അവസരങ്ങള്‍ പാഴാക്കരുത്
സുകൃതങ്ങളുടെ കാലങ്ങള്‍ ആഗതമാകുമ്പോള്‍ നാം പ്രതീക്ഷാപൂര്‍വം പണിയെടുക്കുന്നത് രണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ്. ഇഹലോക നന്മയും പരലോക വിജയവും. പുണ്യറമദാന്‍ ഈ ലക്ഷ്യപൂര്‍ത്തീകരണത്തിന്റെ വഴിയില്‍ അതുല്യമായ സാധ്യതകളാണ് പകരുന്നത്. ഈ സാധ്യതകളെ അതിന് വേണ്ടി ഉപയോഗിക്കാന്‍ നമുക്കാവണം. വ്രതകാലം ഭൗതികലോകത്തിന്റെ ആസക്തികളില്‍നിന്നും നിന്ദ്യതയില്‍നിന്നും സ്വശരീരത്തെ സംരക്ഷിച്ച് നാഥന്റെ സാമീപ്യം നേടാന്‍ നമ്മെ സഹായിക്കുന്നുണ്ട്. കൂടാതെ സത്‌വൃത്തരോടൊന്നിച്ചിരിക്കാന്‍ പാകത്തില്‍ നമ്മുടെ ആത്മാവിനെ ഉയര്‍ത്തിയെടുക്കുകയും ചെയ്യുന്നു. വിശപ്പിന്റെയും ദാഹത്തിന്റെയും പിടച്ചില്‍ പകരുന്ന വേദന പട്ടിണിപ്പാവങ്ങളെ കുറിച്ച് നമ്മെ ചിന്തിപ്പിക്കുന്നില്ലേ. അത് നമ്മുടെ ഹൃദയങ്ങളെയാണ് ലോലമാക്കുന്നത്. ഈ സഹജബോധം പരസ്പരം ഉദാരത കാണിക്കാനും ധര്‍മം ചെയ്യാനും നമ്മെ പ്രേരിപ്പിക്കുന്നു. ഇവിടെയാണ് വിശ്വാസവും ദൈവഭക്തിയും രൂപപ്പെടുന്നതും അത് പരലോക നന്മയായ സ്വര്‍ഗ പ്രവേശം സാധ്യമാക്കുന്നതും.
ശൗഖിയുടെ വാക്കുകളുടെ പ്രസക്തി ഇവിടെയാണ്. നോമ്പ് നിയമപരമായ ഒരു വിലങ്ങാണ്. ഉപവാസം കൊണ്ടുള്ള ശിക്ഷണവും നാഥന്റെ മുന്നിലുള്ള വണക്കവുമാണ്. സുഭിക്ഷമായ ജീവിതം നയിക്കുന്നവനും ആഡംബരപൂര്‍വം ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നവരും ഈ വിലങ്ങണിയുകയും തിരിച്ചറിവ് നേടുകയും ചെയ്യുന്നു.
അപ്രകാരം തന്നെ റമദാന്‍ കാലക്കറക്കത്തെ കുറിച്ചും അതിന്റെ നൈമിഷികതയെ കുറിച്ചും നമ്മെ ശക്തമായി ഓര്‍മപ്പെടുത്തുന്നു. ഓരോ നോമ്പുകാലവും എത്ര പെട്ടന്നാണ് നമ്മെ തേടി വരുന്നതെന്ന് സൂറത്തുല്‍ ഫുര്‍ഖാനിലൂടെ അല്ലാഹു പറയുന്നു. ചിന്തിച്ച് ഗ്രഹിക്കുകയോ കൃതജ്ഞത പ്രകാശിപ്പിക്കുകയോ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമായി രാപകലുകള്‍ മാറിമാറി വരുന്നതാക്കിയതും അവനാണ് (25.62).
ഈ യാഥാര്‍ഥ്യത്തെ ഉള്‍കൊള്ളുകയും തന്റെ ഭാഗധേയം നിര്‍വഹിക്കുന്നവരുമാണ് വിജയികള്‍. തന്റെ ആരോഗ്യത്തിലും ആയുഷ്‌കാലത്തിലും വഞ്ചിതനാവുകയും തലക്ക് മീതെ കാലം വെള്ളി പൂശുന്നത് വരെ അവിവേകിയെ പോലെ കാലം തീര്‍ക്കുകയും ചെയ്യുന്നവരാണ് ഭൂലോക വിഡ്ഢികള്‍.കവിയുടെ വാക്കുകള്‍ എത്ര ശ്രദ്ധേയമാണ്.
ഗണിക്കുകില്‍ കാലം അമൂല്യമത്രെ, അവഗണിക്കുകില്‍ നിസാരവും..., നമ്മുടെ പ്രപിതാക്കന്മാര്‍ ഇപ്രകാരം പറയാറുണ്ട് ; ഒരു നന്മയും നേടാതെ, ഒരു മഹത്വവും കൈവശപ്പെടുത്താതെ, ഒരു അറിവും സമ്പാദിക്കാതെ തന്റെ ഒരു ദിനം നീ കഴിച്ചുകടന്നാല്‍ ആ രാവിനോടും പകലിനോടും നീ പരാക്രമം കാണിച്ചിരിക്കുന്നു.
ചുരുക്കത്തില്‍ റമദാന്‍ ഉറക്കെ വിളിച്ച് പറയുന്നുണ്ട്, നന്മയുടെ ഉപാസകരേ മുന്നോട്ട് വരിന്‍, തിന്മയുടെ പ്രയോക്താക്കളേ പിറകോട്ടടിക്കുവിന്‍, അവസരം വന്നെത്തിയിരിക്കുന്നു. സന്മാര്‍ഗത്തിന്റെ വഴികള്‍ തെളിഞ്ഞിരിക്കുന്നു, പകല്‍ പാതകം ചെയ്തവരുടെ പാശ്ചാത്താപം കാത്ത് രാത്രി കാലവും രാത്രി തെറ്റ് ചെയതവരുടെ മടക്കവും കാത്ത് പകലിലും നാഥന്‍ കരം നീട്ടി ഇരിക്കുകയാണ്. കാരുണ്യവാനായ സ്രഷ്ടാവ് നമുക്ക് പൊറുത്ത് നല്‍കട്ടെ, ആയുസിലും ആരോഗ്യത്തിലും നമുക്ക് ബര്‍കത്ത് ചെയ്യട്ടെ..
( ഈജിപ്തിലെ ഔഖാഫ് മന്ത്രാലയത്തിലെ വാര്‍ത്താവിനിമയ വകുപ്പ് മേധാവിയും നിരവധി ആഗോളവേദികളിലെ നിറസാന്നിധ്യവുമാണ് ലേഖകന്‍)
മൊഴിമാറ്റം: നൗഫല്‍ ഹുദവി മേലാറ്റൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."