പ്രതിസന്ധിയേയും സമ്മര്‍ദമില്ലാതെ നേരാടാനുള്ള കരുത്തുണ്ട്. കളിക്കിടയില്‍ അഞ്ചാമത്തെ ഡിഫന്ററാവാനും നൂയര്‍ മടിക്കാറില്ല. ബോക്‌സിനകത്ത് ശാന്തനായി കാണാറുള്ള നൂയറുടെ ധൈര്യമാണ് ജര്‍മനിയുടെ വിജയവും. ബോക്‌സിനുള്ളിലിരുന്ന് വല കാക്കുന്നതിനപ്പുറം സ്വന്തം കളിക്കാരെ ഭയമില്ലാത്തെ കളിപ്പിക്കാനും നൂയര്‍ മറക്കാറില്ല. ജര്‍മനിക്കായി 77 മത്സരങ്ങളാണ് നൂയര്‍ കളിച്ചിട്ടുള്ളത്. ഇനിയുള്ള മത്സരങ്ങളിലും നൂയര്‍ കൃത്യമായി വലകാത്താല്‍ ജര്‍മനിയുടെയും ഫുട്‌ബോള്‍ ലോകത്തിന്റെയും എക്കാലത്തെയും ഗോള്‍കീപ്പറായി അദ്ദേഹം മാറുമെന്നതില്‍ തര്‍ക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."