പഞ്ചാബില്‍ ലോക്ക് ഡൗണിനിടെ സിഖ് തീവ്രവാദി ആക്രമണം
പൊലിസുകാരന്റെ കൈ വെട്ടിമുറിച്ചു
ചണ്ഡീഗഡ്: ലോക്ക്ഡൗണ്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനിടെ പഞ്ചാബില്‍ പൊലിസുകാര്‍ക്കു നേരെ സിഖ് തീവ്രവാദികളുടെ ആക്രമണം. ഒരു പൊലിസുകാരന്റെ കൈ അക്രമികള്‍ വെട്ടിമുറിച്ചു.
മറ്റു രണ്ടു പൊലിസുകാര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ആറുമണിയോടെ പട്യാല ജില്ലയിലെ പച്ചക്കറി മാര്‍ക്കറ്റിലായിരുന്നു സംഭവം. തീവ്ര സിഖ് വിഭാഗമായ നിഹാങ്ങ് ആണ് ആക്രമണത്തിനു പിന്നിലെന്ന് പൊലിസ് പറഞ്ഞു.
കൈക്കു വെട്ടേറ്റ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഹര്‍ജീത്ത് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സര്‍ജറിക്ക് വിധേയനാക്കി. വാളുകളും കത്തികളുമായായി ഒരു കാറില്‍ എത്തിയ നിഹാങ്ങുകള്‍ ബാരിക്കേഡുകള്‍ തട്ടിമാറ്റി മുന്നോട്ടുപോയപ്പോള്‍ പൊലിസ് തടഞ്ഞു.
അവരോട് കര്‍ഫ്യൂ പാസ് ചോദിച്ചപ്പോള്‍ പൊലിസിനു നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് പൊലിസ് മേധാവി ദിന്‍കര്‍ ഗുപ്ത പറഞ്ഞു. ആക്രമണത്തിനു ശേഷം അക്രമികള്‍ നിഹാങ്ങ് ഗുരുദ്വാരയിലേക്കു പോയതായും പൊലിസ് പറഞ്ഞു.
തുടര്‍ന്ന് ഗുരുദ്വാര അധികൃതരുമായി നടന്ന നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് അക്രമികള്‍ കീഴടങ്ങിയത്. 20 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. തോക്കുകളും പെട്രോള്‍ ബോംബുകളും 35 ലക്ഷം രൂപയും ഗുരുദ്വാരയില്‍ നിന്നു പൊലിസ് പിടിച്ചെടുത്തു.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മെയ് ഒന്നു വരെ നീട്ടി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവിറക്കിയിരുന്നു. ഇതുവരെ 158 പേര്‍ക്കാണ് പഞ്ചാബില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ 11 പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."