കരിപ്പൂര്‍ വെടിവയ്പിന് രണ്ടുവര്‍ഷം: വിചാരണ കാത്ത് കേസ് കോടതിയില്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവയ്പ് സംഭവത്തിന് രണ്ടു വര്‍ഷമാവുമ്പോഴും കേസ് വിചാരണ കാത്ത് കോടതിയില്‍. 2016 ജൂണ്‍ 9ന് രാത്രി കേന്ദ്രസുരക്ഷാ സേനയും അഗ്നിശമന സേനാംഗങ്ങളും തമ്മിലുണ്ടായ കൈയാങ്കളിയാണ് വെടിവയ്പില്‍ കലാശിച്ചത്. സംഭവത്തില്‍ സി.ഐ.എസ്.എഫ് സബ്ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയുടെ കൈവശമുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും വെടിയേറ്റ് സി.ഐ.എസ്.എഫ് ജവാന്‍ എസ്.എസ് യാദവ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ വ്യാപക അക്രമ സംഭവങ്ങളുണ്ടായി. മണിക്കൂറുകളോളം സര്‍വിസ് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷവും ഒരുവര്‍ഷത്തിലേറെ സി.ഐ.എസ്.എഫ് സബ്ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരി കരിപ്പൂരില്‍ ജോലി ചെയ്തിരുന്നു.
അഗ്നിരക്ഷാ സേനയിലെ സൂപ്പര്‍വൈസര്‍ അജികുമാറിനെ കാര്‍ഗോ ഗേറ്റില്‍ സി.ഐ.എസ്.എഫ് എസ്.ഐ സീതാറാം ചൗധരി ദേഹപരിശോധന നടത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും വെടിവയ്പിലും കലാശിച്ചത്. സംഘര്‍ഷം ഉടലെടുത്തപ്പോള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് യാദവിന് വെടിയേറ്റതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എസ്.എസ്.യാദവിന്റെ തലയ്ക്കകത്ത് നിന്ന് കണ്ടെടുത്ത ഒരു വെടിയുണ്ട സീതാറാം ചൗധരിയുടെ പിസ്റ്റളില്‍ നിന്നുള്ളതാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.
സീതാറാം ചൗധരി മൂന്ന് തവണ വെടിവച്ചതായാണ് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ചൗധരിയുടെ പിസ്റ്റളും എസ്.എസ്.യാദവിന്റെ ഇന്‍സാസ് റൈഫിളും ഇവയില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളടങ്ങിയ മാഗസീനുകളും പൊലിസിന് അന്വേഷണത്തിന്റെ ഭാഗമായി സി.ഐ.എസ്.എഫ് കൈമാറിയിരുന്നു. എന്നാല്‍ മറ്റു രണ്ട് വെടിയുണ്ടകളുടെ കാര്യത്തില്‍ അവ്യക്തയായിരുന്നു. തോക്ക് ബാലസ്റ്റിക് പരിശോധനക്ക് കൊച്ചിയിലെത്തിച്ചിരുന്നെങ്കിലും എത്ര റൗണ്ട് വെടി പൊട്ടിയെന്ന് വ്യക്തമായിരുന്നില്ല. ഒരു വര്‍ഷം മുന്‍പാണ് പൊലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഐ.പി.സി.304 വകുപ്പ് പ്രകാരം കരുതിക്കൂട്ടിയല്ലാത്ത നരഹത്യ, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലിസ് കേസെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."