ഗള്‍ഫില്‍ നിന്നും അടിയന്തര വിമാന സര്‍വിസ്; പ്രവാസികളുടെ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ പൂര്‍ണമായും നിലച്ചതോടെ ദുരിതത്തിലായ പ്രവാസികള്‍ക്ക് അടിയന്തര വിമാന സര്‍വിസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും.
ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക സര്‍വിസുകള്‍ ആരംഭിക്കണമെന്ന ആവശ്യവുമായയ പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ.ജോസ് എബ്രഹാമാണ് സുപ്രിം കോടതിയെ സമീപിച്ചത്. കേസ് ഇന്ന് പരിഗണിക്കുമെന്ന് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി അറിയിച്ചു. ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ, സഊദി അറേബ്യ തുടങ്ങി ജി.സി.സി രാജ്യങ്ങളില്‍ സാധാരണക്കാരും ജോലിയും ശമ്പളവും ഇല്ലാതെയും നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. കൂടാതെ, പരീക്ഷ കഴിഞ്ഞ കുട്ടികള്‍, ഗര്‍ഭിണികള്‍, ഹുറൂബ് ഇരകള്‍, ജയില്‍ മോചിതര്‍, എക്‌സിറ്റ് കിട്ടി കാത്തിരിക്കുന്നവര്‍ തുടങ്ങി ആയിരക്കണക്കിന് ആളുകള്‍ വിമാന യാത്രക്കായി കാത്തിരിക്കുകയാണ്
ഇത്തരം ആളുകളെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയത്തോട് പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
മെയ് മാസം വരെ പ്രവാസികളെ തിരികെയെത്തിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്കെതിരേ ശക്തമായ പ്രതിഷേധമാണ് പ്രവാസികള്‍ക്കിടയില്‍. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടിനെതിരേയാണ് പ്രവാസി ലീഗല്‍ സെല്‍ സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."