സമൂഹ അടുക്കളകള്‍ വഴി പ്രതിദിനം വിതരണം ചെയ്യുന്നത് ഒന്നര ലക്ഷത്തോളം ഭക്ഷണപ്പൊതികള്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ തുടങ്ങിയതു മുതല്‍ ആഹാരത്തിനു ബുദ്ധിമുട്ടുന്നവര്‍ക്കായി ആരംഭിച്ച സമൂഹ അടുക്കളകള്‍ വഴി സംസ്ഥാനത്ത് പ്രതിദിനം വിതരണം ചെയ്യുന്നത് ഒന്നര ലക്ഷത്തോളം ഭക്ഷണപ്പൊതികള്‍. ഇതുവരെ സംസ്ഥാനത്ത് വിതരണം നടത്തിയത് 24 ലക്ഷത്തിലധികം ഭക്ഷണപ്പൊതികളാണ്.
941 ഗ്രാമപഞ്ചായത്തുകളിലായി 1,031 സമൂഹ അടുക്കളകളാണ് സജ്ജമാക്കിയത്. ഇവയിലൂടെ പ്രതിദിനം ശരാശരി 1,41,430 എന്ന കണക്കില്‍ ഏകദേശം 24,04,310 ഭക്ഷണപ്പൊതികള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തിട്ടുണ്ട്. ഇതില്‍ 21,71,726 എണ്ണം സൗജന്യമായാണ് വിതരണം ചെയ്തത്. ഭൂരിഭാഗം അടുക്കളകള്‍ക്കും വേണ്ട സാധനങ്ങള്‍ സന്നദ്ധ സഹായമായാണ് പഞ്ചായത്തുകള്‍ സമാഹരിക്കുന്നത്.
ജനങ്ങള്‍ക്കു ന്യായവിലയ്ക്ക് ഭക്ഷണം നല്‍കാന്‍ 134 ജനകീയ ഹോട്ടലുകളും ഗ്രാമപ്രദേശങ്ങളില്‍ മാത്രം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇവിടെ 20 രൂപയ്ക്കാണ് ഊണ് നല്‍കുന്നത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു പഞ്ചായത്തുകള്‍ രൂപീകരിച്ച 48,817 അടിയന്തര പ്രതികരണ ടീം അംഗങ്ങളാണ് ഭക്ഷണെപ്പാതികളും മരുന്നും മറ്റു അവശ്യസാധനങ്ങളും ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നത്.
പതിനയ്യായിരത്തോളം ജീവനക്കാര്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് വകുപ്പിനെ സര്‍ക്കാര്‍ അവശ്യ സര്‍വിസായി പ്രഖ്യാപിച്ചിരുന്നു. രോഗവ്യാപനമുണ്ടായാല്‍ തടയാന്‍ വിപുലമായ മുന്‍കരുതലുകളാണ് സംസ്ഥാനത്തെ പഞ്ചായത്തുകള്‍ തുടക്കം മുതല്‍ കൈക്കൊണ്ടത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന രണ്ടു ലക്ഷത്തോളം പേര്‍ പുറത്തിറങ്ങി സമൂഹവുമായി ഇടപെടുന്നില്ല എന്നുറപ്പാക്കാനും അവരെ നിരീക്ഷിക്കാനുമായി 15,898 വാര്‍ഡുതല നിരീക്ഷണ കമ്മിറ്റികളെയാണ് നിയോഗിച്ചിരുന്നത്. 15,962 വാര്‍ഡുതല ഹെല്‍ത്ത് കമ്മിറ്റികളും 15,962 ആരോഗ്യ ജാഗ്രതാ സമിതികളും വയോജനങ്ങള്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ അധിവസിക്കുന്ന സങ്കേതങ്ങളിലെ കുടുംബങ്ങള്‍, തീരദേശവാസികള്‍, ചേരിനിവാസികള്‍, കെയര്‍ ഹോം നിവാസികള്‍ തുടങ്ങി പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളെ നിശ്ചിത ഇടവേളകളില്‍ സന്ദര്‍ശിച്ചു രോഗത്തെ ജാഗ്രതയോടെ പ്രതിരോധിക്കാന്‍ സജീവമായ ഇടപെടല്‍ നടത്തുന്നുണ്ട്.
ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ്-19 ഹോട്ട്‌സ്‌പോട്ട് ആകാന്‍ സാധ്യതയുള്ള 67 പഞ്ചായത്തുകളില്‍ ഏത് അത്യാവശ്യ സാഹചര്യത്തെയും നേരിടാന്‍ ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള കൊവിഡ് കെയര്‍ സെന്ററുകള്‍ക്കും ഐസൊലേഷന്‍ സെന്ററുകള്‍ക്കും പുറമെ കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിപ്പിക്കാന്‍ അനുയോജ്യമായ 2,378 കെട്ടിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ അനുയോജ്യമായ 1,383 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ ഓഫിസര്‍ക്കു പുറമെ 204 പേരെ അധികമായി പഞ്ചായത്തുകള്‍ തനതു ഫണ്ടില്‍ നിന്ന് ശമ്പളം നല്‍കി നിയോഗിച്ചിട്ടുണ്ട്. ഇവ കൂടാതെ അവശ്യഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ പഞ്ചായത്ത് പരിധിയിലുള്ള 3,396 ഡോക്ടര്‍മാര്‍, 5,851 നഴ്‌സുമാര്‍, 4,086 പാരാമെഡിക്കല്‍ ജീവനക്കാര്‍, 1,280 ലാബ് ടെക്‌നീഷ്യന്മാര്‍, 3,410 മെഡിക്കല്‍ വിദ്യാര്‍ഥികള്‍, 7,730 പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ റിസര്‍വ് പട്ടികയും തയാറാക്കിയിട്ടുണ്ട്. നിലവിലുള്ള ലേബര്‍ ക്യാംപുകള്‍ കൂടാതെ അതിഥി തൊഴിലാളികളെ പാര്‍പ്പിക്കാന്‍ 20 താല്‍ക്കാലിക ലേബര്‍ ക്യാംപുകള്‍ സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലുള്ള 29,749 അതിഥി തൊഴിലാളി സെറ്റില്‍മെന്റുകളില്‍ സമൂഹ അടുക്കള പ്രവര്‍ത്തിപ്പിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഗ്രാമ പഞ്ചായത്തുകള്‍ ഒരുക്കിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."