മുഖ്യമന്ത്രി അപമാനിക്കരുതായിരുന്നു
ആലുവ പൊലിസ് സ്റ്റേഷനില്‍ പൊലിസിന്റെ അക്രമ പരമ്പരകള്‍ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാരെ തീവ്രവാദികളെന്നും ആലുവ സ്വതന്ത്ര റിപബ്ലിക്കല്ലെന്നും പറഞ്ഞ് ആലുവക്കാരെ മുഴുവനും അധിക്ഷേപിച്ച മുഖ്യമന്ത്രി നിയമസഭയുടെയും അംഗങ്ങളുടേയും അന്തസ്സിനെയാണ് ക്ഷതമേല്‍പിച്ചിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ മഹത്വത്തെക്കുറിച്ച് ഓര്‍ക്കാതെ വാക്പയറ്റില്‍ ജയിക്കാന്‍ സാദാ രാഷ്ട്രീയക്കാരന്‍ എടുത്തുപയോഗിക്കുന്ന വാക്കുകള്‍ സഭാ നേതാവിന് ചേരുന്നതല്ല.
ജനകീയസമരങ്ങള്‍ നടത്തുന്നവരെയും അവകാശങ്ങള്‍ക്കായി പൊരുതുന്നവരെയും മാവോവാദികളായും തീവ്രവാദികളായും ചിത്രീകരിക്കുക എന്നത് ഇടതുമുന്നണി സര്‍ക്കാര്‍ ഒരു സ്വഭാവമാക്കിയിരിക്കുകയാണ്. യഥാര്‍ഥ പ്രശ്‌നത്തെ തമസ്‌കരിക്കുവാനും ജനങ്ങളുടെ ശ്രദ്ധ എളുപ്പത്തില്‍ മാറ്റാനും വേണ്ടിയാണ് ഈ തറ വേല സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ ഇത് പതിവായി പ്രയോഗിക്കുന്ന സി.പി.എം നേതാവാണ് എല്‍.ഡി.എഫ് കണ്‍വീനറായി അവരോധിക്കപ്പെട്ട എ. വിജയരാഘവന്‍.
വിഷ്ണു പ്രണോയിയുടെ അമ്മ മഹിജ മകന്റെ മരണ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരെ ഒന്നടങ്കം മാവോ വാദികളും തീവ്രവാദികളുമാക്കിക്കളഞ്ഞു ഇടതുമുന്നണി സര്‍ക്കാര്‍. സമരം വീക്ഷിക്കുകയായിരുന്ന വി.എസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാനെ കലാപകാരിയായി മുദ്രകുത്തി അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ അമ്മ പൊലിസ് സ്റ്റേഷനില്‍ നിരാഹാരം കിടക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് ഷാജഹാനെ വിട്ടയച്ചത്.
എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചാപ്പകുത്തുന്നത് ബി.ജെ.പി സര്‍ക്കാരിന്റെ പതിവാണ്. ഈ നയത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാടുകള്‍. ജൂണ്‍ അഞ്ചിന് ചൊവ്വാഴ്ച നോമ്പുതുറക്കാനുള്ള ഭക്ഷണ സാധനങ്ങളുമായി വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ആലുവ എടത്തല സ്വദേശി ഉസ്മാനെ ഇടിച്ചിട്ട് കടന്ന്‌പോകാനൊരുങ്ങിയ പൊലിസ് വാഹനത്തെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ഉസ്മാനെ മഫ്ടി വേഷത്തില്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പൊലിസുകാര്‍ റോഡില്‍ വച്ചും പിന്നീട് പൊലിസ് സ്റ്റേഷനില്‍ വച്ചും അതിക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയനാക്കിയത്. ഇത് ചോദ്യം ചെയ്തവരെയാണ് മുഖ്യമന്ത്രി തീവ്രവാദികളാക്കിയത്. സഭാ തലവന്‍ കൂടിയായ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം അത് നിര്‍വഹിക്കാന്‍. ഉസ്മാനെ അന്യായമായി തല്ലിച്ചതച്ച പൊലിസിനെതിരെ പ്രതിഷേധിച്ചവരെ തീവ്രവാദികളായി കുറ്റപ്പെടുത്താന്‍ എന്ത് വസ്തുതയാണ് മുഖ്യമന്ത്രിയുടെ കൈയില്‍ ഉണ്ടായിരുന്നത്.
