പൊട്ടിത്തെറിച്ച് കുര്യന്‍; മറുപടിയുമായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം, ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ സംഭവത്തില്‍ പൊട്ടിത്തെറിച്ച് പി.ജെ കുര്യനും മറുപടിയുമായി ഉമ്മന്‍ചാണ്ടിയും.
മാണി വിഭാഗത്തിന് സീറ്റ് നല്‍കിയ സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നും ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അദ്ദേഹം കൃത്യമായി വിജയിച്ചുവെന്നും പി.ജെ കുര്യന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് കുര്യനോട് യാതൊരു വ്യക്തി വൈരാഗ്യവുമില്ലെന്നും ബഹുമാനവും ആദരവുമാണുള്ളതെന്നും എ.ഐ.സി.സി ജന. സെക്രട്ടറി ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞു.
എല്ലാത്തിന് പിറകിലും ഉമ്മന്‍ചാണ്ടിയാണ്. തന്നോട് ഉമ്മന്‍ചാണ്ടിക്ക് വ്യക്തി വൈരാഗ്യമുണ്ടെന്നും പി.ജെ കുര്യന്‍ ഡല്‍ഹിയില്‍ പറഞ്ഞു. തന്നെ വെട്ടാന്‍ 2012 ലും ഉമ്മന്‍ചാണ്ടി നോക്കിയിരുന്നു. എന്നാല്‍ അന്ന് ആന്റണിയും ചെന്നിത്തലയും തന്നെ പിന്തുണച്ചു. രാജ്യസഭാ സീറ്റ് തനിക്ക് നല്‍കാനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിച്ചത്. ഇക്കാര്യം ഹൈക്കമാന്‍ഡ് നേതൃത്വം നേരിട്ടറിയിച്ചു. അതുകൊണ്ടാണ് രാഹുല്‍ഗാന്ധിക്ക് നല്‍കിയ കത്തിലും സീറ്റ് വേണ്ടെന്ന് പറയാതിരുന്നത്. പക്ഷേ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിലൂടെ താന്‍ വീണ്ടും തിരികെ എത്താനുള്ള നീക്കം ഉമ്മന്‍ചാണ്ടി തടയുകയാണുണ്ടായതെന്നും കുര്യന്‍ ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണി വിഭാഗം യു.ഡി.എഫിലേക്ക് തിരിച്ചുവരുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. രാജ്യസഭാ സീറ്റ് അവര്‍ പോലും പ്രതീക്ഷിച്ചതല്ല. സീറ്റ് കിട്ടുമെന്നെ തോന്നലുണ്ടായതോടെയാണ് അക്കാര്യം അവര്‍ മുന്നോട്ടുവച്ചത്. സീറ്റ് കിട്ടിയാല്‍ മാത്രമേ കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരൂവെന്ന് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചത് ഉമ്മന്‍ചാണ്ടിയാണ്. പലരേയും ഒഴിവാക്കുക എന്നതും നിലനിര്‍ത്തുക എന്നതും ഉമ്മന്‍ചാണ്ടിയുടെ പണ്ടേയുള്ള സ്വഭാവമാണെന്നും പി.ജെ കുര്യന്‍ ആരോപിച്ചു.
കോണ്‍ഗ്രസിന്റെ ഒരു ഘടകത്തിലും ഇക്കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നില്ല. എല്ലാം മൂന്നുപേരുടെ തീരുമാനങ്ങളായിരുന്നു. എനിക്കെതിരേ പ്രതിഷേധത്തിന് തുടക്കമിട്ടതില്‍ പ്രധാനികള്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്നവരാണ്. ഇതെല്ലാം അദ്ദേഹത്തിന്റെ അറിവോട് കൂടിത്തന്നെയാണ്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. പാര്‍ട്ടിയില്‍ തീരുമാനമെടുക്കേണ്ട രാഷ്ട്രീയകാര്യ സമിതി അപ്രസക്തമായെന്നും കുര്യന്‍ ആരോപിച്ചു.
