ലൈഫ്, കെയര്‍ഹോം പദ്ധതികള്‍ ഒന്നാകുന്നു
തിരുവനന്തപുരം: രണ്ട് പ്രളയങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സഹകരണവകുപ്പ് പ്രാഥമിക സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് ആരംഭിച്ച കെയര്‍ഹോം പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയുമായി ചേരുന്നു. സഹകരണ വകുപ്പിലെ ഉന്നതര്‍ക്കുള്‍പ്പെടെ താല്‍പര്യമില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചിരിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച് ലൈഫ് മിഷന്‍ നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ നാളെ സഹകരണ വകുപ്പ് ജില്ലാ രജിസ്ട്രാര്‍മാരുടെ വിഡിയോ കോണ്‍ഫറന്‍സ് വിളിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
വീട് നിര്‍മിച്ചു നല്‍കേണ്ട 5000ല്‍ അധികം പേരുടെ പട്ടികയാണ് ലൈഫ് മിഷനില്‍നിന്നും സഹകരണ വകുപ്പിന് കൈമാറിയിരിക്കുന്നത്. സ്ഥലം ഉള്‍പ്പെടെ കണ്ടെത്തിയുള്ളതാണ് പട്ടിക. വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കുന്നതിനാണ് കെയര്‍ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. കെയര്‍ഹോം പദ്ധതി പ്രകാരം പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കും ലൈഫ് മിഷനില്‍ സ്ഥലവും വീടും ഇല്ലാത്തവര്‍ക്കും ഇതിലൂടെ വീട് ലഭ്യമാക്കാനാണ് നീക്കം. ലൈഫ് മിഷന്‍ കൈമാറിയ പട്ടികയിലുള്ള സ്ഥലങ്ങള്‍ 14 ജില്ലകളിലേയും രജിസ്ട്രാര്‍മാര്‍ സന്ദര്‍ശിച്ച് വിലയിരുത്തിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതിനായാണ് നാളത്തെ യോഗം.
കെയര്‍ഹോമിന്റെ രണ്ടാംഘട്ടം സാധ്യമാക്കുന്നതിനായി പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് ഒരു വര്‍ഷത്തെ ലാഭവിഹിതം നേരത്തെതന്നെ പിരിച്ചെടുത്തിരുന്നു. ഇത് അന്‍പത് കോടിയിലധികം വരും. നാല് മുതല്‍ അഞ്ച് ലക്ഷം വരെ തുക ഫ്‌ളാറ്റ് സമുച്ചയത്തിലായാലും ഒരു വീടിനായി വേണ്ടിവരുമെന്ന് സഹകരണ വകുപ്പ് നേരത്തെതന്നെ കണക്കാക്കിയിരുന്നതാണ്. അങ്ങനെയെങ്കില്‍ ലൈഫ് മിഷന്‍ നല്‍കിയിരിക്കുന്ന പട്ടിക അനുസരിച്ച് 5000 വീടുകള്‍ ഈ തുകയില്‍ നിര്‍മിക്കാനാകില്ല. ആവശ്യമായ പണത്തിന്റെ നാലിലൊന്നു മാത്രമേ സഹകരണ വകുപ്പിന്റെ കൈയിലുള്ളു എന്നതിനാല്‍ ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സഹകരണ ബാങ്കുകളില്‍നിന്നു കൂടുതല്‍ പണം കണ്ടെത്താന്‍ വകുപ്പിന് കഴിയില്ല. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയായിരിക്കും ലൈഫ് മിഷനും കെയര്‍ഹോം പദ്ധതികള്‍ ഒത്തുചേരുക.
ലൈഫ് മിഷന്‍ നല്‍കുന്ന പട്ടികയില്‍ വീട് വച്ചു നല്‍കുകയെന്ന മേല്‍നോട്ട ചുമതല മാത്രമാണ് ഉള്ളത്. മാത്രമല്ല ലൈഫ് മിഷന്‍ നല്‍കുന്ന പട്ടികയിലുള്ള ഗുണഭോക്താവുമായി സഹകരണ വകുപ്പിന് ഒരു ബന്ധവുമില്ല. വകുപ്പിന് ഇതുകൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാകുന്നുമില്ല. അതിനാല്‍ സഹകരണ വകുപ്പിലെ ഉന്നതര്‍ക്ക് ഈ സംവിധാനത്തോട് തുടക്കം മുതല്‍തന്നെ താല്‍പര്യമുണ്ടായിരുന്നില്ല. മാസങ്ങള്‍ക്കു മുന്‍പ് ഇക്കാര്യം ചര്‍ച്ചയായതാണെങ്കിലും വകുപ്പിന്റെ നിസഹകരണം കാരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയില്ല. സര്‍ക്കാരിന്റെ ഇപ്പോഴത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ലൈഫ് പദ്ധതിക്കായി പണം വിനിയോഗിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ധനകാര്യ മന്ത്രിയുടെ നിര്‍ദേശവും ഇതിനു കാരണമായിട്ടുണ്ടെന്നു പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ഉള്ളത് എന്നതിനാല്‍ ലൈഫ് രണ്ടാംഘട്ടം തുടങ്ങാതിരിക്കാനാകുമാകില്ല. അതുകൊണ്ടാണ് സഹകരണ വകുപ്പിന്റെ കൈയില്‍ ഇപ്പോള്‍തന്നെയുള്ള 50 കോടിയെടുത്ത് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോകുന്നത്. റവന്യു, പി.ഡബ്ല്യു.ഡി, സ്വകാര്യ വ്യക്തികള്‍ നല്‍കിയ സ്ഥലങ്ങളിലുമാണ് ലൈഫ്, കെയര്‍ഹോം പദ്ധതി സാക്ഷാത്കരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."