ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ല; പരാതി ജില്ലാ ഭരണകൂടം തള്ളി
ചാലക്കുടി: ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ചതാണെന്നുകാട്ടി നടന്‍ ദിലീപിനെതിരേ അഡ്വ. കെ.സി. സന്തോഷ് സമര്‍പ്പിച്ച പരാതി തൃശൂര്‍ ജില്ലാ ഭരണകൂടം തള്ളി.
തൃശൂര്‍ കലക്ടറേറ്റ് എല്‍.ആര്‍ വിഭാഗം ഡെപ്യൂട്ടി കലക്ടരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നടത്തിയ സൂക്ഷ്മ പരിശോധനക്കൊടുവിലാണ് പരാതി കലക്ടര്‍ തള്ളിയത്. ലാന്റ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് അനുസരിച്ച് തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന ഡോ. എ. കൗശിഗന്‍ ഇതു സംബന്ധിച്ച് വിചാരണ നടത്തുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കിഴക്കേ ചാലക്കുടി വില്ലേജിലെ സര്‍വേ 6801, 6811 എന്നിവയില്‍പ്പെട്ട ഭൂമി നടന്‍ ദിലീപ് കൈയേറിയെന്നായിരുന്നു പരാതി. ഈ ഭൂമി ഇപ്പോഴും രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്നതായിരുന്നു അഡ്വ. കെ.സി. സന്തോഷിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഭൂമി ഇപ്പോഴും രാജകുടുംബത്തിന്റേതാണ് തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഒന്നും അന്വേഷണത്തില്‍ ലഭ്യമായില്ല. കൂടാതെ പരാതിക്കാരനോ മറ്റു കക്ഷികള്‍ക്കോ ഇതു സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കാനും സാധിച്ചില്ല.
രാജകുടുംബത്തിന്റെ വസ്തുവഹകള്‍ കൈകാര്യം ചെയ്യുന്നതിനായി അധികാരപ്പെടുത്തിയ തൃപ്പൂണിത്തുറയിലെ പാലസ് അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡ് കിഴക്കേ ചാലക്കുടി വില്ലേജ് സര്‍വേ 6801, 6811 എന്നിവയില്‍ ഭൂസ്വത്തുക്കള്‍ ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടന്‍ ദിലീപിനെതിരായ പരാതി തള്ളി ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."