എന്നാല്‍ 1980 മുതല്‍ കുര്യന്‍ മത്സരിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രാജ്യസഭാ തെരഞ്ഞെടുപ്പുകളിലും സജീവമായി താന്‍ കൂടെയുണ്ടായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.ജെ കുര്യനോട് തനിക്ക് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല. മറിച്ച് ആദരവും ബഹുമാനവുമാണുള്ളതെന്നും എ.ഐ.സി.സി ജന. സെക്രട്ടറി കൂടിയായ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായി കുര്യന്‍ രാജ്യസഭയിലേക്കു പോകുമ്പോള്‍ നല്‍കിയ സീറ്റില്‍ കേരള കോണ്‍ഗ്രസിനു വേണമെങ്കില്‍ അവകാശവാദം ഉന്നയിക്കാമായിരുന്നു. എന്നാല്‍ അവര്‍ക്ക് അടുത്തതവണ നല്‍കാമെന്നു പറഞ്ഞ് സീറ്റ് കുര്യനു വാങ്ങിക്കൊടുത്തത് താനാണ്. അടുത്ത പ്രാവശ്യം കേരള കോണ്‍ഗ്രസിനു സീറ്റു നല്‍കാമെന്നും വാഗ്ദാനം നല്‍കിയിരുന്നു.
കുര്യനോടു 2012ല്‍ മാറിനില്‍ക്കണമെന്നു താന്‍ പറഞ്ഞത് സത്യമാണ്. പകരം മലബാറില്‍നിന്നുള്ള ഒരു നേതാവിന്റെ പേരു കൊടുക്കണമെന്നു പറഞ്ഞു. എന്‍.പി മൊയ്തീന്റെ പേരു പറയുകയും ചെയ്തു. എന്നാല്‍ കുര്യന്‍ മത്സരിക്കണമെന്നു നിര്‍ബന്ധം പിടിച്ചു. അന്നു മുഖ്യമന്ത്രിയായിരുന്ന താന്‍ എതിര്‍ത്തില്ല, പകരം നിര്‍ദേശം വയ്ക്കുകയാണുണ്ടായത്. എന്നാല്‍ നേതൃത്വം പറഞ്ഞത് കുര്യന്റെ പേരുകൊടുക്കാനായിരുന്നു. അന്നും ഇക്കാര്യത്തിലെ വിമുഖത താന്‍ അദ്ദേഹത്തോടു തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴത്തെ സീറ്റ് സംബന്ധിച്ചു കാര്യങ്ങള്‍ മനസിലാക്കാത്തതു കൊണ്ടാണ് കുര്യന്‍ ഇങ്ങനെയൊക്കെ പറയുന്നത്.
കുര്യനെതിരേ താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. താന്‍ പരാതി പറയുകയാണെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷനോടാണ് പറയുക. അദ്ദേഹത്തോടു നേരിട്ടു ചോദിച്ചാല്‍ കുര്യനു സത്യാവസ്ഥ മനസിലാകും.
മുന്നണി സംവിധാനം ശക്തമായി കൊണ്ടുപോകാന്‍ കൂട്ടായി എടുത്ത തീരുമാനമാണ് കേരള കോണ്‍ഗ്രസിനു സീറ്റ് വിട്ടുകൊടുക്കുക എന്നത്. കൂട്ടായെടുത്ത തീരുമാനത്തിന് അംഗീകാരം തേടുക മാത്രമാണു ചെയ്തത്. അതിനിടെയുണ്ടായ ചില തെറ്റിദ്ധാരണകള്‍ കാരണമാണു പ്രതിഷേധമുയര്‍ന്നത്.
യു.ഡി.എഫ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഇടപെട്ടത്. മുന്നണി സംവിധാനമാകുമ്പോള്‍ ഇത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."