ഇവരെ പിടിച്ചില്ലെങ്കില്‍ ഒരു ലക്ഷം കിലോ ചീഞ്ഞളിഞ്ഞ മത്സ്യം നമ്മള്‍ കഴിച്ചേനെ...
തിരുവനന്തപുരം: മായം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസങ്ങളിലായി നടന്ന പരിശോധനകളില്‍ 1,00,508 കിലോ ഉപയോഗശൂന്യമായ മത്സ്യം പിടികൂടി നശിപ്പിച്ചു.
ഈസ്റ്റര്‍ ദിവസമായ ഇന്നലെ സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 4 വ്യക്തികള്‍ക്ക് നോട്ടിസ് നല്‍കി.
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം കുറ്റകരമാണ്.
മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അതത് ജില്ലകളിലെ അസി. ഭക്ഷ്യസുരക്ഷ കമ്മിഷണര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുന്ന ഈ ലോക്ഡൗണ്‍ കാലത്ത് അവരുടെ ആരോഗ്യത്തെ പോലും ഗുരുതരമായി ബാധിക്കുന്നതാണ് ഇത്തരം മത്സ്യങ്ങളെതിനാലാണ് ഓപ്പറേഷന്‍ സാഗര്‍ റാണി വീണ്ടും ശക്തിപ്പെടുത്തിയതെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
തിരുവനന്തപുരം 13, കൊല്ലം 12, പത്തനംതിട്ട 4, ആലപ്പുഴ 12, കോട്ടയം 3, എറണാകുളം 12, തൃശൂര്‍ 10, മലപ്പുറം 14, കോഴിക്കോട് 8, വയനാട് 2, കണ്ണൂര്‍ 14 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്നലെ പരിശോധനകള്‍ നടത്തിയത്.
കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയില്‍ 2043 കിലോ ചൂര, കേര മത്സ്യവും എറണാകുളത്ത് നിന്നും 67 കിലോ മത്സ്യവും മലപ്പുറത്ത് നിന്നും 18 കിലോ മത്സ്യവുമാണ് പിടികൂടി നശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."