പിത്താശയത്തിലെ കല്ല് മാറ്റുന്നതിനിടയിലാണ് അര്‍ബുദം ബാധിച്ച വിവരം ഡോക്ടര്‍ അറിഞ്ഞത്, പിന്നെ മരണം വരെ അവര്‍ പോരാടുകയായിരുന്നു
കോഴിക്കോട്: സ്‌നേഹം നിറഞ്ഞ പുഞ്ചിരിയുമായി ഇനി ഡോക്ടമ്മ കടന്നുവരില്ല; എല്ലാ പ്രതിസന്ധികളെയും മനക്കരുത്തിന്റെ ബലത്തില്‍ ചിരിച്ച് തോല്‍പ്പിച്ച ആത്മധൈര്യത്തിന്റെ പര്യായമായിരുന്ന ഡോ.പി.എ ലളിതയുടെ വിയോഗം ലോക്ക് ഡൗണ്‍ കാലത്ത് കോഴിക്കോടിന് വിങ്ങലായി.
പലതവണ കീഴടക്കാനെത്തിയ അര്‍ബുദത്തെ പുഞ്ചിരിയോടെ അവര്‍ നേരിട്ടു. രോഗികള്‍ക്ക് മരുന്നായി മനക്കരുത്തും ആത്മവിശ്വാസവും പകര്‍ന്നുനല്‍കി.
ജനിച്ചത് ഇവിടെയല്ലെങ്കിലും കോഴിക്കോടിന്റെ മകളായി അവര്‍ ജീവിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ശുഭാപ്തി വിശ്വാസമായിരുന്നു ഡോക്ടറുടെ കൈമുതല്‍. തികഞ്ഞ പ്രതീക്ഷയോടെ
കാര്യങ്ങള്‍ കാണുകയുമായിരുന്നു ഡോ. പി.എ ലളിതയുടെ രീതി. അതിന് ഒരിക്കലും മാറ്റം വന്നില്ല.
തന്നെ ഹൃദയപൂര്‍വം സ്വീകരിച്ച കോഴിക്കോടിന് അതേ മാനസിക വികാരത്തോടെ സഹായങ്ങള്‍ ചെയ്യുകയായിരുന്നു ഡോ. ലളിത.
കോഴിക്കോടിന്റെ ഹൃദയത്തെയും സ്നേഹം കൊണ്ട് ശുശ്രൂഷിച്ചു. എന്നും പോരാട്ടങ്ങളുടേതായിരുന്നു ഡോക്ടറുടെ ജീവിതം. ഒരു സാധാരണ തമിഴ് കുടുംബത്തില്‍ നിന്ന് മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ന്യൂറോളജി സെന്ററിന്റെ എം.ഡിയായി ഡോ. പി എ ലളിത ഉയര്‍ന്നതിന് പിന്നില്‍ കരുത്തുള്ള ചുവടുവെപ്പുകള്‍ തന്നെയുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്നേ കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ആലപ്പുഴയിലെ തമിഴ് കുടുംബത്തിലാണ് ജനനം. അച്ഛന്‍ അയ്യാവു ആചാര്യ ടെലഫോണ്‍ ഇന്‍സ്‌പെക്ടറായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദ്യാഭ്യാസം. ടീച്ചര്‍ അല്ലെങ്കില്‍ പത്രപ്രവര്‍ത്തകയാകണമെന്ന മോഹവുമായി ചെറുപ്പം കടന്നുപോയി. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കണം അതിനുള്ള ജോലി ചെയ്യണം അതുമാത്രമായിരുന്നു മനസില്‍. അച്ഛന്‍ പ്രചോദനമായപോള്‍ ആതുരസേവന രംഗത്തേയ്ക്ക് കടന്നുവന്നു. വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ഡോ. വി.എന്‍ മണിയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം കിട്ടിയതോടെ തനി കോഴിക്കോടുകാരിയായി.
