കറുത്ത മഹാമാരിയുടെ ഓര്‍മപേറി കൊറോണക്കാലത്തിനും സാക്ഷിയായി...
പാലക്കാട്: ലോകമെങ്ങും പടര്‍ന്നു പിടിച്ച പ്ലേഗ് എന്ന മഹാമാരിയെ പ്രതിരോധിക്കാനും രോഗികളെ ശുശ്രൂഷിക്കാനുമായി നൂറ്റാണ്ടു മുന്‍പു നിര്‍മിച്ച ഐസൊലേഷന്‍ കേന്ദ്രം ഇപ്പോഴും ഇവിടയുണ്ട്.
അന്നത്തെ കൊച്ചി രാജ്യത്തില്‍ ഉള്‍പ്പെട്ട ചിറ്റൂര്‍ തത്തമംഗലം നഗരസഭ ഓഫിസ് പ്രവര്‍ത്തിക്കുന്ന അമ്പാട്ടുപാളയം -കറുകമണി വഴിയോരത്താണ് കെട്ടിടം ഉള്ളത്. ഇതിപ്പോള്‍ ജലസേചന വകുപ്പിന്റെ കൈവശമാണ്. നൂറു വര്‍ഷം മുന്‍പ് നിര്‍മിച്ച കെട്ടിടത്തിന് വിള്ളല്‍ പോലുമില്ല.
നാലുപേരെ കിടത്തി ചികില്‍സിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരുന്നത്. മുറികള്‍ ജയില്‍മുറിപോലെ ജനാലകളില്ലാതെയാണ്.
കൊച്ചി-മലബാര്‍ അതിര്‍ത്തിപ്രദേശമായ കറുകമണിയെന്ന കാര്‍ഷിക ഗ്രാമത്തില്‍ ജനവാസമില്ലാത്ത സ്ഥലത്താണ് കെട്ടിടം. അന്ന് പ്ലേഗ് ഹൗസിന് സമീപത്തുകൂടി നടന്നു പോകാന്‍ ഗ്രാമീണര്‍ ഭയപ്പെട്ടിരുന്നതായി മുന്‍ എം.എല്‍. എയും ഗാന്ധിയനുമായ കെ.എ ചന്ദ്രന്‍ പറയുന്നു.
ഇവിടെ താമസിക്കുന്ന രോഗികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കെട്ടിടത്തിനു ചുറ്റും കമ്പിവേലികെട്ടി സുരക്ഷിതമാക്കിയിരുന്നു.
ഇവിടെ അസുഖം മൂര്‍ച്ഛിച്ച് മരിക്കുന്നവരെ ഒറ്റമുളയില്‍ കെട്ടി രണ്ടുപേര്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള പുഴയോരത്ത് മറവുചെയ്യുകയായിരുന്നുവെന്നും അക്കാലത്ത് പ്ലേഗ് പ്രദേശവാസികളുടെ പേടിസ്വപ്നമായിരുന്നുവെന്നും കെ.എ ചന്ദ്രന്‍ പറയുന്നു.
ഐക്യകേരളം പിറന്നതോടെ കൊച്ചിയും മലബാറും ഒന്നിച്ചു. കെട്ടിടം അവിടെത്തന്നെ നിലയുറപ്പിച്ചു. ചിറ്റൂര്‍പുഴ പദ്ധതിക്കായി സ്ഥലം കൈമാറിയപ്പോള്‍ പ്ലേഗ് ഹൗസ് ജലസേചനവകുപ്പിനു കീഴിലായി.
ജലസേചനവകുപ്പില്‍ ജോലിക്കെത്തിയ ജീവനക്കാര്‍ക്ക് താമസത്തിനായി കെട്ടിടം നല്‍കിയിരുന്നു. എന്നാല്‍ പ്ലേഗ് ശുശ്രുഷ കേന്ദ്രമാണെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞറിഞ്ഞതോടെ ജീവനക്കാര്‍ ഇവിടം ഉപേക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."