11 ലക്ഷവുമായി മുങ്ങിയ നോട്ടിരട്ടിപ്പ് സംഘത്തിലെ രണ്ടുപേരെ പൊലിസ് പിടികൂടി
അമ്പലപ്പുഴ: 11 ലക്ഷവുമായി മുങ്ങിയ നോട്ട് ഇരട്ടിപ്പ് സംഘത്തിലെ രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം പത്തിയൂര്‍ ഗീതാഭവനില്‍ ഹരി (44), കോട്ടയം കറുകച്ചാല്‍ കങ്ങഴ മളിയേക്കല്‍ ഷാജി (44) എന്നിവരെയാണ് അമ്പലപ്പുഴ സി ഐ. എസ് സാനി, എസ് പ്രതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എസ് പി, ഡി വൈ എസ് പി എന്നിവരുടെ നിര്‍ദ്ദേശാനുസരണം അറസ്റ്റ് ചെയ്തത്. തകഴി കുറവന്‍കുളംവീട്ടില്‍ ചാക്കോ വര്‍ഗ്ഗീസിന്റെ കയ്യില്‍ നിന്നാണ് സംഘം 11 ലക്ഷവുമായി മുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കൊടുക്കുന്ന പണത്തിന്റെ ഇരട്ടി കള്ളനോട്ട് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഹരി, ഷാജി എന്നിവര്‍ ഉള്‍പ്പെട്ട നാലംഗസംഘം ചാക്കോ വര്‍ഗ്ഗീസില്‍ നിന്ന് പണം തട്ടിയത്.
ഗള്‍ഫിലെ മിലിട്ടറി കിച്ചണില്‍ ജോലി നോക്കിയിരുന്ന വര്‍ഗ്ഗീസ് നാട്ടിലെത്തിയശേഷം അനധികൃത പണമിടപാട് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചു. സ്ഥാപനം പൊട്ടിയതോടെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. തുടര്‍ന്ന് റിയല്‍എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടങ്കിലും ഇതിലും നഷ്ടം വന്നു. കരുനാഗപ്പള്ളിയിലെ പുതിയകാവില്‍ വെച്ച് പരിചയപ്പെട്ട ഷാജിയോട് ഈ കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ ഷാജി നിസാറെന്നയാളെ പരിചയപ്പെടുത്തി. തുടര്‍ന്ന് ഷാജിയും നിസാറും ഹരിയും ചാക്കോ വര്‍ഗ്ഗീസുമായി ഭരണങ്ങാനം പള്ളിക്ക് സമീപത്തെ ഷാപ്പിലെത്തി മദ്യപിച്ചു. ഷാപ്പില്‍ നല്‍കുന്നതിനായി പഴയ നോട്ട് എടുത്തപ്പോള്‍ ഏതോ ലായനിയില്‍ മുക്കി പുതിയ നോട്ടാക്കി നല്‍കി ചാക്കോ വര്‍ഗ്ഗീസിനെ വിശ്വസിപ്പിച്ചു.
ബാങ്കില്‍ മാറാവുന്ന നോട്ടാണെന്നും ആര്‍ക്കും തിരിച്ചറിയില്ലെന്നും ചാക്കോ വര്‍ഗ്ഗീസിനെ സംഘം പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്നാണ് വ്യാഴാഴ്ച സംഘാംഗങ്ങള്‍ തകഴിയിലെ ചാക്കോ വര്‍ഗ്ഗീസിന്റെ വീട്ടിലെത്തിയത്.
ആഡംബരകാറിലെത്തിയ സംഘം ചാകോയെ പാലുവാങ്ങാന്‍ കടയില്‍ പറഞ്ഞയച്ചശേഷം പണവുമായി മുങ്ങുകയായിരുന്നു.
സംഘത്തിലെ ഒന്നും രണ്ടും പ്രതികളായ കരുനാഗപ്പള്ളി സ്വദേശി നിസാര്‍, ഷിബു എന്നിവര്‍ ഒളിവിലാണ്. അറസ്റ്റിലായ ഷാജി കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹന മോഷണ കേസിലും പ്രതിയാണ്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."