കെ. സുരേന്ദ്രന് മറുപടി പറയാതെ ചെന്നിത്തല; കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ രൂക്ഷമായ വിമര്‍ശനത്തിന് മറുപടി പറയാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം സുരേന്ദ്രനെ കടന്നാക്രമിച്ച് കോണ്‍ഗ്രസിന്റെ മറ്റു നേതാക്കള്‍ രംഗത്തെത്തി. തന്നെ വിമര്‍ശിച്ച കോണ്‍ഗ്രസ് യുവ നേതാക്കളെ പരിഹസിച്ച സുരേന്ദ്രന്‍ ചെന്നിത്തലയോ മുല്ലപ്പള്ളിയോ പറയുകയാണെങ്കില്‍ കേള്‍ക്കാമെന്നും തിരിച്ചടിച്ചു.
സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടി എല്ലാ ദിവസവും കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ലെന്നും വിമര്‍ശിക്കാന്‍വേണ്ടി മാത്രം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതി പ്രതിപക്ഷം നിര്‍ത്തണമെന്നും സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇതോട് പ്രതികരിക്കുന്നതിന് തയാറാകാതിരുന്ന രമേശ് ചെന്നിത്തല കോവിഡ് പ്രതിരോധത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും കെ.സുരേന്ദ്രന്റെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞു.
സുരേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, ടി.സിദ്ധിഖ്, ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല എന്നിവരാണ് രംഗത്തെത്തിയത്.
സര്‍ക്കാരിനെ ചെറുതായി വിമര്‍ശിക്കുന്നുണ്ട് സുരേന്ദ്രന്‍, ക്ഷമിക്കണം എന്ന് അപേക്ഷയുമായാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബി.ജെ.പി എപ്പോഴാണ് ഭരണപക്ഷമായത് എന്നാണ് പി.സി.വിഷ്ണുനാഥ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.
ദിവസവും ആറ് മണിക്ക് മുഖ്യമന്ത്രി പി.ആര്‍ വര്‍ക്ക് നടത്തുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന റേഷനരി സ്വന്തം പേരിലാക്കുകയാണെന്നും 1000 രൂപയുടെ പലവ്യഞ്ജനങ്ങള്‍ എന്നത് വെറും 750 രൂപയില്‍ താഴെ ഉള്ളതാണെന്നും ടി.സിദ്ധിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിമര്‍ശിച്ച് നടന്ന സുരേന്ദ്രന്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞിട്ടുണ്ട്. ഇത്രയും കാലം സജീവമായിരുന്ന അന്തര്‍ധാര ഇപ്പോള്‍ പരസ്യമായിരിക്കുന്നു എന്നും സിദ്ധിഖ് കുറിക്കുന്നു. പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്റെ ഹൃദയം വിങ്ങുന്നതെന്തിനാണെന്നും ഇതാണ് ബി ടീം കളിയെന്നും കോണ്‍ഗ്രസിന്റെയല്ല, സി.പി.എമ്മിന്റെ ബി ടീമാണ് കേരളത്തിലെ ബി.ജെ.പിയെന്ന തങ്ങളുടെ വാദം ശരിയെന്നു കുറേക്കൂടി വ്യക്തമായിരിക്കുന്നു എന്നും ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
കോണ്‍ഗ്രസ് യുവനേതാക്കളുടെ ഈ ട്രോളുകളെയൊക്കെ ആര് ശ്രദ്ധിക്കാനാണെന്നും പ്രതിപക്ഷ നേതാവ് രംഗത്തെത്തട്ടേയെന്നുമാണ് സുരേന്ദ്രന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."