കൊവിഡ്: രണ്ട് ലോക മഹായുദ്ധങ്ങളേക്കാള്‍ ആളുകള്‍ മരിക്കുമെന്ന് വുഹാനിലെ ഡോക്ടര്‍
റിയാദ്: ലോകത്തെ പിടിച്ചു കുലുക്കുന്ന കൊറോണ വൈറസ് മഹാമാരിയേറ്റുള്ള മരണം ഏറെ ഞെട്ടിക്കുന്ന തരത്തിലേക്കായിരിക്കുമെന്ന് മുന്നറിയിപ്പ്.
രണ്ടു ലോക മഹായുദ്ധത്തേക്കാള്‍ മരണ നിരക്ക് വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി വൈറസ് ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാന്‍ നഗരത്തിലെ പ്രമുഖ ആശുപത്രി ഡോക്ടര്‍ ആണ് രംഗത്തെത്തിയത്. വൈറസ് ബാധ വ്യാപകമാകുന്നതു തടയാന്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് പോലെയുള്ള പ്രമുഖ നഗരങ്ങള്‍ കൂടുതല്‍ കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വുഹാനിലെ ലൈഷെന്‍ഷന്‍ ആശുപത്രി ഡയരക്റ്റര്‍ വാങ് ഷിന്‍ഗുവാന്‍ മുന്നറിയിപ്പ് നല്‍കി.
'രണ്ടു ലോക മഹായുദ്ധം കവര്‍ന്നെടുത്തതിനെക്കാള്‍ ജീവനുകളെ ഈ പകര്‍ച്ചവ്യാധി ബാധിച്ചേക്കാം. ഇത് വളരെ അപകടകരമാണ്. ഗുരുതരമായ ഈ സാഹചര്യത്തില്‍ രാഷ്ട്രീയശക്തികള്‍ സ്വന്തം രാഷ്ട്രീയ ആവശ്യങ്ങള്‍ മാത്രം പരിഗണിക്കുകയും സാധാരണക്കാരുടെ ജീവിതത്തെ അവഗണിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം വിവേകശൂന്യമാണ്' അദ്ദേഹം പറഞ്ഞു. ഫേസ്മാസ്‌ക് ധരിക്കുന്നതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഫേസ് മാസ്‌ക് ധരിക്കുന്നത് സാംസ്‌കാരികമോ മെഡിക്കല്‍ ആവശ്യമോ എന്നതിലുപരി മുന്‍കരുതല്‍ എന്ന നിലക്കാണ് ഉപയോഗിക്കേണ്ടത്.
ന്യൂയോര്‍ക്കിലെ ഡോക്ടര്‍മാരുമായി ഈ വിഷയം സംസാരിച്ചപ്പോള്‍ ഇത് ഒരു സാംസ്‌കാരിക വിഷയമാണ് എന്നായിരുന്നു പ്രതികരണം. ഹോങ്കോങ് ഫീനിക്‌സ് ടെലിവിഷനും എന്നോട് ഈ ചോദ്യം ചോദിച്ചു. ഇവിടെയുള്ള എല്ലാ മാധ്യമങ്ങളോടും ഈ സന്ദേശം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് സംസ്‌കാരത്തിന്റെ ഭാഗമല്ല, സംരക്ഷണത്തിനായാണ് ഫേസ്മാസ്‌കുകള്‍ ഉപയോഗിക്കുന്നത്, ഇതിന് ശാസ്ത്രീയമായി നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ പകര്‍ച്ച വ്യാധി വളരെ ഗുരുതരമായതിന്റെ കാരണങ്ങളെക്കുറിച്ചും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്. വുഹാനില്‍ ഞങ്ങള്‍ നേരത്തെ അനുഭവിച്ച പരാജയമാണിത്.
നേരിയ ലക്ഷണങ്ങളുള്ള ചില രോഗികള്‍ക്ക് വീടുകളിലേക്ക് മടങ്ങാനും അവിടെ താമസിക്കാനും അനുമതിയുണ്ടായിരുന്നുവെങ്കിലും ഇത് ഒരു വലിയ പരാജയമാണെന്ന് പിന്നീട് ഞങ്ങള്‍ക്ക് മനസ്സിലായി.
അതിനാല്‍ പിന്നീട് ഫീല്‍ഡ് ആശുപത്രികളുടെ ഉദ്ദേശ്യം മനസിലാക്കുകയും നേരിയ ലക്ഷണങ്ങളുള്ള എല്ലാവരേയും ഇവിടെ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."