കൊവിഡ് റാപ്പിഡ് ടെസ്റ്റ് വൈകുന്നു; ആരോഗ്യരംഗത്ത് ആശങ്ക
കൊച്ചി: റാപ്പിഡ് ടെസ്റ്റ് വൈകുംതോറും ആരോഗ്യരംഗത്ത് ആശങ്ക വര്‍ധിക്കുകയാണ്. നിലവില്‍ ഏകദേശം 4,500 രൂപ ചെലവുവരുന്ന പി.സി.ആര്‍ ടെസ്റ്റിലൂടെയാണ് കൊവിഡ്-19 സ്ഥിരീകരിക്കുന്നത്. ഈ ടെസ്റ്റ് എല്ലാവരിലും പരീക്ഷിക്കുക പ്രായോഗികമല്ല. അത് നേരിടാനാണ് റാപ്പിഡ് ടെസ്റ്റ് അടിയന്തരമായി നടത്തണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചത്. 1,000 രൂപക്കടുത്ത് മാത്രമേ ഈ ടെസ്റ്റിന് ചെലവുവരുകയുള്ളൂ.
റാപ്പിഡ് ടെസ്റ്റ് നടത്താനാവശ്യമായ കിറ്റുകള്‍ രാജ്യത്ത് വേണ്ടത്ര ലഭ്യമല്ലെന്നത് പ്രതിസന്ധിയാണ്. കേരളത്തില്‍ ലഭിച്ച കിറ്റുകള്‍ ഉപയോഗിച്ച് ചില സ്ഥലങ്ങളില്‍ ടെസ്റ്റ് നടത്തിയിരുന്നെങ്കിലും ഇത് തുലോം കുറവാണ്. അടിയന്തരമായി റാപ്പിഡ് ടെസ്റ്റ് നടത്താന്‍ സാധിച്ചില്ലെങ്കില്‍ ലോക്ക് ഡൗണിലൂടെ നേടിയെടുക്കാനായ രോഗപ്രതിരോധം വൃഥാവിലാകുമെന്ന് ഡോ. രാജീവ് ജയദേവന്‍ (ഐ.എം.എ) മുന്നറിയിപ്പ് നല്‍കുന്നു.
രോഗികളില്‍ നിന്ന് നേരിട്ട് രോഗം ബാധിച്ചവരുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിനപ്പുറം രോഗവ്യാപനം അറിയാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് 19 സ്ഥിരീകരണ പരിശോധനയല്ലെങ്കിലും ആന്റിബോഡിയുടെ നില മനസിലാക്കി വൈറസ് ബാധ തിരിച്ചറിയാവുന്ന പ്രാഥമിക പരിശോധന എന്ന നിലയിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) റാപ്പിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചത്.
റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ഒരാഴ്ച മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായത്. അഞ്ചു ലക്ഷം കിറ്റുകള്‍ ഉപയോഗിച്ച് ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയ ഇടങ്ങളില്‍ സമൂഹവ്യാപനമുണ്ടോ എന്നറിയാന്‍ എല്ലാവര്‍ക്കും ടെസ്റ്റ് നടത്താനായിരുന്നു ശ്രമം. ചൈനയില്‍ നിന്നാണ് പ്രധാനമായും ടെസ്റ്റ് കിറ്റുകള്‍ എത്തേണ്ടത്. അവിടെ വൈറസ് ബാധ നിയന്ത്രണവിധേയമാക്കുന്നതില്‍ റാപ്പിഡ് ടെസ്റ്റ് നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ഈ കിറ്റില്‍ ഒരു മെഷിനും ഒരു പ്രത്യേകതരം ദ്രാവകം, രക്തമെടുക്കാനുള്ള ഉപകരണം എന്നിവയാണുള്ളത്. രക്തം നല്‍കിയാല്‍ 10 മുതല്‍ 30 മിനിറ്റുകള്‍ക്കകം ഫലമറിയാനാകും.
പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരെയും ഇതുവഴി കണ്ടെത്താനാവും. പ്രത്യേകിച്ച് ജനസാന്ദ്രതയേറിയ സ്ഥലങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. കാര്യങ്ങള്‍ കൈവിട്ടുപോകുംമുന്‍പ് ഈ കിറ്റുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യരംഗത്തുള്ളവര്‍.
അതിനിടെ, ചൈനയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കയച്ച 50,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വഴിമാറി അമേരിക്കയിലെത്തിയതായി അവിടുത്തെ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനയില്‍ വിരലിലെണ്ണാവുന്നത്ര കമ്പനികള്‍ മാത്രമാണ് ഈ കിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്നത്. ഇവയ്ക്ക് ലോകമാകെ ആവശ്യമുയര്‍ന്നതോടെയാണ് ലഭ്യതയില്‍ തടസം നേരിട്ടിരിക്കുന്നത്.
കേരളത്തില്‍ ഒരു ലക്ഷം കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.
പ്രധാനമായും ആരോഗ്യപ്രവര്‍ത്തകരിലും സമൂഹവ്യാപനം സംശയിക്കുന്നയിടങ്ങളിലും പൊലിസ്, തദ്ദേശ സ്ഥാപന ജീവനക്കാര്‍, കമ്യൂണിറ്റി കിച്ചന്‍ വളന്റിയര്‍മാര്‍, റേഷന്‍കട നടത്തിപ്പുകാര്‍ എന്നിവര്‍ക്കുമാണ് തുടക്കത്തില്‍ ടെസ്റ്റ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."