ശര്‍മിഷ്ഠ പറഞ്ഞത് ശരിയായി; പ്രണബിന്റെ സന്ദര്‍ശനം വിവാദത്തില്‍
നാഗ്പൂര്‍:ആര്‍.എസ്.എസ് ആസ്ഥാനത്തെ പരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കാന്‍ തീരുമാനിച്ചതിനെതിരേ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയുടെ പ്രതികരണം യാഥാര്‍ഥ്യമായി. താങ്കള്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനപ്പുറം ആര്‍.എസ്.എസിന് നുണപ്രചാരണങ്ങള്‍ നടത്താന്‍ ഒരു അവസരം നല്‍കരുതെന്നായിരുന്നു ശര്‍മിഷ്ഠ പറഞ്ഞത്. ഇത് യാഥാര്‍ഥ്യമായി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നാഗ്പൂരില്‍ പ്രണബ് പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ആര്‍.എസ്.എസ് നുണപ്രചാരണം തുടങ്ങിക്കഴിഞ്ഞതായാണ് വാര്‍ത്ത.
ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രണബ് മുഖര്‍ജി തൊപ്പിയിട്ട് പരേഡിന് സല്യൂട്ട് ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രണബ് മുഖര്‍ജി ആര്‍.എസ.്എസ് ആദര്‍ശത്തെ പിന്തുണയ്ക്കുമെന്ന് ആരും കരുതുന്നില്ല. ആര്‍.എസ.്എസ് പോലും അങ്ങനെ കരുതുന്നുണ്ടാകില്ല. അദ്ദേഹം നാഗ്പൂരില്‍ നടത്തുന്ന പ്രസംഗം ചിലപ്പോള്‍ മറന്നുപോയേക്കാം. എന്നാല്‍ ആ ദൃശ്യങ്ങള്‍ എക്കാലവും ബാക്കിയാകും.താങ്കള്‍ അവിടെ പറയുന്നത് എന്തായാലും അത് വിസ്മരിക്കപ്പെടുകയും താങ്കള്‍ അവിടെ നില്‍ക്കുന്ന ചിത്രങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള നുണകളോടെ പ്രചരിപ്പിക്കാന്‍ കഴിയുമെന്നുമായിരുന്നു മകളുടെ അഭിപ്രായം.
പരിപാടി കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ശര്‍മിഷ്ഠ പറഞ്ഞതുപോലെ പ്രണബിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള നുണപ്രചാരണങ്ങള്‍ ആര്‍.എസ്.എസ് തുടങ്ങി.താന്‍ പറഞ്ഞത് മുഴുവന്‍ സത്യമായി എന്നായിരുന്നു വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ശര്‍മിഷ്ഠയുടെ ട്വീറ്റ്.പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രണബിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാത്തിനും താന്‍ നാഗ്പൂരില്‍ മറുപടി പറയുമെന്നായിരുന്നു പ്രണബ് പ്രതികരിച്ചത്.നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് അവസാന വര്‍ഷ സംഘ ശിക്ഷ വര്‍ഗ് പാസിങ് ഔട്ട് പരിപാടിയിലാണ് മുഖ്യാതിഥിയായി പ്രണബ് എത്തിയത്. ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്നായിരുന്നു അദ്ദേഹം സന്ദര്‍ശനത്തിന് ശേഷം വ്യക്തമാക്കിയത്.എന്നാല്‍ അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഇന്ത്യയെ മതത്തിന്റെ പേരില്‍ നിര്‍വചിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ മോര്‍ഫ് ചിത്രത്തിനു പിന്നില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തികളാണെന്നും ആര്‍.എസ്.എസ് ഇതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും സംഘടനാ നേതാവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."