വിമാന കമ്പനികള്‍ ടിക്കറ്റ് റീഫണ്ടിങ് അനുവദിക്കണം : ഖത്തര്‍ കെ.എം.സി.സി
കോഴിക്കോട്: പ്രവാസികള്‍ നാട്ടിലേക്കു തിരിച്ചു വരാന്‍ വന്‍ തുക മുടക്കി ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ അവര്‍ക്ക് ടിക്കറ്റ് കേന്‍സല്‍ ചെയ്ത് പണം തിരികെ നല്‍കാന്‍ വിസമ്മതിക്കുകയാണ് വിമാനക്കമ്പനികള്‍. ഇപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം മാത്രം നല്‍കിയിരിക്കുന്നു. ഇങ്ങിനെ യാത്ര ചെയ്യുന്നതിന് യാത്രാ തിയ്യതിയില്‍ എത്രയാണോ നിരക്ക് അതിന്റെ വ്യത്യാസവും യാത്രക്കാരന്‍ നല്‍കണം. ഫലത്തില്‍ വലിയൊരു തുക വിമാനക്കമ്പനികളില്‍ മുന്‍കൂറായി വാങ്ങുന്നു. മാത്രവുമല്ല, പ്രവാസികളുടെ പല കുടുംബങ്ങളും സ്‌കൂള്‍ വേനലവധിയിലും മറ്റുമായി ഏപ്രില്‍, മേയ് മാസങ്ങളില്‍ വിദേശത്തേക്കും തിരിച്ചും ടിക്കറ്റ് എടുത്തവരാണ്. അവരെ സംബന്ധിച്ചിടത്തോളം യാത്ര ചെയ്യുന്നത് അപ്രയോഗികമായതിനാല്‍ ഈ തുക നഷ്ടപ്പെടുന്നതാണ്.
പല പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടമോ, വരുമാനത്തില്‍ ഗണ്യമായ കുറവോ വരുന്ന സാഹചര്യത്തിലും കുടുംബത്തിന്റെ യാത്ര സാധിക്കില്ല. പ്രതിസന്ധി തീര്‍ന്ന് യാത്ര ചെയ്യുന്ന ഓരോ ഗള്‍ഫ് പ്രവാസിക്കും ഇത്തരത്തില്‍ 16000- 18000 നും ഇടയില്‍ രൂപ നഷ്ടപ്പെടുമെന്നും കണക്കാക്കുന്നു. നേരത്തെ കാന്‍സല്‍ ചെയ്യുന്നതിന് പോലും പണം ഈടാക്കില്ലെന്ന് സര്‍ക്കാറുകള്‍ക്ക് ഉറപ്പ് നല്‍കിയ വിമാനക്കമ്പനികളാണ് ഇത്തരം പ്രവര്‍ത്തികളിലൂടെ പ്രവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി കൈകൊള്ളണമെന്ന് ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി കേന്ദ്ര കേരള സര്‍കാറുകളോട് അഭ്യര്‍ത്ഥിച്ചു.
കോറോണ എന്ന മഹാമാരി ഗള്‍ഫ് നാടുകളിലടക്കമുള്ള വിദേശ നാടുകളില്‍ പ്രതീക്ഷച്ചതിലുമധികം ദുരിതം വിതച്ച് കൊണ്ടിരിക്കുകയാണ് ഗള്‍ഫ് നാടുകളില്‍ ഉപജീവനാര്‍ത്ഥം ജോലി ചെയ്യുന്ന ഭൂരിപക്ഷം പേരും ഇടുങ്ങിയ ജീവിത സാഹചര്യത്തില്‍ ജീവിക്കുന്നവരായതിനാല്‍ സാമൂഹിക അകലം പാലിക്കപ്പെടാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് കഴിയുന്നത്.
ഇത് രോഗം പരക്കാന്‍ സാധ്യതയേറ്റുന്നു. ഇത്തരം പ്രവാസികള്‍ക്ക് അടിയന്തിരമായി സൗകര്യപ്രദമായ താമസ സൗകര്യം ഏര്‍പ്പെടുത്തണമെന്നും കൊറോണാ വ്യാപനം തടയുന്ന കാര്യത്തില്‍ നമ്മുടെ രാജ്യവും, കേരളാ സംസ്ഥാനവും മുന്നിലാണെന്നത് അന്താരാഷ്ട്ര സമൂഹം പോലും സാക്ഷ്യപ്പെടുത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കണമെന്നും അതിനായി കപ്പല്‍ സര്‍വീസ് അടക്കം പരിഗണിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ് എ എം ബഷീര്‍, ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, ട്രഷറര്‍ കെ പി മുഹമ്മദലി എന്നിവര്‍ ഈമെയില്‍ സന്ദേശത്തിലൂടെ ഈ കാര്യം ഇന്ത്യന്‍ പ്രധാന മന്ത്രി, വ്യോമായന മന്ത്രി, കേരള മുഖ്യമന്ത്രി, വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവരെ അറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."