തന്നെ ഇന്നുകാണുന്ന ഡോക്ടറാക്കി തീര്‍ത്തത് കോഴിക്കോട്ടെ സ്‌നേഹമാണെന്ന് ലളിത എപ്പോഴും പറയും. നഗരത്തിലെ സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു തുടക്കം. പിന്നീട് നടക്കാവില്‍ 25 കട്ടിലുകളുള്ള ആശുപത്രി തുടങ്ങി. 1983ലായിരുന്നു അത്. പത്തുവര്‍ഷത്തിനുശേഷം എരഞ്ഞിപ്പാലത്തേയ്ക്ക് തട്ടകംമാറ്റി. പതിയെ പതിയെ ഇന്നുകാണുന്ന മലബാര്‍ ഹോസ്പിറ്റല്‍ ആന്റ് ന്യൂറോളജി സെന്ററായി വളര്‍ന്നു.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിത്താശയത്തില്‍ രൂപപ്പെട്ട കല്ല് ശസ്ത്രക്രിയയിലൂടെ മാറ്റുന്നതിനിടയിലാണ് അര്‍ബുദം തന്നെ ബാധിച്ച വിവരം ഡോ. ലളിത അറിഞ്ഞത്. അണ്ഡാശയത്തിലായിരുന്നു അര്‍ബുദം. ധൈര്യത്തോടെ രോഗത്തെ നേരിട്ടു.
ക്യാന്‍സര്‍ പ്രതിരോധത്തിനുള്ള ബോധവല്‍ക്കരണത്തിന് കൂടുതല്‍ സമയം മാറ്റിവെച്ച് സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ഇറങ്ങി.
ആശുപത്രിയിലെത്തുന്ന നിരവധി പേര്‍ക്ക് താങ്ങും തണലുമായിരുന്നു അവര്‍.
അര്‍ബുദത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങളാണ് ഡോ. ലളിതയെ വേറിട്ടു നിര്‍ത്തിയത്. സ്വന്തം ജീവിതത്തെ തുറന്നുകാട്ടിയായിരുന്നു ബോധവല്‍ക്കരണ പ്രവര്‍ത്തനം. അര്‍ബുദത്തിനെതിരെ രണ്ട് വര്‍ഷം മുമ്പ് 'ക്യാന്‍സര്‍ ഫ്രീ കാലിക്കറ്റ്' എന്ന സംഘടന രൂപീകരിച്ചു. ഇതിലൂടെ പലയിടത്തായി ബോധവത്കരണ ക്‌ളാസും പ്രചോദന ക്‌ളാസുകളും എടുത്തു. മുടി നഷ്ടപ്പെട്ട രോഗികള്‍ക്കായി വിവിധ ഇടങ്ങളില്‍ നിന്നായി മുടി ശേഖരിച്ച് എത്തിച്ചു. ക്യാന്‍സറിനെ അതിജീവിച്ചവരുടെ സംഘടനായ 'പുനര്‍ജനി'ക്കൊപ്പംചേര്‍ന്ന് ക്യാന്‍സര്‍രോഗത്തിനെതിരെ പ്രവര്‍ത്തിച്ചു.
അര്‍ബുദരോഗികള്‍ക്ക് കുറഞ്ഞ ചെലവിലാണ് ലളിതയുടെ ഉടമസ്ഥതയിലുള്ള മലബാര്‍ ആശുപത്രി ചികിത്സ ഒരുക്കുന്നത്. ക്യാന്‍സര്‍ മരുന്നുകള്‍ വിലക്കുറവില്‍ നല്‍കുന്നു. ആശുപത്രിയ്ക്ക് സ്വന്തമായുള്ള 'ഏയ്ഞ്ചല്‍ ചാരിറ്റബിള്‍ സൊസൈറ്റി' പാവപ്പെട്ടവര്‍ക്ക് വലിയ തുണയാണ്.
ആതുരശുശ്രൂഷയുടെ കാര്യത്തില്‍ മാത്രമല്ല, കോഴിക്കോടിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഉയര്‍ച്ചയില്‍ കഴിയുന്നത്ര പങ്കുവഹിക്കാനാണ് അവര്‍ ഉത്സാഹിച്ചത്.
കോഴിക്കോടിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ചടങ്ങുകളിലെല്ലാം ഡോ. പി.എ ലളിത നിത്യ സാന്നിധ്യമായിരുന്നു. അവരുടെ ഉപദേശങ്ങള്‍, നിര്‍ദേശങ്ങള്‍, നര്‍മം നിറഞ്ഞ വാക്കുകള്‍ കോഴിക്കോട് നിരന്തരം ഏറ്റുവാങ്ങി. മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ മുതല്‍ റിപ്പോര്‍ട്ടര്‍വരെയുള്ളവരുമായി സുഹൃദ് ബന്ധം നിലനിര്‍ത്തി.
കോഴിക്കോട്ടെ എല്ലാ സാംസ്‌കാരിക പരിപാടികളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉള്ളപ്പോഴും ഇതിന് തടസ്സമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."