കളമശ്ശേരിയില്‍ ബസ് കത്തിച്ചതില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ചിലര്‍ ആള്‍കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ന്യായം. കളമശ്ശേരിയില്‍ ബസ് കത്തിച്ചതിന് പിടിയിലായത് പി.ഡി.പി അംഗങ്ങളാണ്. ഇവരുടെ നേതാവായ അബ്ദുല്‍ നാസര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ ജയില്‍ മോചിതനായപ്പോള്‍ സ്വീകരിച്ചാനയിച്ചത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായിരുന്നു എന്ന വസ്തുത മറക്കരുത്.
പൊലിസ് മര്‍ദനം നിയമസഭയില്‍ അവതരിപ്പിച്ച സ്ഥലം എം.എല്‍.എ അന്‍വര്‍സാദത്ത് പ്രസംഗിക്കുന്നതിനിടെ ഉസ്മാന്‍ നോമ്പനുഷ്ഠിച്ചിരുന്നുവെന്ന് പറഞ്ഞത് മുഖ്യമന്ത്രിക്ക് എങ്ങനെയാണ് മതസ്പര്‍ധ ഉയര്‍ത്തുന്ന പ്രയോഗമായി മാറിയത്. കുര്‍ബാനക്ക് പോവുകയായിരുന്നു എന്നു പറയുന്നതും പൂജാദി കര്‍മങ്ങള്‍ക്ക് പോവുകയായിരുന്നു എന്ന് പറയുന്നതും ഈ കണക്കില്‍ മുഖ്യമന്ത്രിയുടെ ഭാഷയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രയോഗമായി മാറുമല്ലോ. ഇതൊന്നും ഒരു സഭാ നേതാവിന് ഒട്ടും ചേരുന്ന വാക്പ്രയോഗങ്ങളല്ല.
അന്‍വര്‍ സാദത്ത് എം.എല്‍.എ അടിയന്തര പ്രമേയാവതരണത്തിന് അനുമതി ചോദിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കിയപ്പോള്‍ അത് തിരസ്‌കരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ അവസരം നല്‍കുകയായിരുന്നു സ്പീക്കര്‍ പി. രാമകൃഷ്ണന്‍. ഈ മറുപടി പ്രസംഗത്തിലാണ് ഉസ്മാനെ മര്‍ദിച്ച ആലുവ പൊലിസ് സ്റ്റേഷനില്‍ തടിച്ചുകൂടിയ നാട്ടുകാരെ തീവ്രവാദികളായും ആലുവ സ്വതന്ത്ര റിപബ്ലിക്കല്ല എന്ന അപമാനകരമായ പ്രസ്താവനയും മുഖ്യമന്ത്രി നടത്തിയത്. ഉസ്മാനെ മര്‍ദിച്ച പൊലിസുകാരെ സ്ഥലം മാറ്റി അവരെ രക്ഷപ്പെടുത്തുവാന്‍ വിഷയത്തെ ബോധപൂര്‍വം തിരിച്ചുവിടുകയായിരുന്നു മുഖ്യമന്ത്രി ഇത്തരം പ്രഖ്യാപനത്തിലൂടെ.
വിഷയത്തെ വര്‍ഗീയമായും മതസ്പര്‍ധ വളര്‍ത്തുന്നതായും ആരോപിച്ചാല്‍ ജനവികാരം മറ്റൊന്നായിത്തീരുമെന്ന കണക്ക് കൂട്ടലായിരിക്കാം ഇങ്ങനെ പറയുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. തുടര്‍ച്ചയായ പൊലിസ് അക്രമങ്ങള്‍ പൊതുസമൂഹത്തിന്റെ സുരക്ഷിതത്തിന് ഭീഷണിയായിരിക്കുകയാണ്. ഭയാശങ്കകളോടെയല്ലാതെ വീട്ടിലും പുറത്തും കഴിയാനാവാത്ത അവസ്ഥയാണിപ്പോള്‍ ഉള്ളത്. ഇതിനെയെല്ലാം വെള്ള പൂശാനുള്ള കുതന്ത്രം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ തീവ്രവാദ ആരോപണം. ആലുവ സ്വതന്ത്ര റിപബ്ലിക്കല്ല എന്ന അപലപനീയമായ പ്രസ്താവനയും ഇതിന്റെ ഭാഗം തന്നെ. സഭയുടെയും അംഗങ്ങളുടെയും അഭിമാനത്തെ ഇടിച്ച് താഴ്ത്തുംവിധം നിയമസഭയില്‍ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി മാപ്പു പറയേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."